

തമിഴ് സിനിമയിൽ തുടർച്ചയായ വിജയങ്ങളിലൂടെ ശ്രദ്ധ നേടുകയാണ് മലയാളി നടിയായ അനിഷ്മ അനിൽകുമാർ. 'സിറൈ', 'യൂത്ത്', 'മൊദ രാത്രി' എന്നീ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെ തന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം. ജെഎഫ്ഡബ്ല്യു ബിൻജ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനിഷ്മ മനസ്സ് തുറന്നത്.
"തുടക്കത്തിൽ വീട്ടിൽ പിന്തുണയുണ്ടായിരുന്നില്ല. പെൺകുട്ടിയെ അഭിനയിക്കാൻ വിടരുത്, കല്യാണം കഴിപ്പിക്കുകയോ സര്‍ക്കാര്‍ ജോലിക്ക് അയക്കുകയോ ചെയ്യണമെന്ന് ബന്ധുക്കൾ അച്ഛനോടും അമ്മയോടും പറയുമായിരുന്നു. എന്നാൽ ഒടുവിൽ എന്റെ സന്തോഷത്തിനാണ് അച്ഛനും അമ്മയും മുൻഗണന നൽകിയത്.
ചില സിനിമകളുടെ സെറ്റുകളിൽ വെച്ച് ലുക്ക് മാറ്റണമെന്നും പല്ലിന്റെ ഘടന ശരിയാക്കണമെന്നുമൊക്കെ നിർദേശങ്ങൾ ലഭിച്ചിരുന്നു. നടിയാണെന്ന് കരുതി നമ്മൾ നമ്മളെത്തന്നെ മാറ്റേണ്ട ആവശ്യമുണ്ടോ എന്ന് എനിക്ക് തോന്നാറുണ്ട്. ഞാൻ വളരെ ഇൻസെക്യൂറായ ഒരു വ്യക്തിയാണ്, വലിയ ആത്മവിശ്വാസമൊന്നുമില്ല. പുറമേക്ക് അങ്ങനെ അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. കോളജിൽ പഠിക്കുമ്പോൾ ഈ ഇൻസെക്യൂരിറ്റിയെക്കുറിച്ച് അറിയില്ലായിരുന്നു.
സിനിമയിലെത്തിയ ശേഷമാണ് ആളുകളുടെ കമന്റുകൾ നേരിട്ട് കേൾക്കാൻ തുടങ്ങിയത്. ഉയരം കുറവായതിനാൽ ചില കഥാപാത്രങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് കൂടെയുള്ളവർ പറയുമ്പോൾ വിഷമം തോന്നാറുണ്ട്. അഭിനയത്തെ വിമർശിക്കുന്നതിൽ കുഴപ്പമില്ല എന്നാൽ ലുക്കിനെക്കുറിച്ച് സംസാരിക്കുമ്പോൾ അത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. നമ്മൾ ജനിച്ച രീതി മാറ്റാൻ നമുക്ക് കഴിയില്ലല്ലോ.
നായികയായതുകൊണ്ട് പുറത്തുപോകുമ്പോൾ മേക്കപ്പിടണം, പല്ല് ശരിയാക്കണം, വസ്ത്രധാരണം മാറ്റണം എന്നൊക്കെ പറയുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. ലൂസ് ഷർട്ടും ജീൻസുമിട്ട് നടക്കാനാണ് എനിക്കിഷ്ടം. ഒരു ഘട്ടത്തിൽ മറ്റുള്ളവർ പറഞ്ഞതുപോലെ ജീവിക്കാൻ ശ്രമിച്ചെങ്കിലും അത് ഞാനല്ലെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. പിന്നെ ഞാനിങ്ങനെയാണ്, നമ്മുടെ ജോലി കൃത്യമായി ചെയ്താൽ മതി, വേറൊരാളായി മാറി ഒന്നും നേടേണ്ടതില്ല. അങ്ങനെയായാൽ സന്തോഷമുണ്ടാകില്ല എന്ന് എനിക്ക് തോന്നി", അനിഷ്മ വ്യക്തമാക്കി.
മലയാളത്തിലൂടെ സിനിമയിലെത്തിയി പിന്നീട് തമിഴ് സിനിമാലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് അനിഷ്മ അനിൽകുമാർ. മലയാള ചിത്രമായ 'പൂവൻ' എന്ന ചിത്രത്തിലൂടെയായിരുന്നു അനിഷ്മയുടെ അരങ്ങേറ്റം. തുടർന്ന് 'ഐ ആം കാതലൻ', ബേസിൽ ജോസഫ് നായകനായ 'മരണമാസ്സ്' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. എന്നാൽ തമിഴിലെത്തിയതോടെയാണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവുണ്ടാകുന്നത്. തമിഴ് അരങ്ങേറ്റ ചിത്രമായ 'സിറൈ'യിൽ കലൈയരസി എന്ന കഥാപാത്രത്തെയാണ് അനിഷ്മ അവതരിപ്പിച്ചത്. ജാതീയതയും സാമൂഹികമായ മുൻവിധികളും കുടുംബത്തിന്റെ എതിർപ്പുകളും നിലനിൽക്കുമ്പോഴും തന്റെ പ്രണയത്തിൽ ഉറച്ചുനിൽക്കുന്ന യുവതിയായാണ് താരം ചിത്രത്തിൽ എത്തിയത്. ചുരുങ്ങിയ കാലംകൊണ്ട് വ്യത്യസ്തമായ വേഷങ്ങളിലൂടെ തമിഴ് സിനിമാരംഗത്ത് സ്വന്തമായൊരു ഇടം കണ്ടെത്താൻ അനിഷ്മ അനിൽകുമാറിന് കഴിഞ്ഞിട്ടുണ്ട്
Malayali actress Anishma Anilkumar has opened up about body-image criticism, insecurities and the challenges she faced early in her film career. In an interview with JFW Binge, she said she no longer feels the need to change her appearance to meet others’ expectations and believes in staying true to herself.