

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിൽ സംഘടിപ്പിച്ച സമരത്തിലെ പ്രധാന മുഖമായിരുന്നു ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ. നാനാഭാഗത്ത് നിന്നും ഇമ്രാന് അഭിനന്ദനങ്ങൾ ഒഴുകിയെത്തിയപ്പോൾ നിയമം അതിന്റെ മറുവശത്തേക്കാണ് ശ്രദ്ധ തിരിച്ചത്. ഇന്ത്യൻ പൌരനല്ലാത്ത ഒരാൾ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) നടന് രാജ്യം വിടാൻ നോട്ടീസ് നൽകി. ഇതിനെതിരെ ഇമ്രാൻ ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇപ്പോൾ കോടതി വാദം കേട്ടിരിക്കുകയാണ്. രാജ്യം വിടാനുള്ള നോട്ടീസിന് ഇടക്കാല സ്റ്റേ അനുവദിച്ചെങ്കിലും നടന് നേരെ രൂക്ഷവിമർശനം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. ഒടുവിൽ ഇമ്രാന്റെ മാപ്പുപറച്ചിലിൽ വരെ കാര്യങ്ങളെത്തി നിൽക്കുകയാണ്.
ഒക്ടോബർ 10ന് നടന്ന മുംബൈ പ്രതിഷേധങ്ങളിലായിരുന്നു സജീവ സാന്നിധ്യമായി ഇമ്രാൻ പങ്കെടുത്തത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിറ്റേദിവസം വിട്ടയയ്ക്കുകയും ചെയ്തു. പിന്നാലെയാണ് രാജ്യം വിടാനുള്ള നോട്ടീസ് എത്തിയത്. ഒക്ടോബർ 28നകം രാജ്യം വിടണമെന്നായിരുന്നു നോട്ടീസ്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഇമ്രാന് കർശന താക്കീത് നൽകി, നോട്ടീസ് തടഞ്ഞുവയ്ക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് എം സെധ്നാ എന്നിവരടങ്ങിയ ബെഞ്ച്.
ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ അഥവാ ഒസിഐ കാർഡ്ഹോൾഡർ ആണ് ഇമ്രാൻ ഖാൻ. ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഇരട്ട പൗരത്വം അനുവദനീയമല്ല. അതിനാൽ വിദേശ പൗരത്വം സ്വീകരിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിൽ ജീവിക്കാനും ജോലി ചെയ്യാനും പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതിനാണ് ഒസിഐ കാർഡ് സംവിധാനം ഏർപ്പെടുത്തിയത്. ഒസിഐ കാർഡുള്ളവർക്ക് രാജ്യത്ത് നടക്കുന്ന പൊതുപ്രതിഷേധങ്ങളിലോ സർക്കാർ വിരുദ്ധ പ്രകടനങ്ങളിലോ പങ്കെടുക്കാനാവില്ല. ഇതാണ് FRRO നോട്ടീസിൽ ചൂണ്ടിക്കാട്ടിയത്.
ഇതുകൊണ്ടു തന്നെ, കോടതിയിൽ രൂക്ഷ വിമർശനത്തിനിരയാവുകയായിരുന്നു ഇമ്രാൻ ഖാൻ. എസ്ഐആർ ഇമ്രാനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ പൌരന്മാരെയും ഒസിഐ കാർഡ് ഉടമകളെയും ഒരേപോലെ കാണാനാകില്ലെന്നും ഇന്ത്യയിൽ നടക്കുന്ന സമരങ്ങളിൽ ഒസിഐ കാർഡുടമകൾക്ക് ഒരുതരത്തിലും പങ്കെടുക്കാനാകില്ലെന്നും കോടതി തുറന്നടിച്ചു. ഉദ്യോഗസ്ഥർ ഇമ്രാനോട് മാന്യമായാണ് പെരുമാറിയതെന്നും നോട്ടീസയച്ചതല്ലേ അവർ ചെയ്തുള്ളൂ എന്നുമായിരുന്നു ബെഞ്ചിന്റെ ചോദ്യം.
ഒരു ഇന്ത്യൻ പൌരൻ അമേരിക്കയിൽ ചെന്ന് സമാനമായ പരിപാടികളിൽ പങ്കെടുത്താൽ അവിടുത്തെ സർക്കാർ എന്ത് ചെയ്യുമായിരുന്നു എന്നും കോടതി ചോദിച്ചു. ഇമ്രാൻ ഒരു ഇന്ത്യൻ പൌരനല്ലെന്ന് ഓർക്കണമെന്നായിരുന്നു കോടതിയുടെ വാക്കുകൾ. തുടർന്ന്, നടപടികൾ ഉണ്ടാവേണ്ടെങ്കിൽ നിയമവിധേയനായി രാജ്യത്ത് കഴിയണമെന്നും ഒരു തരത്തിലുമുള്ള പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും കോടതി നിർദേശിച്ചു.
ഇതിന് പിന്നാലെയാണ് നടൻ കോടതിയിൽ നിരപാധികം മാപ്പ് പറഞ്ഞതും ഭാവിയിൽ ഇന്ത്യയിലെ രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്ന് സത്യവാങ്മൂലം കൈമാറിയതും. തുടർന്ന് രാജ്യം വിടാനുള്ള നോട്ടീസ് ഡിസംബർ 7 വരെ കോടതി സ്റ്റേ ചെയ്യുകയായിരുന്നു. അതുവരെ ഇമ്രാന് ഇന്ത്യയിൽ തുടരാം. ഹർജി കോടതി പിന്നീട് വീണ്ടും പരിഗണിക്കും.
മുംബൈ പ്രതിഷേധത്തിൽ എത്തിയത്, ജനങ്ങൾക്ക് മേലുള്ള നിയന്ത്രണങ്ങളും അടിച്ചമർത്തലുകളും നിരീക്ഷിക്കാനാണെന്നാണ് ഇമ്രാൻ കോടതിയെ അറിയിച്ചിരിക്കുന്നത്. താനൊരു ആവശ്യവും എവിടെയും ഉന്നയിച്ചിട്ടില്ലെന്നും സാധാരണ ജനങ്ങളുടെ ശബ്ദം തഴയപ്പെടുന്നതായി തോന്നിയപ്പോൾ അവർക്കൊപ്പം നിൽക്കുക മാത്രമാണ് ചെയ്തതെന്നും സത്യവാങ്മൂലത്തിൽ നടൻ ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ ഒരു പ്രതിഷേധത്തിലും പങ്കെടുക്കില്ലെന്ന് മാത്രമല്ല, അത്തരം പ്രകടനങ്ങളിൽ പങ്കെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഒരു പ്രവൃത്തിയും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും താരം ഉറപ്പ് നൽകിയിട്ടുമുണ്ട്.
42 വർഷമായി ഇന്ത്യയിലുള്ള താൻ ഇതുവരെയും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഇമ്രാൻ വ്യക്തമാക്കുന്നു. കുടുംബം അടിസ്ഥാനപരമായി ഇന്ത്യൻ വേരുകളുള്ളവരാണെന്നും ഇന്ത്യയിലാണ് തങ്ങളുടേതായ എല്ലാമെന്നുമാണ് സത്യവാങ്മൂലത്തിലുള്ളത്. ഇമ്രാന്റെ വാക്കുകളിങ്ങനെ-
"ഒസിഐ കാർഡുടമ എന്ന നിലയ്ക്ക് ഈ രാജ്യത്തോടും അതിന്റെ ഭാരണഘടനയോടും അങ്ങേയറ്റം ബഹുമാനവും സ്നേഹവും എനിക്കുണ്ട്. നികുതി അടയ്ക്കുന്നതിലോ മറ്റോ ഇതുവരെ ഒരു വീഴ്ചയും എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഞാൻ വിവാഹം കഴിച്ചത് ഇവിടെയാണ്. ആ ബന്ധത്തിൽ ഒരു മകളും എനിക്കുണ്ട്. കുടുംബം മുഴുവൻ ഇന്ത്യക്കാരാണ്. ഇന്ത്യൻ സിനിമയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയവരാണ് എന്റെ പൂർവികർ. ജോലി, ജീവിതം, ബന്ധങ്ങൾ അങ്ങനെ എന്റെതായ എല്ലാമെല്ലാം ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഇനി മേലിൽ ഇന്ത്യയിൽ നടക്കുന്ന ഒരു പ്രതിഷേധങ്ങളിലും എന്റെ സാന്നിധ്യമുണ്ടാവില്ലെന്ന് ഉറപ്പ് നൽകുകയാണ്"
1983ൽ അമേരിക്കയിലെ വിസ്കോൺസിനിലാണ് ഇമ്രാൻ ഖാൻ ജനിച്ചത്. മാതാപിതാക്കൾ ആ സമയത്ത് യുഎസിൽ ജോലി ചെയ്യുകയായിരുന്നു. തുടർന്ന് അമ്മയ്ക്കൊപ്പം രണ്ടാം വയസ്സിൽ ഇമ്രാൻ ഇന്ത്യയിലെത്തി. പക്ഷേ ജനനം യുഎസിലായതിനാൽ ഒസിഐ സ്റ്റാറ്റസിൽ ഇന്ത്യയിൽ തുടരേണ്ടി വന്നു. പ്രൈമറി സ്കൂൾ പഠനമടക്കം ഇന്ത്യയിലാണ് നടൻ പൂർത്തിയാക്കിയത്.
Bollywood actor Imran Khan was one of the prominent faces at a protest held in Mumbai demanding the resignation of Chief Election Commissioner Gyanesh Kumar. While the actor received widespread praise from various quarters, the law took a different turn. The Foreigners Regional Registration Office (FRRO) issued him a notice asking him to leave India for participating in a protest despite not being an Indian citizen. Challenging the notice, Imran approached the Bombay High Court, which has now heard his plea. Although the court granted an interim stay on the notice directing him to leave the country, it also strongly criticised the actor. The matter eventually went as far as Imran issuing an apology.