

പഹല്‍ഗാം ഭീകരാക്രമണം, അതിനെത്തുടര്‍ന്നുണ്ടായ സൈനിക നീക്കങ്ങള്‍, യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രകോപനങ്ങള്‍, ഡല്‍ഹിയിലും ബിഹാറിലും ബിജെപി നേടിയ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ എന്നിവയിലേക്ക് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ തിരിഞ്ഞ സമയം... ജനങ്ങളെ ബാധിക്കുന്ന സുപ്രധാന നിയമനിര്‍മാണങ്ങള്‍ വിവിധ നിയമസഭകളില്‍ ആരും കാണാതെയും ചര്‍ച്ച ചെയ്യാതെയും പാസാക്കപ്പെടുകയായിരുന്നു അപ്പോൾ.
പാര്‍ലമെന്റില്‍ പലപ്പോഴും കണ്ടുവരുന്ന, കൃത്യമായ പഠനമോ ചര്‍ച്ചയോ ഇല്ലാതെ ബില്ലുകള്‍ തിടുക്കത്തില്‍ പാസാക്കുന്ന രീതി (Rushed Discussions) ഇപ്പോള്‍ നിയമസഭകളിലേക്കും അതിവേഗം പടരുകയാണ്. പ്രമുഖ പാര്‍ലമെന്ററി ഗവേഷണ സ്ഥാപനമായ 'പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച്' (PRS) പുറത്തുവിട്ട 'ആനുവല്‍ റിവ്യൂ ഓഫ് സ്റ്റേറ്റ് ലോസ് 2025' റിപ്പോര്‍ട്ടിലാണ് ഈ ആശങ്കാജനകമായ വിവരങ്ങളുള്ളത്.
2025-ല്‍ വിവിധ നിയമസഭകള്‍ ചര്‍ച്ചകളില്ലാതെ അറുനൂറിലധികം ബില്ലുകളാണ് പാസാക്കിയത്. ഇതില്‍ 30 ശതമാനവും സഭയില്‍ അവതരിപ്പിച്ച അന്നുതന്നെ പാസാക്കിയവയാണ്. 2024-ല്‍ പാസാക്കിയ 500 ബില്ലുകളില്‍ നിന്നാണ് 2025-ല്‍ ഈ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിയമസഭാ സമിതികളുടെ (Subject Committees) സൂക്ഷ്മപരിശോധനയ്‌ക്കോ വിയോജിപ്പുകള്‍ രേഖപ്പെടുത്താനോ പ്രതിപക്ഷത്തിന് സമയം നല്‍കാതെയാണ് പല ബില്ലുകളും നിയമമാകുന്നത്.
കര്‍ണാടക: 2025-ല്‍ ഏറ്റവും കൂടുതല്‍ ബില്ലുകള്‍ പാസാക്കിയത് കര്‍ണാടകയാണ്, 84. വെറും 34 നിയമസഭാ സമ്മേളന ദിവസങ്ങള്‍ മാത്രമാണ് ഇതിനായി എടുത്തത്. ഇതില്‍ 17 ബില്ലുകള്‍ ഒരൊറ്റ സിറ്റിങ്ങിലും 12 ബില്ലുകള്‍ മറ്റൊരു സിറ്റിങ്ങിലുമായാണ് പാസാക്കിയത്. അതായത് ജനപ്രതിനിധികള്‍ക്ക് ബില്ല് വായിച്ചുനോക്കാന്‍ പോലും സമയം കിട്ടിയിട്ടില്ലെന്ന് വ്യക്തം.
അസം: 21 ദിവസത്തെ സഭാ സമ്മേളനങ്ങള്‍ക്കിടെ അസം സഭ 60 ബില്ലുകള്‍ പാസാക്കി. ഇതില്‍ 14 എണ്ണവും ഒരൊറ്റ ദിവസം കൊണ്ടാണ് പാസാക്കിയെടുത്തത്.
എല്ലാം ഒറ്റദിവസം കൊണ്ട് തീര്‍ത്തവര്‍: ആന്ധ്രാപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മിസോറാം, പുതുച്ചേരി, പഞ്ചാബ് എന്നീ ഏഴ് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങള്‍ അവരുടെ സഭകളില്‍ വന്ന എല്ലാ ബില്ലുകളും ഒന്നുകില്‍ അവതരിപ്പിച്ച ദിവസം തന്നെ, അല്ലെങ്കില്‍ തൊട്ടടുത്ത ദിവസം തന്നെ പാസാക്കി ഈ 'ചര്‍ച്ചയില്ലാ സംസ്‌കാരം' പൂര്‍ണമായി ഉള്‍ക്കൊണ്ടു.
ഭരണഘടനയനുസരിച്ച് ഒരു നിയമസഭാ സമ്മേളനം കഴിഞ്ഞ് അടുത്ത സമ്മേളനം ചേരുന്നതിനിടയില്‍ ആറ് മാസത്തില്‍ കൂടുതല്‍ ഇടവേള വരാന്‍ പാടില്ല. 2025-ല്‍ എല്ലാ സംസ്ഥാനങ്ങളും ഈ നിബന്ധന പാലിച്ചെങ്കിലും, പലരും ഭരണഘടനാപരമായ ഈ കടമ 'പേരിന് മാത്രം' നിറവേറ്റുകയായിരുന്നു എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
അസം: മാര്‍ച്ച്, നവംബര്‍ സമ്മേളനങ്ങള്‍ക്കിടയിലെ 6 മാസത്തെ ഗ്യാപ്പ് ഒഴിവാക്കാന്‍ വേണ്ടി മാത്രം ജൂണില്‍ വെറും ഒരു ദിവസത്തെ സഭ സമ്മേളനം നടത്തി.
ഗുജറാത്ത്: മാര്‍ച്ചിലെ സഭ പിരിഞ്ഞശേഷം സെപ്റ്റംബറില്‍ മൂന്നു ദിവസത്തേക്ക് മാത്രമാണ് സഭ ചേര്‍ന്നത്.
രാജസ്ഥാന്‍: രണ്ട് സഭാ സമ്മേളനങ്ങള്‍ തമ്മിലുള്ള ഇടവേള 5 മാസവും 8 ദിവസവുമായിരുന്നു.
മേഘാലയ: ഇടവേള 5 മാസവും 26 ദിവസവും മാത്രം (ആറ് മാസം തികയാന്‍ നാല് ദിവസം ബാക്കിനില്‍ക്കെ).
2025-ല്‍ സംസ്ഥാന സഭകള്‍ ശരാശരി 24 ദിവസം മാത്രമാണ് സമ്മേളിച്ചത്. നാഗാലാന്‍ഡില്‍ ഇത് വെറും ഏഴു ദിവസമായിരുന്നപ്പോള്‍ ഒഡിഷയിലാണ് ഏറ്റവും കൂടുതല്‍ ദിവസം സഭ ചേര്‍ന്നത് (43 ദിവസം). പല സംസ്ഥാനങ്ങള്‍ക്കും വര്‍ഷത്തില്‍ ഇത്ര ദിവസം സഭ ചേരണം എന്ന കൃത്യമായ ലക്ഷ്യമുണ്ടെങ്കിലും, ഹിമാചല്‍ പ്രദേശ് ഒഴികെ മറ്റൊരു സംസ്ഥാനവും ഈ ലക്ഷ്യം കൈവരിച്ചില്ല.
ഒരു സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ധനകാര്യ രേഖയായ വാര്‍ഷിക ബജറ്റിന്മേല്‍ നടക്കുന്ന ചര്‍ച്ചകള്‍ പലയിടത്തും പേരിന് മാത്രമായി ഒതുങ്ങി. 2025-ല്‍ സംസ്ഥാനങ്ങള്‍ ബജറ്റ് ചര്‍ച്ചകള്‍ക്കായി നീക്കിവെച്ചത് ശരാശരി എട്ടു ദിവസം മാത്രമാണ്. തമിഴ്‌നാട് എല്ലാ വകുപ്പുകളുടെയും ബജറ്റ് ആവശ്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ 23 ദിവസം എടുത്തപ്പോള്‍, ഹരിയാന സംസ്ഥാനത്തിന്റെ മുഴുവന്‍ ബജറ്റ് ചര്‍ച്ചകളും ഒരൊറ്റ ദിവസം കൊണ്ട് അവസാനിപ്പിച്ച് പാസാക്കിയെടുത്തു. ജനങ്ങളുടെ നികുതിപ്പണം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കുന്ന ബജറ്റാണ് ഇങ്ങനെ ചര്‍ച്ചയില്ലാതെ പാസാക്കിയത്.
ഭരണഘടനയിലെ അനുച്ഛേദം 178 പ്രകാരം എല്ലാ സംസ്ഥാന നിയമസഭകളിലും ഡെപ്യൂട്ടി സ്പീക്കര്‍ ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ 2026 മേയിലെ കണക്കനുസരിച്ച് ലോക്‌സഭയ്ക്ക് പുറമെ എട്ട് സംസ്ഥാന നിയമസഭകളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിഞ്ഞുകിടക്കുകയാണ്. ജാര്‍ഖണ്ഡ് നിയമസഭയാകട്ടെ കഴിഞ്ഞ 21 വര്‍ഷത്തിലേറെയായി ഡെപ്യൂട്ടി സ്പീക്കര്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്! സഭയുടെ സുതാര്യമായ നടത്തിപ്പിനോട് ഭരണകൂടങ്ങള്‍ കാണിക്കുന്ന താല്പര്യക്കുറവാണ് ഇത് കാണിക്കുന്നത്.
തദ്ദേശസ്വയംഭരണം, നികുതി, വിദ്യാഭ്യാസം, കോച്ചിങ് സെന്ററുകളുടെ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ഭൂരിഭാഗം ബില്ലുകളും. എങ്കിലും കൃത്യമായ ജനകീയ ചര്‍ച്ചകള്‍ നടക്കാത്തതുകൊണ്ട് ചില സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന നിയമങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിവെച്ചു:
ഹരിയാനയിലെ വിലക്ക്: മൃതദേഹങ്ങള്‍ വച്ചുകൊണ്ട് പൊതുപ്രതിഷേധങ്ങള്‍ നടത്തുന്നത് ഹരിയാന സര്‍ക്കാര്‍ ക്രിമിനല്‍ കുറ്റമാക്കി മാറ്റി. ജീവനുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു പകരം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് ഇവിടെ മുന്‍ഗണന നല്‍കിയത്.
മൃഗങ്ങളുടെ മത്സരങ്ങള്‍ക്ക് നിയമസാധുത: ആധുനിക കാലത്ത് മൃഗസംരക്ഷണത്തിന് മുന്‍ഗണന നല്‍കുമ്പോള്‍ അസം എരുമപ്പോരിനും (Buffalo fights), കേരളം കാളപ്പൂട്ട് (Cattle racing) മത്സരങ്ങള്‍ക്കും നിയമപരമായ അനുമതി നല്‍കി.
മിസോറാമിലെ നിരോധനം: ദാരിദ്ര്യ നിര്‍മാര്‍ജനത്തിനോ പുനരധിവാസത്തിനോ മുന്‍ഗണന നല്‍കുന്നതിന് പകരം, ഭിക്ഷാടനം തന്നെ പൂര്‍ണമായി നിരോധിച്ചുകൊണ്ട് പാവപ്പെട്ടവരെ കുറ്റവാളികളാക്കുന്ന നിയമമാണ് മിസോറാം കൊണ്ടുവന്നത്.
അതേസമയം, ചില നല്ല നിയമനിര്‍മാണങ്ങളും ഇതോടൊപ്പം നടന്നു. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം കൂട്ടാന്‍ 13 സംസ്ഥാനങ്ങള്‍ രാത്രി ഷിഫ്റ്റുകളില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കി. ബിഹാര്‍, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ഗിഗ് തൊഴിലാളികള്‍ക്ക് (സൊമാറ്റോ, സ്വിഗ്ഗി ജീവനക്കാര്‍) സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന നിയമങ്ങള്‍ പാസാക്കി.
നിയമസഭകള്‍ എന്നത് ജനങ്ങളുടെ ശബ്ദം കേള്‍ക്കേണ്ടതും നിയമങ്ങള്‍ അരിച്ചുപെറുക്കി ജനനന്മയ്ക്കായി മാത്രം നിര്‍മിക്കേണ്ടതുമായ ഇടങ്ങളാണ്. എന്നാല്‍ ജനപ്രതിനിധികള്‍ ബില്ലുകള്‍ വിശദമായി വായിച്ചു പഠിക്കാനോ ജനാധിപത്യപരമായ സംവാദങ്ങള്‍ക്ക് വിടാനോ തയ്യാറാകാതെ നിയമസഭകളെ കേവലം 'റബ്ബര്‍ സ്റ്റാമ്പുകള്‍' ആക്കി മാറ്റുന്ന ഈ പ്രവണത രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
English Summary: The practice of passing bills in legislatures without adequate study or detailed debate, commonly criticized in Parliament as "rushed discussions," is increasingly spreading to state legislatures across India. This concern has been highlighted in the Annual Review of State Laws 2025 report released by PRS Legislative Research. The report points to a growing trend where legislative bills are being approved with limited scrutiny, raising questions about the quality of lawmaking, transparency, and democratic deliberation at the state level.