80’s രാജ! കാലം മാറിയാലും ഇളയരാജയുടെ ഈണത്തിന് പ്രായമില്ല; തരംഗമായി ‘കല്ല്യാണ വിരുന്ന്’

80കളിലെ വിന്റേജ് ഇളയരാജയുടെ പാട്ടുകളെ ഓർമപ്പെടുത്തുന്ന കല്ല്യാണ വിരുന്ന് ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.
80’s രാജ! കാലം മാറിയാലും ഇളയരാജയുടെ ഈണത്തിന് പ്രായമില്ല; തരംഗമായി ‘കല്ല്യാണ വിരുന്ന്’
Published on

കാർത്തിക് സുബ്ബരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡൊറോത്തി’യിലെ ‘കല്ല്യാണ വിരുന്ന്’ എന്ന ​ഗാനമാണ് സമൂഹമാധ്യമങ്ങളിൽ തരം​ഗമാവുന്നത്. യുഗേന്ദ്രൻ, ആന്റണി ദാസൻ, പ്രിയ ജെഴ്‌സൺ എന്നിവർ ചേർന്ന് ആലപിച്ച ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ഇസൈജ്ഞാനി ഇളയരാജയാണ്. 80കളിലെ വിന്റേജ് ഇളയരാജയുടെ പാട്ടുകളെ ഓർമപ്പെടുത്തുന്ന കല്ല്യാണ വിരുന്ന് ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

ഇളയരാജയ്‌ക്കൊപ്പം പ്രവർത്തിക്കുക എന്നത് തന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സംഗീതം തനിക്കെന്നും ‘സോൾ തെറാപ്പി’യാണെന്നുമാണ് ഗാനം പങ്കുവെച്ചുകൊണ്ട് കാർത്തിക് സുബ്ബരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ​ഗാനത്തിന്റെ വരികളും ഇളയരാജയുടേതാണ്. കീർത്തി സുരേഷ്, സനന്ത്, റിഷികാന്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ഡൊറോത്തി’.

80’s രാജ! കാലം മാറിയാലും ഇളയരാജയുടെ ഈണത്തിന് പ്രായമില്ല; തരംഗമായി ‘കല്ല്യാണ വിരുന്ന്’
നാട്ടിലെങ്ങും പ്രണയം പടരാൻ സാധ്യത; ആമിർ പള്ളിക്കൽ - ലിജീഷ്‍ കുമാർ കൂട്ടുകെട്ടിലെ പ്രേംപാറ്റ ഒക്ടോബറിൽ തിയേറ്ററുകളിലെത്തും

‘കല്ല്യാണ വിരുന്ന്’ പുറത്തിറങ്ങിയതിന് പിന്നാലെ ഇളയരാജയുടെ സംഗീതത്തെ പ്രശംസിച്ച് നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. കാർത്തിക് സുബ്ബരാജിന് ലഭിച്ച ജീവിതത്തിലെ തന്നെ അപൂർവ അവസരമാണിതെന്നാണ് ചിലരുടെ അഭിപ്രായം. ഇളയരാജയ്ക്ക് പകരംവെക്കാൻ മറ്റൊരാളില്ലെന്നും, ഇളയരാജയുടെ സംഗീതത്തിൽ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം ഏറെ മിസ് ചെയ്യുന്നുവെന്നും ചിലർ കുറിച്ചു.

സംഗീതജ്ഞർ കാലത്തിനനുസരിച്ച് ശൈലിയും സംഗീതത്തിന്റെ ഫോർമാറ്റും മാറ്റിക്കൊണ്ടിരിക്കുമ്പോഴും ഇളയരാജ തന്റെ തനതായ ശൈലിയിൽ തന്നെ തുടരുകയാണെന്നും അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ സംഗീതം ഇന്നും വേറിട്ടുനിൽക്കുന്നതെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു. ‘സിംഹത്തിന് എത്ര വയസ്സുണ്ടെങ്കിലും അത് ഇപ്പോഴും സിംഹം തന്നെയാണ്’ എന്ന തരത്തിലുള്ള പ്രതികരണങ്ങളും ഗാനത്തിന് ലഭിക്കുന്നുണ്ട്. ‘ഇത് 2026-ലെ ഒരു പാട്ടാണെന്ന് പറഞ്ഞാൽ, AI പോലും ആശയക്കുഴപ്പത്തിലാകും’ എന്നായിരുന്നു മറ്റൊരു കമന്റ്.

ഇളയരാജയുടെ സംഗീതത്തിൽ പഴയകാല ഗായകരുടെ ശബ്ദം വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നവരും നിരവധിയാണ്. ‘ഗായകർ വീണ്ടും തമിഴ് ഗാനങ്ങളിൽ പാടാൻ തുടങ്ങിയാൽ അത് ഒരു സുവർണ്ണകാലഘട്ടമായിരിക്കും’ എന്ന അഭിപ്രായവും ശ്രദ്ധ നേടുന്നു. മലേഷ്യ വാസുദേവന്റെ മകൻ യുഗേന്ദ്രൻ ഇളയരാജയുടെ സംഗീതത്തിൽ പാടിയതും ഈ പാട്ടിന്റെ പ്രത്യേകതയാണ്.

കാർത്തിക് സുബ്ബരാജിന്റെ കരിയറിലെ പത്താമത്തെ ഫീച്ചർ ചിത്രമാണ് ‘ഡൊറോത്തി’. ചിത്രം പ്രഖ്യാപിച്ച വേളയിൽ, തന്റെ ഹൃദയത്തോട് ഏറെ ചേർന്നുനിൽക്കുന്ന കഥയാണിതെന്നും ഏറെക്കാലമായി ഒരുക്കാൻ ആഗ്രഹിച്ചിരുന്ന ചിത്രമാണിതെന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞിരുന്നു. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് ‘ഡൊറോത്തി’ എന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 25ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായി ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) ചിത്രത്തിന്റെ വേൾഡ് പ്രീമിയറും നടക്കും.

Summary

Ilaiyaraaja’s ‘Kalyana Virundhu’ from Karthik Subbaraj’s upcoming film Dorothy is winning hearts with its vintage 80s musical style. Sung by Yugendran, Anthony Daasan and Priya Jerson, the song has sparked praise for Ilaiyaraaja’s timeless sound, while fans also recall the legendary SPB and celebrate Yugendran’s association with the composer.

Madism Digital
madismdigital.com