ആഞ്ജലീന ജോളിയുമായുള്ള വേര്‍പിരിയലും ആത്മഹത്യാ ചിന്തകളും; ജീവിതത്തിലെ കഠിനമായ ദിനങ്ങളെക്കുറിച്ച് ബ്രാഡ് പിറ്റ്

ആ നിമിഷത്തില്‍, മാനസിക വേദനയില്‍ നിന്നുള്ള ഒരു മോചനമെന്ന നിലയില്‍ ആളുകള്‍ എന്തുകൊണ്ടാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലായി
ആഞ്ജലീന ജോളിയുമായുള്ള വേര്‍പിരിയലും ആത്മഹത്യാ ചിന്തകളും; ജീവിതത്തിലെ കഠിനമായ ദിനങ്ങളെക്കുറിച്ച് ബ്രാഡ് പിറ്റ്
Published on

കുടുംബ പ്രശ്നങ്ങളും വ്യക്തിപരമായ പ്രതിസന്ധികളും മൂലം തന്റെ ജീവിതത്തിലെ ഒരു ഘട്ടത്തില്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഹോളിവുഡ് താരം ബ്രാഡ് പിറ്റ്. മുന്‍ഭാര്യയും നടിയുമായ ആഞ്ജലീന ജോളിയില്‍ നിന്നുള്ള വേര്‍പിരിയലിനും അതിനെത്തുടര്‍ന്നുണ്ടായ നിയമപോരാട്ടങ്ങള്‍ക്കും ശേഷമുള്ള തന്റെ മാനസികാരോഗ്യത്തെക്കുറിച്ചും മദ്യപാന ശീലത്തെക്കുറിച്ചും സംസാരിക്കവെയാണ് താരം മനസ്സ് തുറന്നത്. മുന്‍പ് മദ്യപാനം പൂര്‍ണ്ണമായി ഉപേക്ഷിച്ചിരുന്നെങ്കിലും ഇപ്പോള്‍ നിയന്ത്രിതമായ അളവില്‍ വീണ്ടും മദ്യപിച്ചു തുടങ്ങിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

'എസ്‌ക്വയര്‍' മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഓസ്‌കര്‍ ജേതാവായ താരം തന്റെ ജീവിതത്തിലെ കഠിനമായ ദിനങ്ങളെക്കുറിച്ച് പങ്കുവെച്ചത്. 'എന്റെ സ്വഭാവരീതി വച്ച് ഞാന്‍ ഒരിക്കലും ആത്മഹത്യാപ്രവണതയുള്ള ആളായിരുന്നില്ല. ജന്മനാ ഒരു ശുഭാപ്തിവിശ്വാസിയാണ് ഞാന്‍. അത് പലപ്പോഴും എന്നെ സഹായിച്ചിട്ടുണ്ട്,' ബ്രാഡ് പിറ്റ് പറഞ്ഞു. എന്നാല്‍ കുടുംബപ്രശ്‌നങ്ങള്‍ രൂക്ഷമായ ഒരു പ്രത്യേക ഘട്ടത്തില്‍ എല്ലാ വഴികളും അടഞ്ഞുപോകുന്നതായി തോന്നിയെന്ന് താരം കൂട്ടിച്ചേര്‍ത്തു.

'ഒരു ചെറിയ കാലയളവിലൊഴികെ ഞാന്‍ ഒരിക്കലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എന്നാല്‍ ആ ഘട്ടത്തില്‍, വേദന താങ്ങാനാവാത്തത്ര കഠിനമായിരുന്നു. ആ നിമിഷത്തില്‍, മാനസിക വേദനയില്‍ നിന്നുള്ള ഒരു മോചനമെന്ന നിലയില്‍ ആളുകള്‍ എന്തുകൊണ്ടാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. എന്നാല്‍ മനുഷ്യരില്‍ അതിശക്തമായ അതിജീവനവാസനയുണ്ട്. ഞാനും ആത്മഹത്യ ചിന്തയില്‍ നിന്ന് അതിജീവിച്ചു.', പിറ്റ് വിശദീകരിച്ചു.

ആഞ്ജലീന ജോളിയുമായുള്ള വേര്‍പിരിയലും ആത്മഹത്യാ ചിന്തകളും; ജീവിതത്തിലെ കഠിനമായ ദിനങ്ങളെക്കുറിച്ച് ബ്രാഡ് പിറ്റ്
IMAX ഫ്രെയിമിന് പോലും ഉൾക്കൊള്ളാനായില്ല; ‘വാരണാസി’യുടെ നിഗൂഢത വെളിപ്പെടുത്തി രാജമൗലി

ഏഴ് വര്‍ഷത്തോളം മദ്യത്തില്‍ നിന്ന് പൂര്‍ണ്ണമായി അകന്നുനിന്നിരുന്നെങ്കിലും ഇപ്പോള്‍ നിയന്ത്രിതമായി താരം വെളിപ്പെടുത്തി. 'ഏഴ് വര്‍ഷം ഞാന്‍ പൂര്‍ണ്ണമായി മദ്യപിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഞാന്‍ അതിലേക്ക് വീണ്ടും മടങ്ങിയെത്തി. നിയന്ത്രിതമായ അളവിലാണ് ഇപ്പോള്‍ കുടിക്കുന്നത്. ഒന്നോ രണ്ടോ തവണ പരിധി ലംഘിച്ചെങ്കിലും പിന്നീട് ഇത് എനിക്ക് നല്ലതല്ലെന്ന് തിരിച്ചറിഞ്ഞ് സ്വയം നിയന്ത്രിച്ചു', താരം പറഞ്ഞു. ആഞ്ജലീന ജോളിയുമായുള്ള വേര്‍പിരിയലിന് ശേഷം ഒന്നര വര്‍ഷത്തോളം ആല്‍ക്കഹോളിക്‌സ് അനോണിമസ് ഗ്രൂപ്പില്‍ പങ്കെടുത്ത കാര്യവും മദ്യപാനം ഉപേക്ഷിക്കാന്‍ സുഹൃത്തും നടനുമായ ബ്രാഡ്‌ലി കൂപ്പര്‍ സഹായിച്ച കാര്യവും താരം മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

ആഞ്ജലീന ജോളിയുമായുള്ള വേര്‍പിരിയലും നിയമപോരാട്ടവും

ഹോളിവുഡിലെ പ്രശസ്തമായ 'ബ്രാഞ്ചലീന' കൂട്ടുകെട്ട് 2016 സെപ്റ്റംബറിലാണ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. 2016-ല്‍ ഫ്രാന്‍സില്‍ നിന്ന് ലോസ് ആഞ്ചലസിലേക്കുള്ള സ്വകാര്യ വിമാനയാത്രയ്ക്കിടെ തന്നെയും രണ്ട് മക്കളെയും പിറ്റ് ആക്രമിച്ചുവെന്ന് ആഞ്ജലീന 2022 ഒക്ടോബറില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ആരോപിച്ചിരുന്നു. കൂടാതെ ഫ്രാന്‍സിലെ 'ഷാറ്റോ മിറാവല്‍' വീഞ്ഞ് തോട്ടത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള നിയമപോരാട്ടങ്ങളും ഇവര്‍ക്കിടയില്‍ നിലനിന്നിരുന്നു. 2019-ല്‍ നിയമപരമായി ഇരുവരും വേര്‍പിരിഞ്ഞെങ്കിലും 2024 ഡിസംബറിലാണ് വിവാഹമോചനം പൂര്‍ണ്ണമായി പൂര്‍ത്തിയായത്. ഈ തര്‍ക്കങ്ങള്‍ മക്കളുമായുള്ള ബ്രാഡ് പിറ്റിന്റെ ബന്ധത്തെയും ബാധിച്ചിരുന്നു. മാഡോക്‌സ്, പാക്‌സ്, സഹാറ, ഷൈലോ, ഇരട്ടക്കുട്ടികളായ വിവിയന്‍, നോക്‌സ് എന്നിങ്ങനെ ആറ് മക്കളാണ് ഇവര്‍ക്കുള്ളത്. ഇതില്‍ വിവിയന്‍ അടക്കം പലരും അച്ഛന്റെ 'പിറ്റ്' എന്ന വീട്ടുപേര് തങ്ങളുടെ പേരില്‍ നിന്ന് ഒഴിവാക്കാന്‍ കോടതിയെ സമീപിച്ചിരുന്നു.

അതേസമയം, ഡേവിഡ് അയര്‍ സംവിധാനം ചെയ്ത് കാമറണ്‍ അലക്‌സാണ്ടര്‍ തിരക്കഥയെഴുതിയ സര്‍വൈവല്‍ ത്രില്ലര്‍ 'ഹാര്‍ട്ട് ഓഫ് ദി ബീസ്റ്റ്' ആണ് പിറ്റിന്റെ അടുത്ത ചിത്രം. 2026 സെപ്റ്റംബര്‍ 25-നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ജോസഫ് കോസിന്‍സ്‌കി സംവിധാനം ചെയ്ത 'എഫ് 1' ആണ് താരത്തിന്റെ ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തില്‍ ഹാവിയര്‍ ബാര്‍ദെമും പ്രധാന വേഷത്തിലെത്തിയിരുന്നു.

Summary

Hollywood star Brad Pitt has revealed that he briefly struggled with suicidal thoughts during a particularly difficult period involving family problems and personal crises following his separation from Angelina Jolie and their subsequent legal battles. In an interview with Esquire, the Oscar-winning actor said the emotional pain became so overwhelming that he understood why people might consider suicide as an escape, although he had never considered himself suicidal and ultimately overcame those thoughts. Pitt also spoke about his relationship with alcohol, saying he remained completely sober for seven years before gradually returning to controlled drinking.

Madism Digital
madismdigital.com