

സമൂഹമാധ്യമങ്ങളിലൂടെ ലഹരിമാഫിയക്കെതിരെയും അനീതികൾക്കെതിരെയും നിരന്തരം സംസാരിച്ചിരുന്ന വിവാദ മലയാളി വ്ളോഗര്‍ അബ്ദുൽ ഹക്കീം (എന്റെ കാസറ്റ്) അറസ്റ്റിലായ സംഭവത്തിൽ നടൻ ആന്റണി വർഗീസ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ഹക്കീമിന്റെ അറസ്റ്റ് വാർത്ത പങ്കുവെച്ചുകൊണ്ടാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടൻ ആക്ഷേപഹാസ്യ രൂപത്തിൽ പ്രതികരിച്ചത്.
‘‘നാട്ടുകാരെ ഉപദേശിച്ചിട്ട് സ്വയം നന്നാവാൻ മറന്ന മൊണ്ണ, നല്ല ഒരു പാവം മനുഷ്യനായിരുന്നു, ദൈവം അനുഗ്രഹിക്കട്ടെ’’ ഹക്കീം യുഎഇ പൊലീസിന്റെ പിടിയിലായെന്ന വാർത്തയുടെ സ്‌ക്രീൻഷോട്ട് പങ്കുവെച്ച് ആന്റണി കുറിച്ചു. ജൂലൈ ആദ്യവാരത്തിലാണ് ഹക്കീം അറസ്റ്റിലായെന്ന വിവരങ്ങൾ പുറത്തുവരുന്നത്. ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധത്തിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതിന് പിന്നാലെയായിരുന്നു സംഭവം. എന്നാൽ വാർത്തകളോട് ഷാർജ പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇതിന്റെ വാർത്ത പങ്കുവെച്ച് ആന്റണി രംഗത്തെത്തിയത്.
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘കിക്ക്’ വഴി ലൈവിലായിരിക്കെയാണ് സംഭവം നടന്നത്. മുന്നിലിരുന്ന ലാപ്ടോപ്പിൽ അബദ്ധത്തിൽ വിരലമർന്നാണ് ഹക്കീം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ തത്സമയം പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുഎഇയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഷാർജ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു എന്നാണ് വിവരം.
നേരത്തെ ആന്റണി വർഗീസിനെതിരെയും സമൂഹമാധ്യമങ്ങളിലൂടെ ഹക്കീം ഗുരുതര ആരോപണങ്ങളുമായി എത്തിയിരുന്നു. പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു നടനെതിരെ ഹക്കീം ഉന്നയിച്ച ആരോപണം. ഇതിന് തെളിവെന്ന രീതിയിൽ ആന്റണിയുടെയും പെൺകുട്ടിയുടെയും സ്വകാര്യ ചാറ്റുകൾ എന്ന് അവകാശപ്പെടുന്ന ചിത്രങ്ങളും ഹക്കീം ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിരുന്നു.
Actor Antony Varghese has taken a sarcastic dig at controversial vlogger Abdul Hakeem, known as “Ente Cassette,” following reports of his arrest in Sharjah in connection with alleged drug possession. Antony shared the arrest-related news on his Instagram Story, referring to the vlogger’s earlier tendency to advise others. Hakeem had previously made allegations against the actor on social media.