

കൃത്യം 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇതേ ജൂണ്‍ 16-നാണ് ഹോളിവുഡ് സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ക്രിസ്റ്റഫര്‍ നോളന്റെ 'ബാറ്റ്മാന്‍ ബിഗിന്‍സ്' തിയേറ്ററുകളില്‍ എത്തിയത്. കോമിക് പുസ്തകങ്ങളിലെ അതിഭാവുകത്വമുള്ള സൂപ്പര്‍ഹീറോ സങ്കല്‍പ്പങ്ങളെ തച്ചുടച്ച്, ചോരയും നീരുമുള്ള, പകയും വേദനയുമുള്ള ഒരു മനുഷ്യനായി ക്രിസ്ത്യന്‍ ബെയ്ല്‍ കറുത്ത മുഖംമൂടിയണിഞ്ഞ് ഗോഥം നഗരത്തിന്റെ രക്ഷകനായെത്തിയ ദിവസം. ഇരുളടഞ്ഞ ആ നഗരത്തിന്റെ കാവല്‍ക്കാരന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിലാണ് സിനിമാ ലോകത്തെ അമ്പരപ്പിക്കുന്ന പുതിയ ചില രഹസ്യങ്ങള്‍ പുറത്തുവരുന്നത്.
സിനിമയുടെ ചരിത്രത്തെ 'ബാറ്റ്മാന്‍ ബിഗിന്‍സിനു മുന്‍പും പിന്‍പും' എന്ന് വേര്‍തിരിക്കാം. കോമിക് കഥാപാത്രങ്ങളെ വെറും കുട്ടിക്കളിയായി കണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ്, മനുഷ്യന്റെ ഭയത്തെയും മനശാസ്ത്രത്തെയും മുന്‍നിര്‍ത്തി നോളന്‍ ഈ ചിത്രം ഒരുക്കിയത്. മാതാപിതാക്കളുടെ കൊലപാതകത്തിനു സാക്ഷിയാകേണ്ടി വന്ന ബ്രൂസ് വെയ്ന്‍ എന്ന ശതകോടീശ്വരന്‍, തന്റെ ഉള്ളിലെ ഭയത്തെത്തന്നെ തന്റെ ആയുധമാക്കി മാറ്റി ബാറ്റ്മാന്‍ ആയി മാറുന്ന കഥ വായനക്കാരെയും പ്രേക്ഷകരെയും ഒരുപോലെ വിസ്മയിപ്പിച്ചു. മൈക്കല്‍ കെയിന്‍ അവതരിപ്പിച്ച വിശ്വസ്തനായ ആല്‍ഫ്രഡും കാറ്റി ഹോംസിന്റെ റേച്ചല്‍ ഡാവ്‌സും ലിയാം നീസന്റെ റാസ് അല്‍ ഗുലുമൊക്കെ ഈ ചിത്രത്തെ കേവലമൊരു ആക്ഷന്‍ സിനിമ എന്നതിനപ്പുറം മികച്ചൊരു ക്ലാസിക് ഡ്രാമയാക്കി മാറ്റി.
ഹോളിവുഡില്‍ ഇന്നു കാണുന്ന 'ഗ്രിറ്റി' അഥവാ യാഥാര്‍ത്ഥ്യത്തോട് അടുത്ത ഇരുണ്ട സിനിമാ ശൈലിക്ക് അടിത്തറയിട്ടത് ബാറ്റ്മാന്‍ ബിഗിന്‍സ് ആണ്. കളര്‍ഫുള്‍ വസ്ത്രങ്ങളും അമാനുഷിക ശക്തികളും നിറഞ്ഞ സൂപ്പര്‍ഹീറോ ഫോര്‍മുലകളില്‍നിന്ന് മാറിനടക്കാന്‍ ഇത് മറ്റ് ഫിലിം മേക്കര്‍മാര്‍ക്കും ധൈര്യം നല്‍കി. നോളന്റെ ഈ ആദ്യ പടി ഇല്ലായിരുന്നെങ്കില്‍ പിന്നീട് വന്ന വിഖ്യാതമായ 'ദി ഡാര്‍ക്ക് നൈറ്റ്' എന്ന ചിത്രമോ ജോക്കര്‍ എന്ന കഥാപാത്രത്തിന്റെ തരംഗമോ ഉണ്ടാകുമായിരുന്നില്ല. രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും ബ്രൂസ് വെയ്ന്‍ തന്റെ കോട്ടില്‍നിന്ന് ബാറ്റ്മാന്‍ കോസ്റ്റ്യൂമിലേക്ക് മാറുന്ന ആ ആദ്യ നിമിഷത്തിന്റെ രോമാഞ്ചം സിനിമാ പ്രേമികളില്‍ ഒട്ടും ചോര്‍ന്നുപോയിട്ടില്ല.
വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോയി, ഇന്ന് ആ കറുത്ത കുപ്പായം റോബര്‍ട്ട് പാറ്റിന്‍സണിന്റെ കൈകളിലാണ്. മാറ്റ് റീവ്‌സ് സംവിധാനം ചെയ്യുന്ന 'ദി ബാറ്റ്മാന്‍: പാര്‍ട്ട് 2' (The Batman: Part 2) വിന്റെ ചിത്രീകരണം ഒടുവില്‍ ലണ്ടനില്‍ ആരംഭിച്ചുകഴിഞ്ഞു. ചിത്രത്തിന്റെ റിലീസ് 2027 ഒക്ടോബര്‍ ഒന്നിലേക്കു മാറ്റിയെങ്കിലും സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ തന്നെ കൊടുമ്പിരിക്കൊള്ളുകയാണ്. ആരാധകരെ ഏറ്റവും കൂടുതല്‍ ആകാംഷഭരിതരാക്കുന്നത് ചിത്രത്തിലെ വില്ലന്മാരെക്കുറിച്ചുള്ള അണിയറ രഹസ്യങ്ങളാണ്.
ഒന്നാം ഭാഗത്തിന്റെ ഒടുവില്‍ മിന്നിമറഞ്ഞ, ബാരി കിയോഗന്‍ അവതരിപ്പിക്കുന്ന വില്ലന്മാരുടെ രാജാവ് 'ജോക്കര്‍' ഈ ഭാഗത്തില്‍ പ്രധാന വേഷത്തിലുണ്ടാകുമെന്ന് ഉറപ്പാണ്. ഒപ്പം കോളിന്‍ ഫാരെലിന്റെ പെന്‍ഗ്വിനും എത്തും. എന്നാല്‍, ഗോഥം നഗരത്തെ ശരിക്കും ഞെട്ടിക്കാന്‍ പോകുന്ന പുതിയ വില്ലന്‍ ഇവരാരുമല്ല!ഹോളിവുഡില്‍നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബാറ്റ്മാന്‍ കോമിക്കുകളിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളി 'വിക്ടര്‍ സാസ്' ഈ ചിത്രത്തിലൂടെ ഗോഥം നഗരത്തിലേക്ക് എത്തുകയാണ്. പ്രശസ്ത നടന്‍ സെബാസ്റ്റ്യന്‍ സ്റ്റാന്‍ ആയിരിക്കും ഈ സൈക്കോ കൊലയാളിയായി സ്‌ക്രീനില്‍ പകര്‍ന്നാടുകയെന്നാണ് സൂചന. ഇരകളെ കൊന്നതിനു ശേഷം സ്വന്തം ശരീരത്തില്‍ കത്തികൊണ്ട് വരയിട്ട് അടയാളപ്പെടുത്തുന്ന വിക്ടര്‍ സാസിന്റെ വരവ് സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കും.
ആദ്യം സെബാസ്റ്റ്യന്‍ സ്റ്റാന്‍ പ്രശസ്ത വില്ലന്‍ കഥാപാത്രമായ ഹാര്‍വി ഡെന്റ് (ടു-ഫേസ്) ആകുമെന്നാണ് കരുതിയിരുന്നതെങ്കിലും ആ വേഷത്തിലേക്കു ബ്രയാന്‍ ടൈറി ഹെന്റിയെയാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. കൂടാതെ ഹാര്‍വി ഡെന്റിന്റെ പിതാവായി വിഖ്യാത താരം ചാള്‍സ് ഡാന്‍സും ചിത്രത്തിലെത്തുന്നുണ്ട്. ഇതിനെല്ലാം പുറമെ, ഹോളിവുഡ് സുന്ദരി സ്‌കാര്‍ലറ്റ് ജോഹാന്‍സണും ഈ ബാറ്റ്മാന്‍ ലോകത്തിന്റെ ഭാഗമാകുന്നുവെന്ന വാര്‍ത്ത കൂടി പുറത്തുവന്നതോടെ ആകാംഷ ഇരട്ടിച്ചിരിക്കുകയാണ്.
എന്നാല്‍ സ്‌കാര്‍ലറ്റ് വില്ലന്‍ പക്ഷത്താണോ അതോ ബാറ്റ്മാന്റെ കൂട്ടാളിയാണോയെന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ ഇപ്പോഴും അതീവ രഹസ്യമായി സൂക്ഷിക്കുന്നു. 21 വര്‍ഷം മുന്‍പ് 'ബാറ്റ്മാന്‍ ബിഗിന്‍സ്' തുടക്കമിട്ട ആ ഇരുണ്ട സിനിമാ സംസ്‌കാരം, പുതിയ വില്ലന്മാരും ട്വിസ്റ്റുകളുമായി 2027-ല്‍ വീണ്ടും തിയേറ്ററുകളില്‍ വിസ്മയം തീര്‍ക്കാന്‍ ഒരുങ്ങുകയാണ്. ജോക്കറിനും പെന്‍ഗ്വിനും അപ്പുറം ഗോഥത്തെ വിറപ്പിക്കാന്‍ പോകുന്ന ആ പുതിയ വില്ലന്റെ വിളയാട്ടം കാണാന്‍ അഞ്ച് വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടി വരുമെങ്കിലും ഇതൊരു ഒന്നൊന്നര വരവായിരിക്കും എന്ന് ഉറപ്പാണ്!
Twenty-one years after Batman Begins transformed superhero cinema with its dark, realistic approach, excitement is building for The Batman Part II, starring Robert Pattinson and directed by Matt Reeves. While Joker and Penguin are expected to return, reports suggest the film may introduce the notorious serial killer Victor Zsasz, possibly played by Sebastian Stan. Rumors also link Scarlett Johansson to the project, though her role remains unknown. The sequel is currently scheduled for release on October 1, 2027.
If the reports prove accurate, Victor Zsasz could bring a darker and more psychological threat to Gotham than previous villains. Fans are eagerly awaiting official casting confirmations and further details about the film’s storyline.