

തന്റെ ശരീരത്തെ കുറിച്ച് സോഷ്യൽ മീഡിയയിലും അല്ലാതെയും ഉയരുന്ന അനാവശ്യ പരാമർശങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടിയും അവതാരകയുമായ ജുവൽ മേരി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബോഡി ഷെയ്മിങ് നടത്തുന്നവർക്കെതിരെ താരം ശക്തമായ മുന്നറിയിപ്പ് നൽകിയത്.
തന്നെ കാണുന്ന പലരും വളരെ സ്വാഭാവികമായി ശരീരത്തെക്കുറിച്ച് കമന്റുകൾ പറയാറുണ്ടെന്ന് ജുവൽ പറഞ്ഞു. “നിങ്ങൾക്ക് എന്നോടുള്ള സ്നേഹം മനസിലാകും. പക്ഷേ അതുകൊണ്ട് എന്റെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശം നിങ്ങൾക്ക് ലഭിക്കുന്നില്ല. എന്റെ ശരീരമാണ്, അത് എന്റെ സ്പേസാണ്. എവിടെ നിന്നാണ് ആ ധൈര്യം ഉണ്ടാകുന്നത്?” ജുവൽ ചോദിച്ചു.
നിറത്തിന്റെയും വണ്ണത്തിന്റെയും പേരിൽ സ്ത്രീകളെയും കുട്ടികളെയും മറ്റ് മനുഷ്യരെയും വേദനിപ്പിക്കുന്ന തരത്തിൽ സംസാരിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും താരം ആവശ്യപ്പെട്ടു. “വണ്ണമുള്ളവർക്കും വണ്ണമില്ലാത്തവർക്കും, തൊലി അൽപ്പം ഇരുണ്ടുപോയവർക്കും മുഖക്കുരുവുള്ളവർക്കും പല്ല് അൽപ്പം പൊന്തിയവർക്കുമൊന്നും ജീവിക്കണ്ടേ? ഇവർക്കൊന്നും അവസരങ്ങൾ വേണ്ടേ?” എന്നും ജുവൽ ചോദിച്ചു.
ഒരാളുടെ കഴിവ് അവരുടെ ശരീരത്തിലോ രൂപത്തിലോ അല്ലെന്നും അത് അവരുടെ ഉള്ളിൽ നിന്നാണ് വരുന്നതെന്നും ജുവൽ വ്യക്തമാക്കി. “നിങ്ങളെ എന്റർടെയ്ൻ ചെയ്യുന്നതിലും നിങ്ങൾക്കായി പ്രൊഡ്യൂസ് ചെയ്യുന്നതിലും ക്രിയേറ്റ് ചെയ്യുന്നതിലുമാണ് കഴിവ്. കുറച്ച് ബഹുമാനം ആകാം,“ ജുവൽ പറഞ്ഞു.
കാണുന്നവർ വളരെ സാധാരണയായി ചോദിക്കുന്ന ഇത്തരം ചോദ്യങ്ങൾ വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും തന്റെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയാൻ ആർക്കും അവകാശമില്ലെന്നും ജുവൽ തുറന്നടിച്ചു. മനുഷ്യരെ ബഹുമാനിക്കാൻ പഠിക്കണമെന്നും ഒരാളുടെ വില അവരുടെ തൊലിക്കടിയിലെ കൊഴുപ്പിലല്ലെന്നും ഓർമിപ്പിച്ചുകൊണ്ടാണ് ജുവൽ വീഡിയോ അവസാനിപ്പിക്കുന്നത്. ഇനിയും ഇത്തരം അനാവശ്യ ചോദ്യങ്ങളുമായി വരുന്നവരോട് കൃത്യമായി തിരിച്ചുപറയുമെന്ന മുന്നറിയിപ്പും താരം നൽകി. ജുവലിന്റെ പ്രതികരണത്തിന് പിന്തുണയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.
Jewel Mary has strongly responded to unwanted comments about her body and weight, calling out casual body-shaming remarks on social media and in everyday life. She urged people to respect others and said a person’s worth and talent are not defined by their appearance.