

'ജയിലർ 2' പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച ചാറ്റ് ഷോയിൽ സംഗീത സംവിധായകൻ അനിരുദ്ധിനെയും സംവിധായകൻ നെൽസൺ ദിലീപ്കുമാറിനെയും പരസ്യമായി കളിയാക്കുന്ന നടൻ സുരാജ് വെഞ്ഞാറമൂടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചിത്രത്തിലെ വൻ ഹിറ്റായ 'അല്ല ബോലേലോ' എന്ന ഗാനത്തിലെ വരികളെ ചൂണ്ടിക്കാണിച്ചായിരുന്നു സദസ്സിലിരുന്ന സുരാജിന്റെ രസകരമായ മറുപടി. പാട്ടിലെ വരികൾ മലയാളമല്ലെന്നും ഭാഷയെ കളിയാക്കുന്ന തരത്തിലുള്ളതാണെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന വിമർശനം. പ്രൊമോഷൻ പരിപാടിക്കിടെ നെൽസണും അനിരുദ്ധും ഈ പാട്ടിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സുരാജിന്റെ ഇടപെടൽ.
"ഇത് മലയാളമൊന്നുമല്ല. അല്ല ബോലേലോ, പിത്ത ബോലലോ... ഇതെന്ത് മലയാളം?" എന്ന് സുരാജ് ചോദിച്ചതോടെ സദസ് ഒന്നടങ്കം കയ്യടിക്കുകയായിരുന്നു. മലയാളം പോലെയൊരു പാട്ട് തയ്യാറാക്കാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും അതിനാലാണ് ഇത്തരമൊരു ഗാനം ചെയ്തതെന്നുമായിരുന്നു അനിരുദ്ധിന്റെ മറുപടി. എന്നാൽ തനിക്ക് മലയാളവും 'അല്ല ബോലേലോ'യും അറിയില്ലെന്ന നിലപാടിലായിരുന്നു നെൽസൺ. പരിപാടിയിൽ പങ്കെടുത്ത നടി മിർനയും 'അല്ല ബോലേലോ' എന്നൊരു വാക്ക് മലയാളം ഡിക്ഷ്ണറിയിൽ കണ്ടിട്ടില്ലെന്ന് തുറന്നുപറഞ്ഞു.
വീഡിയോ പ്രചരിച്ചതോടെ ഓരോ മലയാളിയും ചോദിക്കാൻ ആഗ്രഹിച്ച കാര്യമാണ് സുരാജ് പരസ്യമായി ചോദിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന പ്രതികരണം. മുൻപ് 'വിക്രം' സിനിമയിലെ 'പത്തല പത്തല' എന്ന ഗാനത്തിലും അനിരുദ്ധ് സമാനമായ രീതിയിൽ വരികൾ നൽകിയിരുന്നുവെന്ന് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ആദ്യ ഭാഗത്തില്‍ രജനിയ്ക്ക് വില്ലനായെത്തിയത് വിനായകന്‍ ആയിരുന്നു. രണ്ടാം ഭാഗത്തില്‍ രജനിയ്ക്ക് എതിരാളിയായി മലയാളി താരം സുരാജ് വെഞ്ഞാറമൂട് ആണെത്തുന്നത്. സുരാജും രജനിയും നേര്‍ക്കുനേര്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിലെ സുരാജിന്റെ ലുക്ക് നേരത്തെ തന്നെ കയ്യടി നേടിയിരുന്നു. മോഹൻലാൽ വീണ്ടും അതിഥി വേഷത്തിലെത്തുന്ന 'ജയിലർ 2' വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.
Actor Suraj Venjaramoodu has humorously questioned the Malayalam lyrics of Anirudh Ravichander’s song ‘Alla Bollello’ during a Jailer 2 promotional chat show featuring director Nelson Dilipkumar. The exchange went viral, with social media users reacting to the song’s unusual lyrics and their resemblance to Malayalam.