

പാരിസ് ഫാഷൻ വീക്കിൽ ലൊറിയൽ പാരിസിന്റെ 'എക്സ്പ്രസ്സ് യുവർ വർത്ത് ' ഷോയിൽ കറുത്ത വെൽവെറ്റ് വസ്ത്രവും കിരീടവുമണിഞ്ഞ് ചുവടുവെച്ച ഐശ്വര്യ റായ് ബച്ചന് നേരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ബോഡി ഷെയ്മിംഗ്. വയല ഡേവിസ്, കെൻഡൽ ജെന്നർ തുടങ്ങിയ ആഗോള താരങ്ങൾക്കൊപ്പമുള്ള പ്രകടനത്തിന് പിന്നാലെ താരത്തിന്റെ ശരീരഭാരത്തെയും രൂപമാറ്റങ്ങളെയും ചൊല്ലി ഒരു വിഭാഗം ആളുകൾ അധിക്ഷേപങ്ങളുയർത്തിയപ്പോൾ, അൻപതുകളിലെത്തിയ സ്ത്രീയുടെ സ്വാഭാവിക മാറ്റങ്ങളെ പിന്തുണച്ചും താരത്തിന്റെ ആത്മവിശ്വാസത്തെയും 'ക്വീൻ' ലുക്കിനെയും പ്രശംസിച്ചും വലിയൊരു വിഭാഗം ആരാധകരും രംഗത്തെത്തി.
സിറിയൻ ലക്ഷ്വറി ലേബലായ 'യാറ ഷൂമേക്കർ' രൂപകൽപന ചെയ്ത വസ്ത്രത്തിനൊപ്പം ചുവന്ന മുടിയും ലിപ്സ്റ്റിക്കും അണിഞ്ഞാണ് മോഹിത് റായ് സ്റ്റൈൽ ചെയ്ത ഈ ലുക്കിൽ ഐശ്വര്യ എത്തിയത്. വേദിയിൽ ഫ്ലയിംഗ് കിസ്സും നമസ്തേ മുദ്രയും നൽകി കാണികളെ കയ്യിലെടുത്ത താരത്തിന്റെ വീഡിയോകൾ നിമിഷനേരം കൊണ്ടാണ് വൈറലായത്.
എന്നാൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഒരു വിഭാഗം ഉപയോക്താക്കൾ റാംപിലെ പ്രകടനത്തിന് പകരം താരത്തിന്റെ ശരീരഘടനയെ ലക്ഷ്യമിട്ടു. ഗർഭിണിയാണോ എന്ന തരത്തിലുള്ള അനുമാനങ്ങൾ പങ്കുവെച്ചും, ഭാരം കുറയ്ക്കാൻ മരുന്നുകളോ വ്യായാമമോ വേണമെന്ന് ഉപദേശിച്ചും അധിക്ഷേപ കമന്റുകൾ നിറഞ്ഞു. ചിലർ വസ്ത്രധാരണത്തിലും ഹെയർസ്റ്റൈലിലും മാത്രമാണ് വിമർശനം ഉന്നയിച്ചത്.
അതേസമയം, പ്രായത്തിനനുസരിച്ച് സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ അംഗീകരിക്കാതെ അനാവശ്യമായി പരിഹസിക്കുന്ന നിലപാടിനെതിരെ ആരാധകർ ശക്തമായി പ്രതികരിച്ചു. ലൊറിയൽ പാരിസിന്റെ ഔദ്യോഗിക പേജിലടക്കം ഐശ്വര്യയുടെ ആത്മവിശ്വാസത്തെയും രാജകീയ ലുക്കിനെയും വാനോളം പുകഴ്ത്തിയാണ് ആരാധകർ പിന്തുണ അറിയിച്ചത്.
Aishwarya Rai Bachchan faced body-shaming comments on social media following her appearance at Paris Fashion Week for L’Oréal Paris. While some users criticized her appearance and body, many fans defended the actress, praising her confidence, regal look and presence alongside global stars including Viola Davis and Kendall Jenner.