

തന്റെ ചിത്രങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ എഐ എഡിറ്റുകൾ സഹിക്കാനാകാതെയാണ് ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാം ഉപേക്ഷിച്ചതെന്ന് വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി. സോഷ്യൽ മീഡിയ മാനേജ്‌മെന്റ് ടീമിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു ഈ തീരുമാനം. 'സ്‌ക്രീന്' നൽകിയ അഭിമുഖത്തിലാണ് താരം ഇൻസ്റ്റഗ്രാം ഡിടോക്‌സിനെക്കുറിച്ചും സോഷ്യൽ മീഡിയയിൽ നേരിടുന്ന അനാവശ്യ സമ്മർദ്ദങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞത്.
"എനിക്ക് അത് ഒട്ടും ഇഷ്ടമല്ലായിരുന്നു. ഞാൻ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളാണ് അവർ ഇത്തരം എഐ എഡിറ്റുകൾക്കായി എടുക്കുന്നത്. ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് ഇപ്പോഴും പൂർണ്ണമായി തടയാൻ കഴിഞ്ഞിട്ടില്ല. അത് നമ്മളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. എന്നാൽ ആ സമയത്ത് എനിക്കിത് മടുത്തിരുന്നു. കൂടുതൽ ഇത്തരം എഡിറ്റുകൾ കാണാൻ ആഗ്രഹിക്കാത്തതിനാലാണ് സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചത്. സോഷ്യൽ മീഡിയയിൽ എപ്പോഴും സന്തോഷവതിയാണെന്ന് വരുത്തിത്തീർക്കേണ്ട സമ്മർദ്ദം ഇപ്പോൾ ഇല്ല. കരിയറിൽ തിരിച്ചടികൾ നേരിടുമ്പോൾ പോലും സോഷ്യൽ മീഡിയയിൽ അഭിനയിക്കേണ്ടി വരുന്ന അവസ്ഥ മുൻപ് അനുഭവപ്പെട്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ സ്വന്തം കഴിവിൽ കൂടുതൽ ആത്മവിശ്വാസം ലഭിച്ചപോലെയുണ്ട്. ഉടൻ സോഷ്യൽ മീഡിയയിലേക്ക് മടങ്ങിയെത്താൻ പദ്ധതിയില്ല" എന്ന്ഐശ്വര്യ വ്യക്തമാക്കി.
ഇൻസ്റ്റഗ്രാമിൽ നിന്ന് വിട്ടുനിൽക്കുന്നത് കാരണം ബ്രാൻഡ് ഡീലുകൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും നടിയെന്ന നിലയിൽ ഇത് മികച്ച മാറ്റമാണ് ഉണ്ടാക്കിയതെന്ന് നടി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷമാണ് സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായും പിന്മാറുന്നതായി ഐശ്വര്യ ലക്ഷ്മി പ്രഖ്യാപിച്ചത്. കരിയറിനും വ്യക്തിജീവിതത്തിനും കൂടുതൽ ശ്രദ്ധ നൽകാനാണ് ഈ തീരുമാനമെന്ന് അന്ന് താരം വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയ തന്റെ ശ്രദ്ധ തിരിക്കുകയും ചിന്തകളെ ബാധിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐശ്വര്യ അന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിപ്പ് പങ്കുവെച്ചത്. വരുംകാലത്ത് പ്രേക്ഷകർ മറന്നുപോയേക്കാം എന്ന റിസ്ക് എടുത്താണ് ഈ തീരുമാനമെന്നും, നല്ല സിനിമകളിലൂടെ പഴയതുപോലെ പ്രേക്ഷകരുടെ സ്‌നേഹം നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്താണ് താരം അന്ന് കുറിപ്പ് അവസാനിപ്പിച്ചത്.
ബാലാജി മോഹൻ സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്‌സ് റൊമാന്റിക് സീരീസ് '#ലവ്' ആണ് ഐശ്വര്യ ലക്ഷ്മിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഡേറ്റിംഗ് ആപ്പ് ഉടമയായ താരാ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ഇതിൽ അവതരിപ്പിച്ചത്. സൗന്ദര്യ രജനികാന്ത് നിർമ്മിച്ച ഈ പരമ്പരയിലൂടെയാണ് ഐശ്വര്യ ഡിജിറ്റൽ രംഗത്തേക്ക് കടക്കുന്നത്. അർജുൻ ദാസ് ആണ് സീരീസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
Aishwarya Lekshmi has revealed that she quit Instagram because she was uncomfortable with fake AI edits made using her photos. The actor says stepping away from social media has improved her personal and professional life, and she has no immediate plans to return despite losing some brand deals.