

ബോളിവുഡ് സിനിമാ മേഖലയിലെ പിന്നണി പ്രവർത്തകർ ഗുരുതരമായ തൊഴിൽ പ്രതിസന്ധി നേരിടുകയാണെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് അധ്യക്ഷൻ ബി.എൻ. തിവാരി. തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്ത പക്ഷം സിനിമാ നിർമാണ പ്രവർത്തനങ്ങൾ തന്നെ നിലച്ചുപോകുന്ന സാഹചര്യം ഉണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തൊഴിലില്ലായ്മ, കുറഞ്ഞ വേതനം, അതിരുവിട്ട ജോലിസമയം എന്നിവയാണ് മേഖലയിലെ പ്രധാന പ്രശ്നങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
സിനിമാ മേഖലയിലെ നിരവധി തൊഴിലാളികൾക്ക് കൃത്യസമയത്ത് പ്രതിഫലം ലഭിക്കാത്ത അവസ്ഥ നിലനിൽക്കുന്നുവെന്നും, പലപ്പോഴും മാസങ്ങളോളം കാത്തിരുന്ന ശേഷമാണ് വേതനം ലഭിക്കുന്നതെന്നും തിവാരി പറഞ്ഞു. പ്രത്യേകിച്ച് ഒടിടി പ്ലാറ്റ്ഫോമുകൾക്കായി നിർമ്മിക്കുന്ന ചില പ്രൊജക്റ്റുകളിൽ പ്രതിഫലം ലഭിക്കുമ്പോഴേക്കും നിർമാണ കമ്പനിയെയോ നിർമാതാക്കളെയോ കണ്ടെത്താൻ പോലും കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നുവെന്നാരോപിച്ചു. ദിവസത്തിൽ 20 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യേണ്ട അവസ്ഥയിലേക്ക് തൊഴിലാളികളെ തള്ളിവിടുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ ഇത്രയും ദൈർഘ്യമേറിയ ജോലി സമയത്തിനുപോലും അടിസ്ഥാനപരമായ എട്ട് മണിക്കൂർ ജോലിക്കുള്ള വേതനം പോലും പലർക്കും ലഭിക്കുന്നില്ലെന്നാണ് ആരോപണം. ജീവിതച്ചെലവുകൾ നിറവേറ്റാൻ മറ്റ് വഴികളില്ലാത്തതിനാൽ കുറഞ്ഞ പ്രതിഫലത്തിലും ജോലി സ്വീകരിക്കാൻ തൊഴിലാളികൾ നിർബന്ധിതരാകുന്നതായും അദ്ദേഹം പറഞ്ഞു.
ഒടിടി പ്ലാറ്റ്ഫോമുകളുടെ വളർച്ചയ്ക്ക് പിന്നാലെ കൂടുതൽ സിനിമകളും സീരിസുകളും വേഗത്തിൽ നിർമ്മിക്കാനുള്ള പ്രവണത ശക്തമായതായി തിവാരി അഭിപ്രായപ്പെട്ടു. ഇതുമൂലം സിനിമകളുടെയും സീരീസുകളുടെയും ഗുണനിലവാരത്തെ ബാധിക്കുന്നതോടൊപ്പം ദിവസവേതനത്തിൽ ജോലി ചെയ്യുന്ന സ്പോട്ട് ബോയ്‌സ്, ലൈറ്റ് മെൻ, ആർട്ട് വിഭാഗത്തിലെ തൊഴിലാളികൾ എന്നിവരുടെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ വ്യവസായത്തിന്റെ അടിത്തറയായ തൊഴിലാളികളുടെ പ്രശ്നങ്ങൾ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിൽ ബോളിവുഡ് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് തിവാരി മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ട സാഹചര്യം ഉണ്ടാകാമെന്നും, അതോടെ സിനിമാ മേഖലയിലെ പ്രവർത്തനങ്ങൾ പൂർണമായും താളം തെറ്റാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: FWICE president B.N. Tiwari has warned that Bollywood’s backend workers are facing severe hardship due to unemployment, delayed salaries, low wages, and extreme working hours. He said the industry could face a shutdown if workers’ issues continue to be ignored.