വിരമിക്കരുത്!; തീരുമാനം മാറ്റണമെന്ന് അരിജിത് സിംഗിനോട് ആരാധകർ

പുതിയ പിന്നണി ഗാന പ്രൊജക്ടുകൾ ഏറ്റെടുക്കില്ലെന്നും, സ്വതന്ത്ര സംഗീത നിർമാണത്തിലേക്ക് കടക്കുകയാണെന്നും താരം അറിയിച്ചു.
വിരമിക്കരുത്!; തീരുമാനം മാറ്റണമെന്ന് അരിജിത് സിംഗിനോട് ആരാധകർ
Published on

ഇന്ത്യൻ സംഗീത ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് പിന്നണി ഗാന രംഗത്ത് നിന്ന് വിരമിക്കുകയാണെന്നു പ്രഖ്യാപിച്ച് ഗായകൻ അർജിത് സിങ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതിയ പിന്നണിഗാന പ്രൊജക്ടുകൾ ഏറ്റെടുക്കില്ലെന്നും, സ്വതന്ത്ര സംഗീത നിർമാണത്തിലേക്ക് കടക്കുകയാണെന്നും താരം അറിയിച്ചു. നിലവിൽ ഏറ്റെടുത്ത കരാറുകൾ പൂർത്തിയാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അരിജിത്തിന്റെ തീരുമാനം ആരാധകർക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.

വിരമിക്കൽ പ്രഖ്യാപിച്ചുള്ള അരിജിത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ ആരാധകരുടെ തിരികെ വരാനുള്ള അഭ്യർഥനകള്‍ നിറയുകയാണ്. വിരമിക്കൽ തീരുമാനം നേരത്തേയായിപ്പോയെന്നും, ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. മാത്രമല്ല, അരിജിത്തിന്റെ പാട്ടുകളുടെ ക്ലിപ്പുകൾ പങ്കുവെച്ചും, അദ്ദേഹം പാടിയ ഗാനങ്ങളുടെ വരികൾ ഏറ്റുചൊല്ലിയുമാണ് ആരാധകർ ഈ പ്രഖ്യാപനത്തോട് പ്രതികരിച്ചിരിക്കുന്നത്. തീരുമാനം മാറ്റുന്നതിനെ കുറിച്ച് ഒന്നുകൂടെ ആലോചിക്കണമെന്നും, തങ്ങൾക്കിത് സഹിക്കാനാവുന്നില്ലെന്നും, കമന്റുകൾ നിറയുന്നുണ്ട്.

അരിജിത്തിന്റെ വാക്കുകൾ:

‘ഹലോ, എല്ലാവർക്കും പുതുവത്സരാശംസകൾ. ശ്രോതാക്കൾ എന്ന നിലയിൽ, ഇത്രയും കാലം നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിന് നന്ദി. ഇനി മുതൽ പിന്നണി ഗാനരം​ഗത്ത് പുതിയ അസൈൻമെന്റുകളൊന്നും ഞാൻ ഏറ്റെടുക്കില്ലെന്ന് അറിയിക്കുകയാണ്. ഞാൻ ഇത് ഇവിടെ അവസാനിപ്പിക്കുന്നു’.

തന്റെ സ്വകാര്യ അക്കൗണ്ടിലൂടെ പങ്കുവെച്ച മറ്റൊരു കുറിപ്പിൽ, 'ദൈവം എന്നോട് വളരെ കരുണയുള്ളവനായിരുന്നു. നല്ല സംഗീതത്തിന്റെ ആരാധകനാണ് ഞാൻ. ഭാവിയിൽ ഒരു കലാകാരൻ എന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ പഠിക്കാനും സ്വന്തമായി സംഗീതം സൃഷ്ടിക്കാനും ഞാൻ ശ്രമിക്കും,' എന്നും അരിജിത് കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ പിന്നണി ഗായകരിലൊരാളാണ് അരിജിത് സിങ്. 'തും ഹി ഹോ,' 'ചന്നാ മേരേയ,' 'രാബ്ത,' 'മൻവാ ലാ​ഗേ,' തുടങ്ങി നൂറുകണക്കിന് ഹിറ്റ് ഗാനങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാണ്. ബോളിവുഡ് സംഗീതത്തിന് നൽകിയ സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങളും അരിജിത് സ്വന്തമാക്കിയിട്ടുണ്ട്.

English Summary: Singer Arijit Singh has announced his retirement from playback singing, surprising the Indian music industry.

Madism Digital
madismdigital.com