സ്‌മോക്കി ഐസ്; ബോളിവുഡില്‍ 'ബാഡ് ഗേള്‍' ഇമേജിന്റെ അടയാളമായി മാറിയ മേക്കപ്പ്

ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍, ഒതുക്കിവെക്കാത്ത മുടി, രാത്രി ജീവിതം, കൈയിലൊരു സിഗരറ്റ്... അതിനെല്ലാമുപരിയായി കണ്ണുകളില്‍ കട്ടിയിലെഴുതി പടര്‍ത്തിയ കണ്‍മഷി. അഥവാ 'സ്‌മോക്കി ഐസ്'.
സ്‌മോക്കി ഐസ്; ബോളിവുഡില്‍ 'ബാഡ് ഗേള്‍' ഇമേജിന്റെ അടയാളമായി മാറിയ മേക്കപ്പ്
Published on

ഒരു വ്യക്തിയെ നിര്‍ണ്ണയിക്കുന്നതില്‍ കണ്ണുകള്‍ക്കുള്ള പങ്ക് ചെറുതല്ല. ഒരാള്‍ നമ്മെ നോക്കുന്ന രീതിയില്‍ നിന്ന് അയാള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് നമ്മുക്ക് വായിച്ചെടുക്കാന്‍ കഴിയും. എന്നാല്‍ ബോളിവുഡില്‍ കണ്ണുകളുടെ ഭാഷ പലപ്പോഴും ഉപയോഗിക്കുന്നത് ഒരു 'വലിയ അപകടസൂചന' ആയാണ്. കഥാപാത്രങ്ങള്‍ ഒരു വാക്ക് പോലും സംസാരിക്കുന്നതിന് മുന്‍പ്, അവരുടെ സ്വഭാവം എന്താണെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ ബോളിവുഡ് എന്നും ആശ്രയിച്ചിട്ടുള്ളത് കണ്ണുകള്‍ക്ക് ചുറ്റുമുള്ള മേക്കപ്പിനെയാണ്.

ഇന്നത്തെ തരംഗമായ 'ക്ലീന്‍ ഗേള്‍' ലുക്ക് തന്നെ ഉദാഹരണമായെടുക്കാം. ഒതുക്കിവെച്ച തലമുടി, തിളങ്ങുന്ന ചര്‍മ്മം, ലളിതമായ മേക്കപ്പ് എന്നിവയൊക്കെയാണ് ഇതിന്റെ പ്രത്യേകതകള്‍. എന്നാല്‍ ഈ ലുക്ക് ട്രെന്‍ഡാകുന്നതിനും എത്രയോ മുന്‍പ് തന്നെ ബോളിവുഡ് ഇതിനൊരു കൃത്യമായ 'വ്യക്തിത്വ ചട്ടക്കൂട്' നല്‍കിയിരുന്നു. കുടുംബത്തിന് മുന്‍പില്‍ ധൈര്യമായി പരിചയപ്പെടുത്താന്‍ കഴിയുന്ന, പാരമ്പര്യവും സംസ്‌കാരവുമുള്ള, ശാന്തസ്വഭാവമുള്ള 'നല്ല പെണ്‍കുട്ടി' ആയിരുന്നു ആ കഥാപാത്രം. എന്നാല്‍ ഇതിനൊക്കെ നേരെ വിപരീതമായ, വ്യവസ്ഥകള്‍ക്ക് കീഴ്‌പ്പെടാത്ത ഒരു സ്ത്രീ കഥാപാത്രത്തെ സ്‌ക്രീനിലേക്ക് കൊണ്ടുവരണമെങ്കില്‍ ബോളിവുഡ് എന്താണ് ചെയ്യാറുള്ളത്?, ഉത്തരം വളരെ ലളിതമാണ്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍, ഒതുക്കിവെക്കാത്ത മുടി, രാത്രി ജീവിതം, കൈയിലൊരു സിഗരറ്റ്... അതിനെല്ലാമുപരിയായി കണ്ണുകളില്‍ കട്ടിയിലെഴുതി പടര്‍ത്തിയ കണ്മഷി. അഥവാ 'സ്‌മോക്കി ഐസ്'.

കോക്ടെയില്‍ എന്ന ചിത്രത്തിലെ വെറോണിക്ക (ദീപിക പദുകോണ്‍), ജിസം സിനിമയിലെ സോണിയ (ബിപാഷ ബസു), ഏ ദില്‍ ഹേ മുഷ്‌കില്‍ ചിത്രത്തിലെ അലീസെ (അനുഷ്‌ക ശര്‍മ്മ) എന്നിവരെയൊക്കെ ഇത്തരം കഥാപാത്ര നിര്‍മിതികള്‍ക്ക് മികച്ച ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ കണ്ണ് എഴുതുന്ന ശൈലി എങ്ങനെയാണ് 'ബാഡ് ഗേളിന്റെ' ലക്ഷണമായി മാറിയതെന്ന് നോക്കാം. 1917-ല്‍ പുറത്തിറങ്ങിയ ക്ലിയോപാട്ര എന്ന ചിത്രത്തില്‍ വില്ലത്തിയായി ചിത്രീകരിക്കാന്‍ നടിയായ തിയോഡ ബാരയുടെ കണ്ണുകള്‍ക്ക് ചുറ്റും ഇരുണ്ട നിറത്തിലുള്ള മേക്കപ്പ് നല്‍കിയത് ശ്രദ്ധിക്കപ്പെട്ടു. 1920-കളോടെ ഈ ട്രെന്‍ഡ് സിനിമയ്ക്ക് പുറത്തും ഫാഷനായി മാറി. പിന്നീട് 1990-കളില്‍ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ലിന്‍ഡ കാന്റല്ലോ 'ഗുച്ചി' ബ്രാന്‍ഡിനായി തയ്യാറാക്കിയ പുതിയ ലുക്കിലൂടെയാണ് ഇന്ന് നാം കാണുന്ന രീതിയിലുള്ള സ്‌മോക്കി ഐസ് ഫാഷന്‍ ലോകത്ത് തരംഗമായത്.

സ്‌മോക്കി ഐസ്; ബോളിവുഡില്‍ 'ബാഡ് ഗേള്‍' ഇമേജിന്റെ അടയാളമായി മാറിയ മേക്കപ്പ്
80’s രാജ! കാലം മാറിയാലും ഇളയരാജയുടെ ഈണത്തിന് പ്രായമില്ല; തരംഗമായി ‘കല്ല്യാണ വിരുന്ന്’

ബോളിവുഡും കണ്‍മഷിയും

പഴയകാല ഹിന്ദി സിനിമകളില്‍ കട്ടികൂടിയ കണ്‍മഷി ഉപയോഗിച്ചിരുന്നത് ലൈറ്റുകള്‍ക്ക് മുന്നില്‍ മുഖത്തിന്റെ ഭാവങ്ങള്‍ മങ്ങിപ്പോകാതിരിക്കാനും ക്ലോസ്-അപ്പ് ഷോട്ടുകളില്‍ വികാരങ്ങള്‍ വ്യക്തമാവാനും ആയിരുന്നു. പോകെപ്പോകെ ബോളിവുഡ് ഈ കറുത്ത പെന്‍സിലിന് രണ്ട് അര്‍ത്ഥങ്ങള്‍ നല്‍കാന്‍ തുടങ്ങി. നേര്‍ത്ത രീതിയില്‍ എഴുതിയ കണ്‍മഷി നിരപരാധിത്വത്തെയും പ്രണയത്തെയും സൂചിപ്പിച്ചപ്പോള്‍, കട്ടികൂട്ടി പടര്‍ത്തിയെഴുതിയ കണ്‍മഷി അപകടത്തെയും കാമത്തെയും അടയാളപ്പെടുത്തി. ഹെലന്‍, ബിന്ദു, അരുണ ഇറാനി, കല്‍പന അയ്യര്‍, ടെലിവിഷനിലെ കമോലിക തുടങ്ങിയ കഥാപാത്രങ്ങളാണ് കട്ടികൂടിയ ഐ മേക്കപ്പിന് ഇത്തരമൊരു പ്രതിച്ഛായ ഉണ്ടാക്കിക്കൊടുത്തത്.

ഒരു നൈറ്റ്ക്ലബ്, കാബറേ നൃത്തം, അല്ലെങ്കില്‍ തിളങ്ങുന്ന ലൈറ്റുകളുള്ള മുറി, ഇവിടെയൊക്കെയായിരുന്നു ഇത്തരം കഥാപാത്രങ്ങളുടെ ഇന്‍ട്രൊഡക്ഷന്‍. 1958-ല്‍ ഹൗറ ബ്രിഡ്ജ് എന്ന ചിത്രത്തിലെ 'മേരാ നാം ചിന്‍ ചിന്‍ ചൂ' എന്ന പാട്ടില്‍ ഹെലന്റെ ലുക്ക് ഇതിനൊരു മികച്ച ഉദാഹരണമാണ്. പാശ്ചാത്യ വസ്ത്രങ്ങളും പാറിപ്പറന്ന മുടിയിഴകളും കട്ടികൂടിയ മേക്കപ്പും അവരെ നായികയില്‍ നിന്ന് വേറിട്ടുനിര്‍ത്തി. അക്കാലത്ത് സാരി ധരിച്ച, ലളിതമായ മേക്കപ്പുള്ള 'നല്ല പെണ്ണായിരുന്നു' നായിക. അങ്ങനെ 'നല്ല സ്ത്രീ' എന്നാല്‍ കുടുംബവും പാരമ്പര്യവും 'വില്ലത്തി' എന്നാല്‍ ലൈംഗിക സ്വാതന്ത്ര്യവും പാശ്ചാത്യവല്‍ക്കരണവുമാണെന്നൊരു ധാരണ ബോളിവുഡില്‍ രൂപപ്പെട്ടു.

വില്ലത്തിയില്‍ നിന്ന് 'കൂള്‍' നായികയിലേക്ക്

90-കളിലും 2000-ന്റെ തുടക്കത്തിലും ബോളിവുഡ് മാറിയപ്പോള്‍ നായിക-വില്ലത്തി വിഭജനം പതുക്കെ മങ്ങിത്തുടങ്ങി. സ്വന്തം സ്വാതന്ത്ര്യവും ലൈംഗികതയും തുറന്നുപറയുന്ന നായികമാരുടെ വരവോടെ സ്‌മോക്കി ഐസ് വില്ലത്തരത്തിന്റെ അടയാളമല്ലാതായി. എന്നിരുന്നാലും മേക്കപ്പിലെ ഈ സൂചനകള്‍ ബോളിവുഡ് നിലനിര്‍ത്തി. രംഗീല എന്ന ചിത്രത്തില്‍ നായികയായ ഊര്‍മ്മിള മാതോണ്ട്കര്‍ക്ക് നല്‍കിയ ബോള്‍ഡ് സ്‌മോക്കി ഐസ് ലുക്ക് ആധുനികതയുടെ പ്രതീകമായി മാറി. മര്‍ഡര്‍, ധൂം 2, ദോസ്താന, അശോക, ജിസം 2, ദി ഡര്‍ട്ടി പിക്ച്ചര്‍ എന്നീ സിനിമകളില്‍ കട്ടികൂടിയ ഐ മേക്കപ്പ് ആകര്‍ഷകത്വത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ലക്ഷണമായി മാറി.

സ്‌മോക്കി ഐസ്; ബോളിവുഡില്‍ 'ബാഡ് ഗേള്‍' ഇമേജിന്റെ അടയാളമായി മാറിയ മേക്കപ്പ്
'കേരള പൊലീസ് ജോര്‍ജ്ജുകുട്ടിയെ എന്‍കൗണ്ടര്‍ ചെയ്ത് ഇതൊന്ന് അവസാനിപ്പിക്കണം': 'ദൃശ്യം 4' പ്രഖ്യാപനത്തിന് പിന്നാലെ ട്രോളുകളുമായി സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടോക്‌സിക് എന്ന ചിത്രത്തില്‍ കിയാര അദ്വാനിക്ക് നല്‍കിയിരിക്കുന്നതും സ്‌മോക്കി ഐസ് മേക്കപ്പ് ആണ്. പ്രണയതകര്‍ച്ചയും വികാരങ്ങളും ഉള്ളിലൊതുക്കുന്ന, ധൈര്യശാലിയായ ഒരു സ്ത്രീയായി അവളെ കാണിക്കാന്‍ ബോളിവുഡ് ഉപയോഗിക്കുന്നത് ഈ കട്ടികൂടിയ ഐ മേക്കപ്പാണ്. അതായത് ഒരുകാലത്ത് വില്ലത്തിയെ ചിത്രീകരിക്കാന്‍ ഉപയോഗിച്ചിരുന്ന സ്‌മോക്കി ഐസ് ഇന്ന് ആത്മവിശ്വാസം, ഗ്ലാമര്‍, നിലപാടുകള്‍, സ്വാതന്ത്ര്യം എന്നിവയുടെ പ്രതീകമാണ്. എങ്കിലും പഴയ ആ ധാരണ പൂര്‍ണ്ണമായി മാറിയിട്ടില്ല. കറുത്ത സ്‌മോക്കി ഐസും ഒതുങ്ങാത്ത മുടിയും ലെതര്‍ ജാക്കറ്റുമണിഞ്ഞ് ഒരു സ്ത്രീ സ്‌ക്രീനിലേക്ക് വരുമ്പോള്‍, അവള്‍ ഏതുതരം കഥാപാത്രമാണെന്ന് പ്രേക്ഷകര്‍ക്ക് ഇപ്പോഴും പെട്ടെന്ന് മനസ്സിലാകും. ചുരുക്കത്തില്‍, അല്‍പം കൂടുതല്‍ ഗ്ലാമറസ്സായ, സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന, അല്ലെങ്കില്‍ പൊതുബോധത്തെ അനുസരിക്കാത്ത സ്ത്രീകള്‍ക്കായി ബോളിവുഡ് മാറ്റിവെച്ച ദൃശ്യഭാഷയാണ് 'സ്‌മോക്കി ഐസ്'.

Summary

Bollywood has long used eye makeup as a visual language to define female characters. While minimal makeup and a “clean girl” appearance were traditionally associated with the innocent, cultured and conventional heroine, bold smoky eyes, untamed hair and Western fashion often signalled a rebellious, sensual or “dangerous” woman. From classic vamp characters to modern heroines, the meaning of smoky eye makeup has gradually evolved from a symbol of villainy and seduction to one representing confidence, glamour, independence and individuality.

Madism Digital
madismdigital.com