'ഉറക്കമൊക്കെ എന്നേ പോയി, 24 മണിക്കൂർ തികയുന്നില്ല'; 83ാം വയസ്സിലെ ജോലിസമ്മർദത്തെ കുറിച്ച് തുറന്നുപറഞ്ഞ് അമിതാഭ് ബച്ചൻ

ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റിലാണ് ബച്ചന്റെ തുറന്നുപറച്ചിൽ
'ഉറക്കമൊക്കെ എന്നേ പോയി, 24 മണിക്കൂർ തികയുന്നില്ല'; 83ാം വയസ്സിലെ ജോലിസമ്മർദത്തെ കുറിച്ച് തുറന്നുപറഞ്ഞ് അമിതാഭ് ബച്ചൻ
Published on

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട വിജയകരമായ കരിയർ സ്വന്തമാക്കിയിട്ടുണ്ട് ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചൻ. എന്നിരുന്നാലും, 83-ാം വയസ്സിലും ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദം രാത്രിയിൽ ഉറങ്ങാൻ അനുവദിക്കാറില്ലെന്നാണ് അദ്ദേഹം പറയുന്നത്. ജോലിയോടുള്ള അർപ്പണബോധത്തിന് പേരുകേട്ട ബച്ചൻ ഇപ്പോഴും നിരവധി പ്രോജക്ടുകളുമായി തിരക്കിലാണ്. ഒരു ദിവസത്തെ ജോലി അവസാനിപ്പിച്ച് റൂമിൽ മടങ്ങിയെത്തിയ ശേഷവും അവ മനസ്സിനെ അലട്ടുന്നുവെന്നാണ് ബച്ചൻ പറയുന്നത്.

ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റിലാണ് ബച്ചന്റെ തുറന്നുപറച്ചിൽ. വെള്ളിയാഴ്ച രാവിലെ, തന്റെ ദിനചര്യകളെക്കുറിച്ച് ഹിന്ദിയിൽ അദ്ദേഹം കുറിക്കുകയും ചെയ്തു. അതിങ്ങനെ:

എന്നെ ഏല്‍പിച്ച കുറേയധികം ജോലികളുണ്ട് ഇപ്പോൾ. കഴിഞ്ഞ ദിവസം അത്തരത്തിലൊന്ന് ചെയ്തുകഴിഞ്ഞപ്പോൾ എനിക്ക് തോന്നി അതിനിയും മികച്ചതാക്കാമായിരുന്നുവെന്ന്. അങ്ങനെ ബന്ധപ്പെട്ടവരിൽ നിന്ന് അമുനതി തേടി ഞാനത് വീണ്ടുമെടുത്തു. പക്ഷേ ഇപ്പോളെനിക്ക് സംശയമാണ്. രണ്ടാമതെടുത്ത ടേക്കാണോ ആദ്യത്തേതാണോ മികച്ചതെന്ന്. അത് തീരുമാനിക്കേണ്ടത് പക്ഷേ കാഴ്ചക്കാരനാണ്. ഈ ചിന്തകളൊക്കെ കൊണ്ട് എനിക്കുറങ്ങാൻ തന്നെ പറ്റുന്നില്ല. ഒന്ന് തലചായ്ക്കുമ്പോഴേക്കും രാവിലെയാകും. ഒന്നും ചെയ്യാനില്ല.

മറ്റൊരു പോസ്റ്റിൽ തനിക്ക് ഒന്നിനും സമയം തികയുന്നില്ലെന്നും ബച്ചൻ ചൂണ്ടിക്കാട്ടിയിരുന്നു. ഒരുപാട് ചെയ്യാനും പഠിക്കാനുമുണ്ടെന്നും എന്നാൽ സമയത്തിന് പരിമിതിയുണ്ടെന്നുമായിരുന്നു ആ പോസ്റ്റ്.

24 മണിക്കൂറിൽ ഒരാൾക്ക് എന്തൊക്കെ ചെയ്യാനാകും. ഒരുപാട് ചെയ്യാനുണ്ടെനിക്ക്... എന്നാൽ ആകെയുള്ളത് 24 മണിക്കൂറും. ഒരു ദിവസം 36 മണിക്കൂറാക്കണം. എന്നാൽ അങ്ങനെ ആക്കിയാൽ ജീവിതസാഹചര്യങ്ങൾ പറയും 48 മണിക്കൂറാക്കണമെന്ന്. അതങ്ങനെ നീണ്ടുനീണ്ട് പോകും. പക്ഷേ ഒരുപാട് ചെയ്യാനുണ്ട്, പഠിക്കാനുണ്ട് പക്ഷേ സമയം ഇങ്ങനെ കടന്നുപോകുന്നു.

'ഉറക്കമൊക്കെ എന്നേ പോയി, 24 മണിക്കൂർ തികയുന്നില്ല'; 83ാം വയസ്സിലെ ജോലിസമ്മർദത്തെ കുറിച്ച് തുറന്നുപറഞ്ഞ് അമിതാഭ് ബച്ചൻ
അഭിനയം നിര്‍ത്താന്‍ ഞാന്‍ ആലോചിച്ചിരുന്നു, പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന കഥാപാത്രം ചെയ്യണം; മനസുതുറന്ന് മനോജ് ബാജ്‌പേയ്

പക്ഷേ എത്ര തിരക്കേറിയ ഷെഡ്യൂൾ ആണെങ്കിലും ആവശ്യത്തിന് വിശ്രമം ലഭിക്കാത്ത സാഹചര്യത്തിലും, ബച്ചൻ സജീവമായ ദിനചര്യ തുടരുകയും തന്റെ അഭിനയജീവിതത്തോടുള്ള പ്രതിബദ്ധത കൈവിടാതിരിക്കുകയും ചെയ്യുന്നുണ്ട്. പ്രായവും അമിത ജോലിഭാരവും സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും, തന്റെ അർപ്പണബോധവും കഠിനാധ്വാനവും കൊണ്ട് അദ്ദേഹം ഇന്നും ആരാധകർക്ക് പ്രചോദനമാണ്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൽക്കി 2898 ADയുടെ രണ്ടാം ഭാഗത്തിൽ അശ്വത്ഥാമാ എന്ന കഥാപാത്രമായതാണ് അമിതാഭ് ബച്ചൻ വീണ്ടും എത്തുക. നാഗ അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസ്, കമൽ ഹാസൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സായ് പല്ലവി ചിത്രത്തിൽ ചേരുമെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ചിത്രം 2027 ഡിസംബറിൽ തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Summary

English Summary: Bollywood megastar Amitabh Bachchan has enjoyed a successful career spanning more than five decades. However, even at the age of 83, he says work-related stress often keeps him awake at night. Known for his unwavering dedication to his craft, Bachchan remains busy with multiple projects. He reveals that even after wrapping up a day's work and returning to his room, thoughts about work continue to occupy his mind. The veteran actor opened up about this in his latest blog post.

Madism Digital
madismdigital.com