

മാർവൽ സ്റ്റുഡിയോസിന്റെ ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നായ 'ബ്ലാക്ക് പാന്തർ' മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സാൻ ഡിയാഗോ കോമിക്-കോൺ 2026-ൽ നടന്ന മാർവൽ സ്റ്റുഡിയോസിന്റെ ഹാൾ എച്ച് പരിപാടിയിലാണ് പ്രഖ്യാപനം നടന്നത്. ആദ്യ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്ത റയാൻ കൂഗ്ലർ തന്നെയാണ് മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്.
പ്രേക്ഷകരെ ആകാംശയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട്, ബ്രിട്ടീഷ് നടൻ ഡേവിഡ് ജോൺസൺ പുതിയ ബ്ലാക്ക് പാന്തറായി എത്തുമെന്ന് മാർവൽ സ്ഥിരീകരിച്ചു. അന്തരിച്ച ചാഡ്‌വിക് ബോസ്‌മാൻ അവതരിപ്പിച്ച ടി ചല്ലയുടെ കഥാപാത്രമല്ല, മറിച്ച് ടി ചല്ലയുടെ വളർന്ന മകനെയാണ് ഡേവിഡ് ജോൺസൺ അവതരിപ്പിക്കുന്നത്. 'ബ്ലാക്ക് പാന്തർ: വക്കാണ്ട ഫോറെവർ' എന്ന ചിത്രത്തിന്റെ അവസാനത്തിൽ പരിചയപ്പെടുത്തിയ ടി'ചല്ലയുടെയും നാകിയയുടെയും മകന്റെ കഥയാണ് മൂന്നാം ഭാഗത്തിൽ പറയുന്നത്.
ഷൂരി എന്ന കഥാപാത്രമായി ലെറ്റീഷ്യ റൈറ്റ് വീണ്ടും ചിത്രത്തിൽ എത്തും. വിൻസ്റ്റൺ ഡ്യൂക്കും തന്റെ കഥാപാത്രത്തെ ആവർത്തിക്കും. ഇതിന് പുറമെ, ഡെൻസൽ വാഷിങ്ടണും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുമെന്ന് നേരത്തെ റയാൻ കൂഗ്ലർ സ്ഥിരീകരിച്ചിരുന്നു. 'ബ്ലാക്ക് പാന്തർ 3' 2028 ഡിസംബർ 15-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് മാർവൽ പദ്ധതിയിടുന്നത്.
2020-ൽ ചാഡ്‌വിക് ബോസ്‌മാന്റെ അപ്രതീക്ഷിത മരണത്തിന് ശേഷം ടി'ചല്ല എന്ന കഥാപാത്രത്തെ മറ്റൊരു നടനെ കൊണ്ട് പുനഃസൃഷ്ടിക്കില്ലെന്ന് മാർവൽ തീരുമാനിച്ചിരുന്നു. അതിന് പകരം, അടുത്ത തലമുറയുടെ കഥയിലൂടെ വക്കാൻഡയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാനാണ് സ്റ്റുഡിയോയുടെ തീരുമാനം.
മാർവൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത ചിത്രം 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ജൂലൈ 31-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. ഇന്ത്യയിൽ ആദ്യദിനം തന്നെ വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ ചിത്രം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രതീക്ഷ. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ (MCU) 38-ാമത്തെ ചിത്രവും എംസിയുവിലെ സ്‌പൈഡർമാൻ പരമ്പരയിലെ നാലാമത്തെ സിനിമയുമാണ് ഇത്. 2021-ൽ പുറത്തിറങ്ങിയ 'സ്‌പൈഡർമാൻ: നോ വേ ഹോം' എന്ന ചിത്രത്തിന്റെ തുടർച്ചയായാണ് ബ്രാൻഡ് ന്യൂ ഡേ ഒരുങ്ങുന്നത്. 'സ്ട്രെയിഞ്ചർ തിങ്സ്' താരം സേഡി സിങ്കും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Marvel Studios has officially announced Black Panther 3 with Ryan Coogler returning as director. British actor David Jonsson will play the grown-up son of T'Challa, continuing Wakanda's legacy. The film is slated for a December 2028 release, while Marvel's Spider-Man: Brand New Day arrives on July 31.