

ഇന്ത്യയുടെ ഇന്നത്തെ സമ്പത്തിക, സാമൂഹിക പശ്ചാത്തലം 1973ല്‍ രാജ്യം നേരിട്ടതിന് സമാനമാണ് എന്നാണ് ചില നിരീക്ഷകര്‍ പറയുന്നത്. എണ്ണ പ്രതിസന്ധി, കാലവര്‍ഷ ആശങ്കകള്‍, വ്യാപക തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവ രണ്ട് കാലഘട്ടത്തിന്റെയും പൊതുവായ സവിശേഷതയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അന്നത്തെ പ്രതിസന്ധികളോട് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി സ്വീകരിച്ച, സ്വയം തിരിച്ചടിയായ മാര്‍ഗങ്ങളില്‍ നിന്നും ഇന്നത്തെ സര്‍ക്കാരും പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന ഉപദേശവും നിരീക്ഷകര്‍ നല്‍കുന്നുണ്ട്.
1973-ല്‍ എന്താണ് സംഭവിച്ചത്
സിപിഐ, ഡിഎംകെ എന്നീ സഖ്യകക്ഷികളോടൊപ്പം 80 ശതമാനം സീറ്റുകളും തൂത്തുവാരിയാണ് ഇന്ദിരാഗാന്ധി 1971-ലെ പൊതുതിരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയത്. തൊട്ടടുത്ത വര്‍ഷം, വോട്ടെടുപ്പ് നടന്ന 19 സംസ്ഥാനങ്ങളില്‍ 15 ഇടത്തും അതിലും വലിയ ഭൂരിപക്ഷത്തോടെ അവര്‍ വിജയം കൊയ്തു. വളരെ ചെറിയ സംസ്ഥാനങ്ങളായ മണിപ്പൂര്‍, മേഘാലയ, മിസോറാം, ഗോവ എന്നിവിടങ്ങളിലാണ് ഇന്ദിരയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടത്. അധികാരത്തിന്റെയും പ്രശസ്തിയുടെയും കൊടുമുടിയിലായിരുന്നു അവര്‍. പാര്‍ട്ടി, മന്ത്രിസഭ, പാര്‍ലമെന്റ് എന്നിവയെല്ലാം അവരുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു.
എന്നാല്‍ കാര്യങ്ങള്‍ പെട്ടെന്ന് മാറിമറിഞ്ഞു. ഒന്നാമതായി, 1972-73 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കാലവര്‍ഷം ഇന്ത്യയെ ചതിച്ചു. പ്രധാനമായി കാര്‍ഷികാധിഷ്ഠിതമായിരുന്ന സമ്പദ്‌വ്യവസ്ഥയില്‍ ഹരിതവിപ്ലവത്തിലൂടെ ഉണ്ടായ നേട്ടങ്ങളെ ഇത് തകിടം മറിച്ചു. തൊട്ടുപിന്നാലെ 1973-ല്‍ യോം കിപ്പൂര്‍ യുദ്ധത്തോടൊപ്പം ആഗോള തലത്തില്‍ എണ്ണ പ്രതിസന്ധിയും ഉണ്ടായി. പടിഞ്ഞാറന്‍ ഏഷ്യന്‍ ഇസ്ലാമിക രാജ്യങ്ങള്‍ ചരിത്രത്തിലാദ്യമായി എണ്ണയെ ഒരു രാഷ്ട്രീയ ആയുധമായി പ്രയോഗിച്ചു. എണ്ണക്ഷാമവും കടുത്ത വിലക്കയറ്റവും ജനങ്ങളുടെ ദുരിതങ്ങളെ ഇരട്ടിയാക്കി. ഇതോടെ ഇന്ത്യയിലെ യുവാക്കള്‍ പ്രകോപിതരായി. ആദ്യം ഗുജറാത്തിലാണ് പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.
തൊഴിലില്ലായ്മ, വീട്ടുവാടക, വിലക്കയറ്റം എന്നിവ എല്ലാവരെയും ബാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍, കോളേജ് ഹോസ്റ്റലുകളിലെ മെസ്സ് ഫീസ് വര്‍ദ്ധിപ്പിച്ചതാണ് ജനരോഷത്തിന്റെ തീപ്പൊരിയായത്. അത് അന്നത്തെ മുഖ്യമന്ത്രി ചിമന്‍ഭായ് പട്ടേലിനെതിരെയുള്ള അഴിമതി വിരുദ്ധ പ്രതിഷേധമായി ('ചിമന്‍ ചോര്‍') മാറി. വൈകാതെ ബിഹാറിലെ വിദ്യാര്‍ഥി നേതാക്കളായ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ചേര്‍ന്ന് 'ബിഹാര്‍ ഛാത്ര സംഘര്‍ഷ് സമിതി' രൂപീകരിക്കുകയും വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ ശക്തമായ പ്രതിഷേധം കെട്ടിപ്പടുക്കുകയും ചെയ്തു.
ആശങ്കയിലായിരുന്ന ഇന്ദിരാഗാന്ധി പല രീതിയിലാണ് ഇതിനോട് പ്രതികരിച്ചത്. ചിമന്‍ഭായ് പട്ടേലിനെ സ്ഥാനത്ത് നിന്നും മാറ്റി. ബിഹാറിലെ മുഖ്യമന്ത്രിയായിരുന്ന അബ്ദുള്‍ ഗഫൂര്‍ 1974 വരെ പിടിച്ചുനിന്നെങ്കിലും 1975 ഏപ്രിലില്‍ അദ്ദേഹത്തിനും രാജിവെക്കേണ്ടി വന്നു. 1974-ല്‍ ഇന്ദിരാഗാന്ധി പൊഖ്റാന്‍-1 ആണവ പരീക്ഷണവും നടത്തി. വിദേശ ശക്തികള്‍, പ്രത്യേകിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നുവെന്ന സിദ്ധാന്തങ്ങള്‍ അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഇവയ്‌ക്കൊന്നും ജനങ്ങളെ പിന്തിരിപ്പിക്കാനായില്ല. 1974-ല്‍ പണപ്പെരുപ്പം 34 ശതമാനവും കടന്നു കുതിച്ചു. ഇതോടെ ജനവികാരം തടഞ്ഞുനിര്‍ത്താന്‍ സ്വന്തം ജനതയ്ക്ക് മേല്‍ അടിയന്തരാവസ്ഥ പ്രയോഗിച്ചു. ജനാധിപത്യത്തിന് മേല്‍ വലിയൊരു കറ വീഴ്ത്തിയ അടിയന്താവസ്ഥയ്ക്കും ഇന്ദിരയെ രക്ഷിക്കാനായില്ല. തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു.
ഇന്നത്തെ സാഹചര്യം: എണ്ണ പ്രതിസന്ധിയും കറന്‍സിമൂല്യ ഇടിവും
പടിഞ്ഞാറന്‍ ഏഷ്യയിലെ യുദ്ധത്തോടെ പുതിയൊരു എണ്ണ പ്രതിസന്ധി രാജ്യത്തിന് മുന്നിലുണ്ട്. ദുര്‍ബലമായികൊണ്ടിരിക്കുന്ന ഡോളറിന്റെ മൂല്യം രൂപയെ തകര്‍ച്ചയിലേക്ക് നയിച്ചു. ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം നൂറില്‍ എത്തുമോ എന്ന ആശങ്ക ഭരണകൂടത്തിനുണ്ട്. രൂപയുടെ മൂല്യ തകര്‍ച്ച സമ്പദ്വ്യവസ്ഥയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്. ഇന്ധന വില കൂട്ടുകയും ഉപഭോഗം ഗണ്യമായി കുറയ്ക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. വര്‍ക്കം ഫ്രം ഹോം പ്രോത്സാഹിപ്പിക്കാന്‍ കമ്പനികള്‍ തയ്യാറാവണമെന്നും സ്വര്‍ണം വാങ്ങുന്നത് നിര്‍ത്തിവെക്കാനും വിദേശ യാത്രകള്‍ കുറയ്ക്കാനും സര്‍ക്കാര്‍ ജനത്തോട് ആവശ്യപ്പെട്ടു. ഇതെല്ലം സൂചിപ്പിക്കുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അപകടത്തിലാണ് എന്നതാണ്. ഈ പ്രതിസന്ധി 1973-നെ ഓര്‍മ്മിപ്പിക്കുന്നതാണ്.
ഈ വിലക്കയറ്റത്തിന്റെ ഭാരം സര്‍ക്കാര്‍ ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ പണപ്പെരുപ്പം ഉയരുകയും തൊഴിലില്ലായ്മ കൂടുതല്‍ ശക്തിപ്രാപിക്കുകയും ചെയ്യും. ഇതൊരു എല്‍ നിനോ വര്‍ഷമാണെന്ന മുന്നറിയിപ്പ് 1973-ലെ കാലവര്‍ഷത്തെ ഓര്‍മിപ്പിക്കുന്നു. ഇന്ന് ജിഡിപിയില്‍ കൃഷിയുടെ പങ്ക് കുറവാണെങ്കിലും, ഒരു കാര്‍ഷിക പ്രതിസന്ധിയോളം ജനങ്ങളെ ബാധിക്കുന്ന മറ്റൊന്നില്ല. അതുകൊണ്ടാണ് എല്ലാവരുടെയും പ്രതികരണങ്ങള്‍ എന്തൊക്കെ അട്ടിമറികളാണ് വരുത്തുക എന്ന് പ്രവചിക്കാന്‍ കഴിയില്ല.
യുവാക്കള്‍ അസ്വസ്ഥരാണ്
യുവാക്കള്‍ സന്തോഷവാന്‍മാരല്ല എന്ന സൂചനകള്‍ ഇപ്പോള്‍ത്തന്നെ വ്യക്തമാണ്. നീറ്റ് വിവാദവും തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളും അതിന്റെ ഉദാഹരണമാണ്. സര്‍ക്കാര്‍ ബിസിനസുകള്‍ ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ യുവാക്കള്‍ ജോലിക്ക് വേണ്ടി വിവിധ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ ക്യൂ നില്‍ക്കുകയാണ്. വിദ്യാര്‍ഥികള്‍ മികച്ച വിദ്യാഭ്യാസത്തിനായി കാറ്റ്, നീറ്റ്, ജെഇഇ, ക്ലാറ്റ്, യുപിഎസ്‌സി, അഗ്‌നിവീര്‍, ക്യൂഇടി തുടങ്ങി പരീക്ഷകളുടെ ചക്രവ്യൂഹത്തില്‍ നിരാശനായി കുടുങ്ങിപ്പോയിരിക്കുകയാണ്. ഇത് ഇതിനകം സാമ്പത്തികമായി തകര്‍ന്ന മധ്യവര്‍ഗത്തിന്റെ സാമ്പത്തിക സമ്മര്‍ദ്ദം കൂട്ടുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ കടുത്ത കടക്കെണിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഇതിനെല്ലാം ഒടുവില്‍ സോഷ്യല്‍ മീഡിയകളില്‍ പുതിയ തരംഗമായി ഉയര്‍ന്നുവന്ന 'കോക്രോച്ച് ജനതാ പാര്‍ട്ടി' പോലെയുള്ള മുന്നേറ്റങ്ങള്‍ വെറുമൊരു തമാശയല്ല, മറിച്ച് യുവാക്കളുടെ ഉള്ളിലെ ഈ വലിയ അമര്‍ഷത്തിന്റെ പ്രതിഫലനമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ചുരുക്കത്തില്‍, ഇന്നത്തെ കാലം 1973നെ ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യ ഇന്ന് അന്നത്തെക്കാള്‍ സാമ്പത്തികമായി ശക്തമായ ഒരു രാജ്യമാണ്. വിദേശ നിക്ഷേപങ്ങളുടെ പിന്‍വാങ്ങലും എണ്ണ വിലക്കയറ്റവും സമ്പദ്വ്യവസ്ഥയെ ഉലയ്ക്കുമ്പോഴും രാജ്യം ഒരു നിശ്ചിത വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുന്നുണ്ട് എന്നത് ആശ്വാസം നല്‍കുന്നുണ്ട്. എന്നിരുന്നാലും യുവാക്കളുടെ ഉള്ളിലെ പുകയുന്ന അമര്‍ഷത്തെ കേവലം ക്രമസമാധാന പ്രശ്‌നമായോ സോഷ്യല്‍ മീഡിയാ തമാശകളായോ കണ്ട് അവഗണിച്ചാല്‍, ചരിത്രം വീണ്ടും അതിന്റെ ക്രൂരമായ ആവര്‍ത്തനങ്ങള്‍ക്ക് മുതിര്‍ന്നേക്കാം. അങ്ങനെയുണ്ടാകാതിരിക്കാന്‍, ഭരണകൂടം വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ അടിസ്ഥാന മേഖലകളില്‍ അടിയന്തിരവും സുതാര്യവുമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയേ മതിയാകൂ.
English Summary: India today shows striking similarities to the crisis period of 1973, marked by rising oil prices, monsoon concerns, unemployment, and inflationary pressure. Back then, despite being at the height of political power, Indira Gandhi struggled to contain growing public anger triggered by economic distress, eventually leading to the Emergency. while modern India is economically stronger and politically different, warning signs, especially youth frustration, education pressures, and economic uncertainty, should not be ignored.