

രജിനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ പ്രഖ്യാപനം മുതൽ തന്നെ വലിയ പ്രതീക്ഷയുയർത്തിയ ചിത്രമാണ്. എന്നാൽ ചിത്രത്തിൽ തമിഴ് സൂപ്പർതാരത്തിനൊപ്പം അണിനിരക്കുന്ന മലയാളി താരങ്ങളുടെ വലിയ നിരയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മോഹൻലാൽ മുതൽ സുരാജ് വെഞ്ഞാറമൂട് വരെ നീളുന്ന ഏകദേശം 11 പേരടങ്ങുന്ന മലയാളി താരനിരയാണ് ‘ജയിലർ 2’നെ കേരളത്തിലും ഏറെ കൗതുകമുള്ള ചിത്രമാക്കി മാറ്റുന്നത്. ഒക്ടോബർ 15നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്.
ആദ്യഭാഗത്തിൽ തന്നെ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ അതിഥിവേഷത്തിലെത്തിയിരുന്നു. മാത്യു എന്ന കഥാപാത്രമായി എത്തിയ മോഹൻലാലിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. രണ്ടാം ഭാഗത്തിലും മോഹൻലാലിന്റെ മാസ് തിരിച്ചുവരവുണ്ടാകുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലർ നൽകുന്നത്. മോഹൻലാലിന് പുറമെ മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ ശ്രദ്ധേയമായ മറ്റൊരു മലയാളി സാന്നിധ്യം. പ്രതിനായക വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഹാസ്യതാരമെന്ന നിലയിൽ നിന്ന് ശക്തമായ കഥാപാത്രങ്ങളിലേക്കുള്ള സുരാജിന്റെ മാറ്റം നേരത്തെ തന്നെ തമിഴ് പ്രേക്ഷകരുടെയും ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ടുതന്നെ ‘ജയിലർ 2’ൽ സുരാജ് അവതരിപ്പിക്കുന്ന കഥാപാത്രം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.
ആദ്യഭാഗത്തിൽ വില്ലനായ 'വർമ്മൻ' എന്ന കഥാപാത്രമായി തിളങ്ങിയ വിനായകനും രണ്ടാം ഭാഗത്തിൽ എത്തുന്നുണ്ട്. രജിനികാന്തും വിനായകനും തമ്മിലുള്ള ആദ്യഭാഗത്തെ കോമ്പിനേഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം ഭാഗത്തിൽ വിനായകന്റെ കഥാപാത്രത്തിന് എത്രത്തോളം പ്രാധാന്യമുണ്ടാകുമെന്നതാണ് ഇനി അറിയാനുള്ളത്.
ഇവർക്കൊപ്പം അന്ന രേഷ്മ രാജൻ, ഷംന കാസിം, ഹക്കീം ഷാജഹാൻ, കോട്ടയം നസീർ, സുനിൽ സുഖദ, സുജിത് ശങ്കർ, വിനീത് തട്ടിൽ ഡേവിഡ്, രാജേഷ് മാധവൻ തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളും ‘ജയിലർ 2’ൽ അണിനിരക്കുന്നുണ്ട്. ഇതോടെ മലയാളി താരങ്ങളുടെ വലിയ സാന്നിധ്യമാണ് ചിത്രത്തിലുണ്ടാകുന്നത്. രജിനികാന്ത്, നെൽസൺ ദിലീപ്കുമാർ കൂട്ടുകെട്ടിനൊപ്പം മലയാളത്തിലെ ശ്രദ്ധേയ താരങ്ങൾ കൂടി എത്തുന്നതോടെ കേരളത്തിലെ പ്രേക്ഷകർക്കും ചിത്രത്തോട് പ്രത്യേക താൽപര്യമുണ്ട്. തമിഴ് ചിത്രമാണെങ്കിലും മലയാളി താരങ്ങളുടെ സാന്നിധ്യം, ചിത്രത്തെ ഒരു തരത്തിൽ മലയാളി താരങ്ങളുടെ തമിഴ് സിനിമാ സംഗമം കൂടിയാക്കുകയാണ്.
ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രം, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ആദ്യഭാഗത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജിനികാന്ത് വീണ്ടും എത്തുന്ന ചിത്രം കൂടിയാണ്.
പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന രംഗങ്ങളുമായാണ് ‘ജയിലർ 2’ന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ആദ്യഭാഗത്തേക്കാൾ വലിയ കാൻവാസിലും കൂടുതൽ മാസ് രംഗങ്ങളോടെയുമാണ് രണ്ടാം ഭാഗം ഒരുങ്ങിയിരിക്കുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. വമ്പൻ സംഘട്ടനരംഗങ്ങൾക്കൊപ്പം ചടുലമായ ഗാനങ്ങളും വൈകാരിക മുഹൂർത്തങ്ങളും കിടിലൻ സംഭാഷണങ്ങളും സ്റ്റൈലിഷ് അവതരണവുമെല്ലാം ട്രെയിലറിൽ ഇടംപിടിച്ചിട്ടുണ്ട്.
രണ്ടാം ഭാഗത്തിനും അനിരുദ്ധ് രവിചന്ദറാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ട്രെയ്‌ലറിന്റെ പ്രധാന ആകർഷണങ്ങളിലൊന്നും അനിരുദ്ധിന്റെ സംഗീതം തന്നെയാണ്. ചിത്രത്തിലെ ‘അല്ല ബോലലോ’ എന്ന ഗാനം നേരത്തെ പുറത്തിറങ്ങി ശ്രദ്ധ നേടിയിരുന്നു. ഇതിന് പുറമെ ചിത്രത്തിലെ മറ്റ് ഗാനങ്ങളും സംഗീത ആൽബവും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്.
Rajinikanth’s Jailer 2 has created curiosity in Kerala with a notable lineup of Malayalam actors. Alongside Mohanlal, Suraj Venjaramoodu, Vinayakan, Anna Reshma Rajan, Shamna Kasim and others are part of the film. Directed by Nelson Dilipkumar, the highly anticipated sequel is scheduled for a global theatrical release on October 15.