സെക്സ് സിംബൽ ആയി മാത്രം ആഘോഷിക്കപ്പെട്ട സിൽക്ക് സ്‌മിത

മരിച്ച് മൂന്ന് പതിറ്റാണ്ടിന് ശേഷവും ഒരു ആർട്ടിസ്റ്റിനെ സെക്സ് സിംബലായി മാത്രം കാണുന്ന മലയാളി സൈക്കിയെ വെല്ലുവിളിക്കുകയാണ് വിജയലക്ഷ്മി എന്ന അഭിനേത്രി
സെക്സ് സിംബൽ ആയി മാത്രം ആഘോഷിക്കപ്പെട്ട സിൽക്ക് സ്‌മിത
Published on

തെങ്കാശിപ്പട്ടണം, ലേലം, മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയ സിനിമകളിലെ ഗൗണ്ടർ വേഷങ്ങൾകൊണ്ട് മലയാളിയ്ക്ക് സുപരിചിതനായ തമിഴ് നടൻ വിനു ചക്രവർത്തി സിനിമ ലോകത്തിനു താന്‍ നൽകിയ ഏറ്റവും മികച്ച സംഭാവനയായി കണ്ടിട്ടുള്ളത് 'വിജയലക്ഷ്മി വട്ലപ്പട്ടി' എന്ന നടിയെ സ്ക്രീനിലേയ്ക്ക് കൊണ്ടുവന്നതാണ്. വണ്ടിച്ചക്രം എന്ന തന്റെ സിനിമയിലെ ഒരു പ്രധാന റോളിനു വേണ്ടി ഏതാണ്ട് മൂന്നു വര്‍ഷത്തോളമായി ഒരു നടിയെ അന്വേഷിച്ചുകൊണ്ടിരുന്ന അദ്ധേഹത്തിന്റെ മുന്‍പില്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് വിജയലക്ഷ്മി എത്തിപ്പെടുന്നത്. AVM സ്റ്റുഡിയോസിന് മുന്‍പിലെ ഒരു മില്ലില്‍ ധാന്യം പൊടിക്കാന്‍ എത്തിയതായിരുന്നു പതിനെട്ടുകാരിയായ അവര്‍ .! അക്കാലത്ത് സിനിമയില്‍ ഒരു ബി ഗ്രേഡ് ആക്ടറിനു ടച്ച് അപ് ആര്‍ട്ടിസ്റ്റ് ആയി ജോലി ചെയ്തിരുന്ന വിജയലക്ഷ്മിയെ വിനു ചക്രവര്‍ത്തി തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയും ഏതാണ്ട് ആറു മാസത്തോളം ഗ്രൂമിംഗ് നല്‍കി കഥാപാത്രമായി മാറ്റിയെടുക്കുകയുമായിരുന്നു.

1979 ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തിന് ശേഷം ഏതാണ്ട് 450 ഓളം സിനിമകളിലാണ് അവര്‍ അഭിനയിച്ചത്. അതില്‍ തന്നെ ഇരുന്നൂറോളം സിനിമകളാണ് ആദ്യ മൂന്നു കൊല്ലത്തിനിടയില്‍ തന്നെ അവര്‍ക്ക് ലഭിച്ചത്. അതില്‍ മിക്കതും ഹിറ്റുകളായി മാറി. അതോടെ വിജയലക്ഷ്മിയുടെ ഡേറ്റ് കിട്ടാന്‍ അന്നത്തെ സൂപ്പര്‍താരങ്ങളായ ചിരഞ്ജീവിയും കമല്‍ഹാസനുമൊക്കെ തങ്ങളുടെ കോള്‍ ഷീറ്റ് റീഷെഡ്യൂള്‍ ചെയ്തു തുടങ്ങി.! AVM അടക്കം മദ്രാസിലെ എണ്ണംപറഞ്ഞ സ്റ്റുഡിയോ ഫ്ലോറുകളില്‍ ഒരു ദിവസം തന്നെ മൂന്നും നാലും നൃത്ത രംഗങ്ങളില്‍ വിജയലക്ഷ്മി ചായമണിഞ്ഞു. ഈ ഓരോ നൃത്തത്തിനും അന്നവര്‍ ഈടാക്കിയിരുന്നത് ഏതാണ്ട് അന്‍പതിനായിരം രൂപയോളമാണ്.! അവരുടെ നൃത്തം ഉണ്ടെങ്കില്‍ സിനിമ ഹിറ്റ് ആകുമെന്ന സ്ഥിതി തന്നെ വന്നു. വര്‍ഷങ്ങളോളം ആരും ഏറ്റെടുക്കാന്‍ ഇല്ലാതെ പെട്ടികളില്‍ കിടന്ന സിനിമകളില്‍ വിജയലക്ഷ്മിയുടെ ഒരു നൃത്ത രംഗം തുന്നി ചേര്‍ക്കുന്നതോടെ അവ സൂപ്പര്‍ ഹിറ്റായി മാറി. അവര്‍ പാതി കഴിച്ച ഒരു ആപ്പിളിന് വേണ്ടി ചെന്നൈയില്‍ ഒരു ലേലം തന്നെ നടന്നതായി വരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.!

ഇന്ന് ഇത് ഇത്രയും പറയാന്‍ കാരണം, ഇന്നലെ അവരുടെ മുപ്പതാം ചരമവാര്‍ഷികം ആയിരുന്നു.!

കേവലം ഒരു സെക്സ് സിംബല്‍ എന്നതിന് അപ്പുറം എപ്പോഴെങ്കിലും ഒരു അഭിനയത്രി ആയി സ്മിതയെ പരീക്ഷിക്കാന്‍ സിനിമ ശ്രമിച്ചിട്ടുണ്ടോ.?

അതേ, തന്റെ കണ്ണുകളുടെ, ചുണ്ടുകളുടെ, അരക്കെട്ടിന്റെ താളചലനങ്ങളില്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യന്‍ സിനിമയെ ആവാഹിച്ചിട്ടിരുന്ന വിജയലക്ഷ്മി വട്ലപ്പട്ടി എന്ന സില്‍ക്ക് സ്മിത.!

1996 സെപ്തംബര്‍ 23 നാണ് സ്മിത തന്റെ ജീവിതത്തിനു സ്വയം പാക്കപ്പ് വിളിച്ചത്.! ഇന്നലെ അവര്‍ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് പല മുന്‍നിര വാര്‍ത്താചാനലുകളും കാര്‍ഡ് ഇറക്കിയിരുന്നു.പക്ഷെ അവയുടെ താഴെപ്പോലും തങ്ങളുടെ കൗമാര-യൌവ്വനങ്ങളെ തീപിടിപ്പിച്ച ഉടലിനോടുള്ള ആര്‍ത്തി ശർദിച്ചുവയ്ക്കുന്ന നിരവധി മുഖങ്ങള്‍ കണ്ടു.! മറ്റു ചിലര്‍ ആകട്ടെ ഇവര്‍ക്കൊക്കെ ആദരാഞ്ജലികള്‍ നേരാനും മാത്രം നിങ്ങള്‍ അധഃപ്പതിച്ചോ ? എന്ന സംശയത്തിലാണ്.!

ഒന്നാലോചിച്ചു നോക്കൂ,

മരിച്ചു മൂന്നു പതിറ്റാണ്ട് പിന്നിട്ടിട്ടും സമാധാനമായി സ്മിതയെ വിടാന്‍ നാം തയ്യാറല്ല.!

മറ്റെല്ലാ മേഖലകളിലെയും പോലെ തന്നെ സിനിമയും അന്നും ഇന്നും ആണിടം തന്നെയാണ്.! പുരുഷകാമനകളെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ അവതരിപ്പിക്കപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഇന്നും മാര്‍ക്കറ്റുണ്ട്.!

കഥയുമായി പുലബന്ധം പോലുമില്ലാത്ത ഐറ്റം സോങ്ങുകള്‍ സിനിമയുടെ ഏന്‍ഡ് ക്രെഡിറ്റ്സില്‍ എങ്കിലും തുന്നിചേര്‍ക്കാന്‍ ഇന്നും സിനിമാലോകം മടിക്കാത്തതിന്റെ കാരണവും അതുതന്നെ.!

അപ്പോള്‍ പിന്നെ അത്തരം കഥാപാത്രങ്ങള്‍ ആയി സ്ക്രീനില്‍ എത്തുന്ന സ്ത്രീകള്‍ മാത്രം ക്രൂശിക്കപ്പെടുന്നത് നീതിയാണോ.?

1980 കളില്‍ തുടങ്ങിയ മലയാളം സോഫ്റ്റ്‌കോര്‍ വേവില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടായിരുന്നത് സ്മിതയുടെ സിനിമകള്‍ക്ക് ആയിരുന്നു. 'ആദിപാപ'ത്തിനു പിന്നാലെ സ്മിതയെ കേന്ദ്രകഥാപാത്രമാക്കി പുറത്തിറങ്ങിയ 'ലയനം' മറ്റൊരു ട്രെന്‍ഡിന് തന്നെ തുടക്കം കുറിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ച ശേഷം ചെറിയ കഷങ്ങള്‍ (ബിറ്റ്) തുന്നി ചേര്‍ത്ത ഇത്തരം സിനിമകള്‍ ബി/സി മലയാളി തിയേറ്ററുകള്‍ക്ക് വലിയ കളക്ഷന്‍ സമ്മാനിച്ചു. അങ്ങനെ നോക്കിയാല്‍ ചെറുതല്ലാത്ത ശതമാനം മലയാളി കുടുംബങ്ങളും സ്മിതയെക്കൊണ്ട് സാമ്പത്തിക ലാഭം നേടിയിട്ടുണ്ട് എന്ന് തന്നെ പറയാം.!

ഹെട്രോസെക്ഷ്വല്‍ ആണുങ്ങള്‍ക്ക് വേണ്ടതെല്ലാം സ്മിതയില്‍ ഉണ്ടായിരുന്നു.. അവരുടെ ഉടലില്‍ അന്നും ഇന്നും ആര്‍ത്തിയോടെ ചാടി വീഴാന്‍ ഞാന്‍ അടക്കമുള്ള ആണ്‍കൂട്ടം വെമ്പുന്നതിന്റെ കാരണവും അതുതന്നെ.! സിനിമകളിലെ നൃത്തരംഗങ്ങളുടെ കടിഞ്ഞാന്‍ സംവിധായകനിലും കൊറിയോഗ്രാഫറിലും ആണ്. എന്നാല്‍ സങ്കടകരമെന്നു പറയട്ടെ ദക്ഷിണേന്ത്യന്‍ സിനിമയില്‍ എണ്‍പതുകളില്‍ പുറത്തിറങ്ങിയ ഭൂരിഭാഗം ഐറ്റം നമ്പറുകളും 'ഡാന്‍സിംഗ് ദീവ ഓഫ് ബോളിവുഡ്' ആയിരുന്ന ഹെലനെ വികലമായി അനുകരിക്കാനുള്ള ശ്രമങ്ങള്‍ ആയിരുന്നു. അംഗവിക്ഷേപങ്ങള്‍ അടക്കം നൃത്തത്തെ ഒരു കലയാക്കി മാറ്റുന്ന ഘടകങ്ങള്‍ ഒന്നുപോലും ഇല്ലാത്ത, ശാരീരിക അഭ്യാസങ്ങള്‍ക്ക് അപ്പുറം ഒന്നും നല്‍കാനില്ലാത്ത 'നയനമൂര്‍ച്ഛ' സമ്മാനിക്കുന്ന സെക്സി മൂവ്സ് മാത്രമായിരുന്നു സ്മിതയ്ക്ക് ലഭിച്ചിരുന്നത്.! അത്തരം രംഗങ്ങളില്‍ അഭിനയിക്കേണ്ടി വരുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന വിരക്തി ക്യാമറ സൂംഔട്ട്‌ ആകുന്ന നിമിഷങ്ങളില്‍ അവരുടെ മുഖത്ത് മിന്നി മറയാറുമുണ്ടായിരുന്നു.

പക്ഷെ കേവലം ഒരു സെക്സ് സിംബല്‍ എന്നതിന് അപ്പുറം എപ്പോഴെങ്കിലും ഒരു അഭിനയത്രി ആയി സ്മിതയെ പരീക്ഷിക്കാന്‍ സിനിമ ശ്രമിച്ചിട്ടുണ്ടോ.?

പരിശോധിക്കാം.......

സെക്സ് സിംബൽ ആയി മാത്രം ആഘോഷിക്കപ്പെട്ട സിൽക്ക് സ്‌മിത
താരശരീരങ്ങളിൽ മെരുങ്ങുന്നതല്ല, തമിഴരുടെ രാഷ്ട്രീയബോധ്യങ്ങള്‍; 'പരാജിത നായകര്‍' - ഒരു വായന

അലൈഗൾ ഓയ്‌വതില്ലൈ' (1981) എന്ന ഭാരതിരാജ ചിത്രത്തില്‍ അന്നോളം ഗ്ലാമർ വേഷങ്ങളിലൂടെ മാത്രം ശ്രദ്ധിക്കപ്പെട്ടിരുന്ന സിൽക്ക് സ്മിത, തികച്ചും വ്യത്യസ്തമായ, ഒരു നാടൻ കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടത്.! ഭാഗ്യരാജിന്റെ ഡേവിഡിന് മുന്‍പില്‍ മൗനം പാലിക്കേണ്ടി വരുന്ന എലിസ്സി എന്ന ഭാര്യയായി സ്മിത ഏറെ പ്രശംസ നേടി. വീടിന്റെ മാനം കാത്ത് സൂക്ഷിക്കുന്നതിന് വേണ്ടി അയാളുടെ ക്രൈമിനു കാവല്‍ നില്‍ക്കേണ്ടി വരുന്ന എലിസ്സി, സ്മിതയുടെ കരിയറിലെ തന്നെ മികച്ച വേഷങ്ങളില്‍ ഒന്നാണ്.!

കമൽഹാസനും ശ്രീദേവിയും തകർത്തഭിനയിച്ച ബാലു മഹേന്ദ്രയുടെ 'മൂന്നാം പിറൈ'യില്‍ ഗ്ലാമർ ഉണ്ടെങ്കിലും കഥയിൽ കൃത്യമായ സ്വാധീനമുള്ള വേഷമായിരുന്നു സ്മിതയ്ക്ക് ലഭിച്ചത്. തന്റെ സിനിമകളില്‍ എല്ലാം മികച്ച സ്ത്രീ കഥാപാത്രങ്ങള്‍ സൃഷ്ടിച്ച സംവിധായകന്‍ സ്മിതയ്ക്കും ഒരു മികച്ച അവസരം നല്‍കി. ഗംഗൈ അമരന്റെ "കോഴി കൂവുത്(1982) ല്‍ ചിറ്റി എന്ന വേഷത്തിനു അപ്പുറം ഇളയരാജയുടെ സംഗീതത്തില്‍ പ്രഭുവിനൊപ്പം "പൂവേ ഇളയ പൂവേ" എന്ന ഒരു മെലഡിയിലും അവര്‍ ക്യാമറയ്ക്ക് മുന്‍പിലെത്തി. ഗോപീകൃഷ്ണന്‍ സംവിധാനം ചെയ്ത "സില്‍ക്ക് സില്‍ക്ക് സില്‍ക്ക് " എന്ന ചിത്രത്തില്‍ ആകട്ടെ പ്രിയ, മീന, ഷീല എന്നിങ്ങനെ മൂന്നു വേഷങ്ങളാണ് സ്മിതയ്ക്ക് ലഭിച്ചത്.

സെക്സ് സിംബൽ ആയി മാത്രം ആഘോഷിക്കപ്പെട്ട സിൽക്ക് സ്‌മിത
സത്യമംഗലം കാടിനുള്ളിലൂടെ

സ്മിതയുടെ ദീര്‍ഘകാല സുഹൃത്തും തമിഴ് ചരിത്രകാരനുമായ രണ്ധോര്‍ ഗയ്, സ്മിതയ്ക്ക് സ്വന്തം ശരീരത്തിൽ നിന്നൊഴുകുന്ന ലൈംഗികാകർഷണത്തിന്മേൽ യാതൊരു നിയന്ത്രണവുമില്ലാത്തതുപോലെയാണ് തോന്നിയിരുന്നതെന്നും, എന്നാല്‍ പുരുഷന്മാരിൽ അത് ഉണ്ടാക്കുന്ന ചലനങ്ങളെ അവർ തെല്ലും ഭയപ്പെട്ടിരുന്നില്ലെന്നും പറഞ്ഞിട്ടുണ്ട്. രണ്ധോര്‍ ഗൈ തമിഴിൽ തിരക്കഥയെഴുതി 1980-കളുടെ അവസാനത്തിൽ പുറത്തിറങ്ങിയ ഒരു ഇൻവെസ്റ്റിഗേഷൻ ടെലിവിഷൻ പരമ്പരയായിരുന്നു 'സീനിയർ-ജൂനിയർ'. ഒരു യുവതി ബാത്ത് ടബ്ബിൽ ദുരൂഹമായ സാഹചര്യത്തിൽ മരിച്ചു കിടക്കുന്നതായിരുന്നു ആ എപ്പിസോഡിന്റെ കഥ. ഇത് കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന് അന്വേഷിക്കുന്നതായിരുന്നു ഒന്നാം എപ്പിസോഡിന്റെ പ്രമേയം. സ്മിതയായിരുന്നു ആ ബാത്ത് ടബ്ബിൽ മരിച്ചുകിടക്കുന്ന യുവതിയായി അഭിനയിച്ചത്. മർലിൻ മൺറോ യുടെ അന്ത്യത്തെ റിക്രിയേറ്റ് ചെയ്യുക ആയിരുന്നു ഗൈ യുടെ ഉദ്ദേശം എങ്കിലും ഏതാനും വർഷങ്ങൾക്ക് അപ്പുറം സമാനമായ ഒരു അന്ത്യമാണ് സ്മിതയെയും തേടിയെത്തിയത്.

സ്മിതയുടെ ഫില്മോഗ്രഫി പരിശോധിച്ചാല്‍ നാനൂറില്‍ ഏറെ സിനിമകള്‍ അവരുടെ ക്രെഡിറ്റില്‍ ഉണ്ടെന്നു കാണാം .! പക്ഷെ അതില്‍ പേരുള്ള കഥാപാത്രങ്ങള്‍ വിരലില്‍ എണ്ണാവുന്നതു മാത്രമാണ് ..!

എന്തൊരു ഭീകരമായ അവസ്ഥയാണ്‌ അത് .! ഒരു സിനിമയുടെ വാണിജ്യ വിജയത്തില്‍ സുപ്രധാന പങ്കു വഹിക്കുമ്പോഴും താന്‍ കെട്ടിയാടുന്ന വേഷത്തിനു ഒരു പേരുപോലും സ്വന്തമായി ഇല്ല എന്ത് എത്ര വലിയ ഐഡന്റിറ്റി ക്രൈസിസ് ആകും അവര്‍ക്ക് സമ്മാനിച്ചിട്ടുണ്ടാവുക .?

ഒന്നുറപ്പാണ്,

സിനിമ ഉള്ളിടത്തോളം, ആണ്‍ കാമം നുരഞ്ഞു പൊന്തുന്നിടത്തോളം 'വിജയലക്ഷ്മി വട്ലപ്പട്ടി' എന്ന സിൽക്ക് സ്മിതയും ചിരഞ്ജീവിയായി തുടരും. അവരുടെ അഭിനയ ശേഷിയെ ഒന്ന് ഉരച്ചുനോക്കാന്‍ പോലും നമ്മുടെ സിനിമ ലോകം തയ്യാറായില്ല എന്ന സത്യവും.!

Summary

Silk Smitha remains one of the most recognisable and enduring figures in South Indian cinema. Born Vijayalakshmi, she entered the film industry in the late 1970s and went on to appear in hundreds of films across Tamil, Telugu, Malayalam, Kannada and Hindi cinema. Known for her distinctive screen presence and dance performances, she became a major star during the 1980s. Despite her immense popularity, her personal life remained largely private and was marked by struggles away from the spotlight. She died on 23 September 1996, aged 35. Decades later, her performances and unique place in Indian cinema continue to be remembered by audiences.

Madism Digital
madismdigital.com