

ജെൻ-സി തലമുറ യാതൊരു കാരണവുമില്ലാതെ എപ്പോഴും പഴി കേൾക്കുന്നവരാണെന്ന് നടി അനന്യ പാണ്ഡെ. കഠിനാധ്വാനം ചെയ്യാൻ മടിയുള്ളവരാണ് പുതിയ തലമുറയെന്ന പൊതുധാരണയെ അവർ തിരുത്തി. വിജയത്തോടുള്ള പുതിയ തലമുറയുടെ സമീപനം തികച്ചും വ്യത്യസ്തമാണെന്നാണ് ഇരുപത്തിയെട്ടുകാരിയായ താരത്തിന്റെ അഭിപ്രായം. 2026-ലെ ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ പങ്കെടുക്കവെയാണ് പുതിയ തലമുറയായ ജെൻ-സിയെ പ്രതിരോധിച്ചും തന്റെ സിനിമാ-വ്യക്തി ജീവിതങ്ങളെക്കുറിച്ച് അനന്യ പാണ്ഡെ മനസുതുറന്നത്.
''ജെൻ സി ഒരു കാരണവുമില്ലാതെ പഴി കേൾക്കുകയാണ്. വിജയം നേടാൻ ഇന്നത്തെ തലമുറയ്ക്ക് കഠിനമായി പോരാടാൻ താൽപര്യമില്ലെന്നൊരു ധാരണയുണ്ട്. എന്നാൽ വിജയത്തെ നമ്മൾ നിർവചിക്കുന്ന രീതി മാറിയതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. മാനസികമായും ശാരീരികമായും കഷ്ടപ്പെട്ടില്ലെങ്കിൽ കഠിനാധ്വാനം ചെയ്തിട്ടില്ലെന്നായിരുന്നു മുൻപ് കരുതിയിരുന്നത്. ഇന്ന് വിജയത്തിലേക്ക് എത്താൻ നിരവധി മാർഗങ്ങളുണ്ട്. അതിനെ സമീപിക്കുന്ന രീതിയാണ് മാറിയത്'' അനന്യ പറഞ്ഞു.
സമ്മിറ്റിൽ സംവിധായകൻ ഇംതിയാസ് അലിക്കൊപ്പം പങ്കെടുത്ത സെഷനിൽ നെപ്പോട്ടിസത്തെക്കുറിച്ചും അനന്യ സംസാരിച്ചു. താൻ അച്ഛന്റെ മകളാണെന്നതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ താരം, സിനിമയിലെത്തുന്ന പുതിയ തലമുറയ്ക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഒരുക്കാൻ തന്റെ ഭാഗത്തുനിന്ന് കഴിയുന്ന സഹായങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി. വരുംതലമുറയിലെ യുവതീ യുവാക്കൾക്ക് കൂടുതൽ സുരക്ഷിതമായ സിനിമാ സെറ്റുകൾ ലഭിക്കുന്നതിന് സഹായിക്കാനായാൽ അതൊരു നേട്ടമായി കാണുമെന്നും അനന്യ കൂട്ടിച്ചേർത്തു.
തനിക്ക് വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു. എല്ലാ തരത്തിലുള്ള വേഷങ്ങളും ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു അത്യാഗ്രഹിയായ നടിയാണ് താനെന്ന് വിശേഷിപ്പിച്ച അനന്യ, സ്ക്രീനിൽ കരയുന്ന രംഗങ്ങൾ ചെയ്യാൻ ഏറെ ഇഷ്ടമാണെന്നും വ്യക്തമാക്കി. യഥാർത്ഥ ജീവിതത്തിൽ താൻ അത്ര വികാരപ്രകടനങ്ങൾ നടത്തുന്ന വ്യക്തിയല്ലാത്തതുകൊണ്ടാകാം ഇത്തരം രംഗങ്ങൾ ഇഷ്ടപ്പെടുന്നതെന്നും പറഞ്ഞു. കോമഡി കഥാപാത്രങ്ങളോടും താൽപര്യമുണ്ടെന്ന് താരം കൂട്ടിച്ചേർത്തു.
ഇംതിയാസ് അലി സംവിധാനം ചെയ്ത 'ജബ് വി മെറ്റ്' എന്ന ചിത്രത്തിലെ കരീന കപൂറിന്റെ 'ഗീത്' എന്ന കഥാപാത്രം തികച്ചും ജെൻ-സി സ്വഭാവമുള്ളതാണെന്ന് അനന്യ ചൂണ്ടിക്കാട്ടി. തനിക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയാവുന്നതും മറ്റാർക്കും വേണ്ടി സ്വയം മാറാൻ തയ്യാറല്ലാത്തതുമായ ഗീത് പുതിയ തലമുറയുടെ പ്രതിനിധിയാണെന്ന് അനന്യ പറഞ്ഞു.
പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും അനന്യ പങ്കുവെച്ചു. ഇന്നത്തെ തലമുറയിലും വലിയ പ്രണയകഥകൾക്ക് പ്രസക്തിയുണ്ടെന്നും അത്തരത്തിലുള്ള പ്രണയത്തോട് ഒരുതരം ഗൃഹാതുരത്വം തോന്നുന്നുണ്ടെന്നും താരം പറഞ്ഞു. പ്രണയത്തിന്റെ കാര്യത്തിൽ തങ്ങളുടെ പ്രതീക്ഷകൾ വളരെ ഉയർന്നതാണെന്നും വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും അനന്യ വ്യക്തമാക്കി. 'എന്നെ സംബന്ധിച്ച് പ്രണയമാണ് എല്ലാം. വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും ഞാൻ ആഗ്രഹിക്കുന്നുണ്ട്', എന്നും താരം പറഞ്ഞു.
വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള സിനിമകൾ ഒരുപോലെ വിജയിക്കുന്നതാണ് ഇപ്പോഴത്തെ സിനിമാ ലോകത്തെ ഏറ്റവും വലിയ മാറ്റമെന്ന് താരം അഭിപ്രായപ്പെട്ടു. പഴയ രീതികളെയോ വിജയസൂത്രങ്ങളെയോ മാത്രം ആശ്രയിച്ചല്ല ഇപ്പോൾ സിനിമകൾ മുന്നോട്ടുപോകുന്നതെന്നും അനന്യ പറഞ്ഞു. മലയാളത്തിൽ നിന്നുള്ള ഫീമെയിൽ സൂപ്പർഹീറോ ചിത്രമായ 'ലോക'യും ഇംതിയാസ് അലിയുടെ 'മെയിൻ വാപസ് ആഊംഗാ'യും ഒരേസമയം പ്രേക്ഷകശ്രദ്ധ നേടുന്നത് ഇതിന് ഉദാഹരണമായി താരം ചൂണ്ടിക്കാട്ടി. തിരക്കുകളില്ലാതെ മനോഹരമായി കഥ പറയുന്ന ചിത്രമാണ് 'മെയിൻ വാപസ് ആഊംഗാ'യെന്നും അത്തരം സിനിമകൾക്കും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ കഴിയുന്നുണ്ടെന്നും അനന്യ പറഞ്ഞു.
Ananya Panday has defended Gen Z, saying the generation is unfairly criticised and that only the definition and methods of achieving success have changed. At the Hindustan Times Leadership Summit 2026, she also discussed nepotism, workplace safety, dream roles, love and her admiration for Geet from Jab We Met.