1998-ല്‍ റിലീസായ 'സത്യ'യിലെ ഭിഖു മത്രെ എന്ന കഥാപാത്രം കള്‍ട്ടായി മാറുകയും ആ കഥാപാത്രത്തെ അവതരിപ്പിച്ച മനോജ് ബാജ്പേയി എന്ന യുവാവ് ശ്രദ്ധാകേന്ദ്രമാവുകയും ചെയ്തു. പിന്നീടുവന്ന ശൂല്‍, സുബൈദ, ഗാങ്സ് ഓഫ് വാസീപ്പൂര്‍ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ നിരയിലേക്ക് അദ്ദേഹം ഉയര്‍ന്നു. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രത്തിനും ജീവന്‍ നല്‍കാനുള്ള അസാധാരണമായ കഴിവുള്ള ബാജ്പേയി, പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത ഒട്ടനവധി അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.
ഈ പ്രതിഭയ്ക്ക് പിന്നില്‍ വലിയൊരു വ്യക്തിപരമായ നഷ്ടമുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മനോജ് ബാജ്‌പേയ്. മാതാപിതാക്കല്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ പറ്റിയില്ലെന്നും അവര്‍ മരിക്കുന്ന സമയത്തും പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി അഭിനയരംഗം പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പലതവണ ചിന്തിച്ചിട്ടുണ്ടെന്നും നടന്‍ വെളിപ്പെടുത്തി. 'തീവ്രതയേറിയ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് തുടര്‍ച്ചയായി അവ അവതരിപ്പിക്കുന്നത് നമ്മുടെ മൂഡ് മാറ്റും. മാനസികാവസ്ഥയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും. അഭിനയം നിര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും നല്ല വേഷം ലഭിച്ചാല്‍ ഞാന്‍ വീണ്ടും ജോലിയിലേക്ക് മടങ്ങും', മനോജ് ബാജ്‌പേയ് പറഞ്ഞു.
അഭിനയം ഒരു പതിവ് ജോലിയാക്കി മാറ്റാതെ, അതിനെ ഒരു അഭിനിവേശമായി നിലനിര്‍ത്താനുള്ള തന്റെ ആഗ്രഹത്തില്‍ നിന്നാണ് ഈ ആശയക്കുഴപ്പം ഉണ്ടാകുന്നത് എന്ന് നടന്‍ പറയുന്നു. 'അഭിനയം ഒരു നിര്‍ബന്ധിത ജോലിയായി മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനോ ജീവിതമാര്‍ഗമായതുകൊണ്ടോ അല്ല, മറിച്ച് എന്റെ പാഷന്‍ കൊണ്ട് മാത്രം അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു', അദ്ദേഹം വ്യക്തമാക്കി.
'ഒരു കൊമേഴ്ഷ്യല്‍ സിനിമ ചെയ്യാന്‍ കൊതിക്കുന്നു'
വൈകാരിക വിസ്‌ഫോടനങ്ങള്‍ ഇല്ലാത്ത, കുറച്ചുകൂടി ലളിതമായി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് മനോജ് ബാജ്‌പേയ് പറഞ്ഞു. 'ഈയിടെയായി ഒരു കൊമേഴ്സ്യല്‍ സിനിമ ചെയ്യാന്‍ ഞാന്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്. എനിക്ക് പൂര്‍ണ്ണമായും ഒരു സ്ലാപ്സ്റ്റിക് കോമഡി ചിത്രത്തിന്റെ ഭാഗമാകണം. പാട്ടിനൊപ്പം നൃത്തം ചെയ്യണം. യാതൊരു മുന്‍തയ്യാറെടുപ്പും ആവശ്യമില്ലാത്ത ഒരു സിനിമയാണ് വേണ്ടത്. എന്ത് കഥാപാത്രമാണ് ചെയ്യുന്നതെന്ന് അധികം ചിന്തിക്കാതെ സെറ്റില്‍ പോകണം. ഇതുവരെ ചെയ്തുകൊണ്ടിരുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും എനിക്ക് രക്ഷപ്പെടണം', അദ്ദേഹം പറഞ്ഞു.
ഗലി ഗുലിയാന്‍, ഭോന്‍സ്ലെ, യൊരം തുടങ്ങിയ ചിത്രങ്ങള്‍ വലിയ തോതിലുള്ള വൈകാരികവും മാനസികവുമായ പ്രയത്‌നം ആവശ്യപ്പെട്ട പ്രോജക്റ്റുകളുടെ ഉദാഹരണങ്ങളായി നടന്‍ ചൂണ്ടിക്കാണിച്ചു. ഇവ എളുപ്പമുള്ള സിനിമകളോ ലളിതമായ കഥാപാത്രങ്ങളോ അല്ല. മാനസികമായും ശാരീരികമായും ആ കഥാപാത്രമായി ജീവിക്കുകയാണ്. തികച്ചും വ്യത്യസ്തനായ ഒരു മനുഷ്യനായി മാറുകയാണ്. ഇരുണ്ടതും വൈകാരികമായി സങ്കീര്‍ണ്ണവുമായ വേഷങ്ങള്‍ തന്നിലുണ്ടാക്കുന്ന ആഘാതം കാരണം അത്തരം വേഷങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെയ്ത വേഷങ്ങളെക്കുറിച്ച് ഓര്‍മ്മയില്ല
തീവ്രമായ വൈകാരിക ഭാരം അനുഭവിക്കുന്നതിനാല്‍ ഏറ്റവും പ്രശംസ നേടിയ തന്റെ ചില പ്രകടനങ്ങള്‍ എങ്ങനെയാണ് ചെയ്തതെന്ന് തനിക്ക് ഓര്‍മ്മയില്ലെന്ന് അദ്ദേഹം പറഞ്ഞു. 'പലപ്പോഴും ഞാന്‍ ചെയ്ത വേഷങ്ങളെക്കുറിച്ച് എനിക്ക് യാതൊരു ഓര്‍മ്മയുമില്ല. അലിഗഡ് അല്ലെങ്കില്‍ ഭോന്‍സ്ലെ പോലുള്ള സിനിമകള്‍ ഞാന്‍ എങ്ങനെയാണ് ചെയ്തതെന്ന് എനിക്ക് ഓര്‍മ്മയില്ല', അദ്ദേഹം പറഞ്ഞു. ചില വേഷങ്ങള്‍ തന്നെ എത്രത്തോളം ആഴത്തില്‍ ബാധിച്ചുവെന്ന് ബാജ്പേയി ഓര്‍ത്തെടുത്തു. 'ഭിഖു മത്രെ ചെയ്തപ്പോള്‍, ഞാന്‍ ആ കഥാപാത്രത്തില്‍ പൂര്‍ണ്ണമായും മുഴുകിയിരുന്നു. അത് എന്നെ മോശമായി ബാധിച്ചു. എന്റെ ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. പിന്നീട് ഞാന്‍ 'ശൂല്‍' ചെയ്തപ്പോള്‍ എനിക്ക് പേടിസ്വപ്നങ്ങള്‍ വരാന്‍ തുടങ്ങി. പല രാത്രികളിലും എനിക്ക് കൃത്യമായി ഉറങ്ങാന്‍ കഴിഞ്ഞില്ല'.
തന്റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ ഇങ്ങനെയുള്ള അനുഭവങ്ങളെ അതിശയോക്തി, നാടകീയം എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞേക്കാമെന്ന് നടന്‍ പറഞ്ഞു. 'ചില അഭിനേതാക്കള്‍ അവകാശപ്പെടുന്നത് ഈ അനുഭവങ്ങള്‍ കെട്ടിച്ചമച്ച കഥകളോ വ്യാജമോ നാടകീയമോ ആണെന്നാണ്. ആ രീതിയില്‍ ജോലി ചെയ്യാത്തതുകൊണ്ടാണ് അവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരുപക്ഷേ അവര്‍ കൂടുതല്‍ കഴിവുള്ളവരായിരിക്കാം, ഈ പ്രക്രിയയിലൂടെ കടന്നുപോകാതെ തന്നെ അവര്‍ക്ക് ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞേക്കും. എനിക്ക് അതിന് കഴിയില്ല. എന്റെ പ്രേക്ഷകര്‍ക്ക് എന്റെ കണ്ണുകളില്‍ ആ കഥാപാത്രത്തെ കാണാന്‍ കഴിയുമെങ്കില്‍, ഞാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന് എനിക്ക് മനസ്സിലാക്കാം', നടന്‍ കൂട്ടിച്ചേര്‍ത്തു.
English Summary: Acclaimed actor Manoj Bajpayee has revealed that he has considered quitting acting several times over the past decade due to the emotional and psychological impact of portraying intense characters. Bajpayee also spoke about regretting not spending enough time with his parents and said he now hopes to take on a light-hearted commercial film, preferably a slapstick comedy with songs and dance, as a break from the dark and complex roles that have defined much of his career.