

84-ാം പിറന്നാളിന് ഒരാഴ്ച മാത്രം ശേഷിക്കെ ഉറക്കത്തിന് സമയം കണ്ടെത്താൻ കഴിയുന്നില്ലെന്ന് വെളിപ്പെടുത്തി നടൻ അമിതാഭ് ബച്ചൻ. ജോലിയിലെ തിരക്കും, നിരവധിയായ ചിന്തകളും കാരണം ആവശ്യത്തിന് വിശ്രമിക്കാൻ കഴിയുന്നില്ലെന്നാണ് താരം പറയുന്നത്. മനുഷ്യശരീരത്തിന് ഏറ്റവും മികച്ച ‘റിപ്പയർ മെക്കാനിസം’ രാത്രിയിലെ ഉറക്കമാണെന്ന് പറയാറുണ്ടെങ്കിലും അതിനായി തനിക്ക് സമയം കണ്ടെത്താൻ കഴിയുന്നില്ലെന്നായിരുന്നു താരത്തിന്റെ വാക്കുകൾ. ബ്ലോഗിലൂടെയാണ് അമിതാഭ് ബച്ചൻ ഇക്കാര്യം പങ്കുവെച്ചത്.
ഉറക്കത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതായും ഇനി സമയത്തിന് ഉറങ്ങാനും ആവശ്യത്തിന് വിശ്രമിക്കാൻ ശ്രമിക്കുമെന്നും അമിതാഭ് പറഞ്ഞു. നേരത്തെ ഉറങ്ങി, നേരത്തെ തന്നെ ഉണരാനാണ് ശ്രമമെന്നും താരം വ്യക്തമാക്കി. എന്നാൽ ഉറക്കം നഷ്ടപ്പെടുത്തുന്നതിന് പിന്നിൽ നിരവധി ചിന്തകളും ആശയക്കുഴപ്പങ്ങളുമാണെന്നും അമിതാഭ് പറഞ്ഞു. ഒരിക്കൽ താൻ തന്റെ ലക്ഷ്യങ്ങളായി കരുതിയിരുന്ന കാര്യങ്ങളെല്ലാം സ്വന്തമാക്കാനുള്ള ആവേശവും ഊർജവും ഇപ്പോഴും മനസിലുണ്ടെന്നും താരം കുറിച്ചു.
ലക്ഷ്യങ്ങളിലേക്ക് മുന്നേറാനും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുമുള്ള ഊർജം ഈ ആവേശം നൽകുന്നുണ്ടെന്നും അമിതാഭ് ബച്ചൻ പറഞ്ഞു. ഒടുവിൽ, “ഇനി ഞാൻ കിടക്കയിലേക്ക് ഓടണം” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.
അതേസമയം, കഴിഞ്ഞയാഴ്ച ‘കൗൻ ബനേഗാ ക്രോർപതി’യുടെ സെറ്റിൽവെച്ച് ഷൂട്ടിങ്ങിനിടെ തെന്നിവീണ് തന്റെ കാൽമുട്ടിന് പരിക്കേറ്റതായും അമിതാഭ് ബച്ചൻ വെളിപ്പെടുത്തിയിരുന്നു. ഷോയിൽ ഗംഭീര എൻട്രി നടത്തിയതിന് പിന്നാലെ അമിതാഭ് ബച്ചൻ പതിവിന് വിപരീതമായി ഇരിക്കുകയായിരുന്നു. സാധാരണയായി സ്റ്റേജിൽ നിന്നുകൊണ്ടാണ് തന്റെ മോണോലോഗ് അവതരിപ്പിക്കാറുള്ളതെന്നും എന്നാൽ ഇത്തവണ കാൽമുട്ടിന് പരിക്കേറ്റതിനാലാണ് ഇരിക്കുന്നതെന്നും താരം പറഞ്ഞു. ഷൂട്ടിങ്ങിനിടെ തെന്നിവീണ് ഇടതുകാലിന് പരിക്കേറ്റതായും, പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരിക്കേറ്റതിന് പിന്നാലെ തന്നെ ഭാര്യയും നടിയുമായ ജയ ബച്ചനും വിഖ്യാത എഴുത്തുകാരൻ ഗുൽസാറിനുമൊപ്പം മുംബൈയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിലും അമിതാഭ് പങ്കെടുത്തിരുന്നു.
84-ാം വയസ്സിലും സിനിമാ മേഖലയിൽ സജീവമായി തുടരുകയാണ് അമിതാഭ് ബച്ചൻ. സോണിയിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ക്വിസ് ഷോയായ ‘കൗൻ ബനേഗാ ക്രോർപതി’യുടെ അവതാരകനായി തുടരുന്നതിനൊപ്പം ‘വേട്ടയ്യൻ’, ‘ഊഞ്ചായി’ തുടങ്ങിയ സിനിമകളിലും താരം ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 2024ൽ നാഗ് അശ്വിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കൽക്കി 2898 എഡി’യിൽ അശ്വത്ഥാമാവായും അമിതാഭ് ബച്ചൻ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. ചിത്രത്തിലെ നിരവധി ആക്ഷൻ രംഗങ്ങളിലും 83-ാം വയസ്സിൽ താരം അഭിനയിച്ചത് താരത്തിന്റെ ജനപ്രീതി കൂട്ടുന്നതിൽ നിർണായക പങ്ക് വഹിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും അശ്വത്ഥാമാവായി അമിതാഭ് ബച്ചൻ തിരിച്ചെത്തും എന്നാണ് റിപ്പോർട്ടുകൾ.
Amitabh Bachchan, weeks away from turning 84, has revealed that his busy schedule and restless mind often leave him struggling to find time for sleep. Despite a recent knee injury, the veteran actor remains active. He will also reprise his role as Ashwatthama in Nag Ashwin’s Kalki 2898 AD sequel.