വിവാദ പരാമർശത്തിൽ വിശദീകരണവുമായി എ.ആർ. റഹ്മാൻ

ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിനിടയിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളായിരുന്നു വിവാദങ്ങൾക്കു വഴിയൊരുക്കിയത്
വിവാദ പരാമർശത്തിൽ വിശദീകരണവുമായി എ.ആർ. റഹ്മാൻ
Published on

ഇന്ത്യ എൻ്റെ പ്രചോദനമാണ്, എൻ്റെ ഗുരുവും എൻ്റെ വീടുമാണ്. എന്റെ ലക്ഷ്യം സംഗീതത്തിലൂടെ രാജ്യത്തെ ഉയർത്തുന്നതിലും, ബഹുമാനിക്കുന്നതിലും, സേവിക്കുന്നതിലും മാത്രമാണ്. ആരെയും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല, എൻ്റെ സത്യസന്ധത മനസിലാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു

എ.ആർ. റഹ്മാൻ

ബോളിവുഡിൽ കഴിഞ്ഞ എട്ട് വർഷങ്ങമായി തനിക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നതിന് പിന്നിൽ വർഗീയമായ കാരണങ്ങൾ ഉണ്ടായേക്കാമെന്ന പരാമർശത്തിൽ വിശദീകരണവുമായി എ ആർ റഹ്മാൻ. തന്റെ വാക്കുകൾ ആരെയും വേദനിപ്പിക്കാൻ വേണ്ടിയായിരുന്നില്ല എന്നും, ഇന്ത്യയോടുള്ള തന്റെ സ്നേഹം എക്കാലത്തും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. ഇന്ത്യയിലെ ബഹുസ്വരതയും സാംസ്‌കാരിക പൈതൃകവുമാണ് തന്റെ സംഗീതത്തിന് പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.

വിവാദ പരാമർശത്തിൽ വിശദീകരണവുമായി എ.ആർ. റഹ്മാൻ
'അവസരങ്ങൾ കിട്ടാൻ, ഹിന്ദു മതത്തിലേക്ക് വരണം'; എ ആർ റഹ്മാനോട് 'ഘർ വാപസി' ആവശ്യപ്പെട്ട് വിഎച്ച്പി

ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിനിടയിലാണ് റഹ്മാന്റെ വാക്കുകൾ വിവാദമായി മാറിയത്. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ബോളിവുഡിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞെന്നും സര്‍ഗാത്മകത ഇല്ലാത്തവരുടെ കൈകളിലാണ് അധികാരമെന്നും ചിലപ്പോഴൊക്കെ അതിന് വർഗ്ഗീയമാനമുണ്ടായേക്കാമെന്നും റഹ്‌മാൻ പറഞ്ഞിരുന്നു. തുടർന്നാണ് സോഷ്യൽ മീഡിയയിൽ അതിരൂക്ഷമായ വിമർശനങ്ങൾ അദ്ദേഹത്തെ തേടിയെത്തിയത്. ബോളിവുഡ് താരം കങ്കണ റണൗത്തിനെപ്പോലെയുള്ളവര്‍ റഹ്‍മാനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി റഹ്‍മാന്‍ എത്തിയിരിക്കുന്നത്.

എ ആര്‍ റഹ്മാന്റെ വാക്കുകൾ:

'പ്രിയ സുഹൃത്തുക്കളെ, നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കാനും, അതുമായി ഇടപെടാനും, ആഘോഷിക്കാനും ഞാൻ കണ്ടെത്തിയിരുന്ന വഴിയായിരുന്നു സംഗീതം. ഇന്ത്യയാണ് എന്‍റെ പ്രചോദനവും, ​ഗുരുവും, വീടും. ഇന്ത്യൻ സംസ്കാരത്തെ ബഹുമാനിക്കുകയും സേവിക്കുകയുമാണ് ഞാൻ സംഗീതത്തിലൂടെ ചെയ്യുന്നത്. എന്നാൽ, നമ്മുടെ വാക്കുകൾ ചിലപ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന് ഞാന്‍ മനസിലാക്കുന്നു. ആരേയും വേദനിപ്പിക്കാന്‍ ഞാന്‍ ഒരിക്കലും ആ​ഗ്രഹിച്ചിട്ടില്ല. എന്‍റെ സത്യസന്ധത മനസിലാക്കുമെന്ന് ഞാന്‍ കരുതുന്നു.

ഇന്ത്യൻ പൗരനായി ജനിച്ചത് ഒരു അനു​ഗ്രഹമായാണ് ഞാൻ കരുതുന്നത്. വിഭിന്ന സംസ്കാരങ്ങളുടെ ശബ്ദം ആഘോഷിക്കാന്‍ സാധിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരിടം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഈ രാജ്യത്തോട് ഞാൻ എന്നും കടപ്പാടുള്ളവനായിരിക്കും. ഭൂതകാലത്തെ ബഹുമാനിക്കുന്ന, വര്‍ത്തമാനകാലത്തെ ആഘോഷിക്കുന്ന, ഭാവിയെ പ്രചോദിപ്പിക്കുന്ന സംഗീതത്തിനായുള്ള സമര്‍പ്പണമായിരിക്കും എന്നും എന്‍റെ ജീവിതം. ജയ് ഹിന്ദ്'

English Summary: A.R. Rahman has clarified his remarks on changes in the Hindi film industry after facing criticism on social media.

Madism Digital
madismdigital.com