

ദിവസങ്ങളായി ആരാധകർക്കിടയിൽ നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ടുകൊണ്ട് ആഗോള സംഗീത ലോകത്ത് തരംഗമായി മാറിയ കൊറിയൻ പോപ്പ് ബാന്റായ ബി ടി എസ് തങ്ങളുടെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ ‘നോർമൽ’ റിലീസ് ചെയ്തു. വ്യാജ ഗോസിപ്പ് വാർത്തകളും നിഗൂഢത നിറഞ്ഞ സോഷ്യൽ മീഡിയ പോസ്റ്റുകളും വഴി വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ഒരു പ്രൊമോഷൻ കാമ്പയിന് ശേഷമാണ് ബി ടി എസ് ഈ ഗാനം പുറത്തുവിട്ടത്. പാട്ടിന്റെ കൊറിയൻ പതിപ്പ് പ്രമുഖ മ്യൂസിക് പ്ലാറ്റ്‌ഫോമായ സ്പോട്ടിഫൈയിൽ ലഭ്യമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റ് എല്ലാ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലും പാട്ട് റിലീസ് ചെയ്യും. അടുത്തിടെ പുറത്തിറങ്ങിയ ‘അരിരംഗ്’ എന്ന ആൽബത്തിലെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങളിലൊന്നാണിത്. ഒറിജിനൽ ഇംഗ്ലീഷ് പതിപ്പ്, പുതിയ കൊറിയൻ പതിപ്പ്, ഇൻസ്ട്രുമെന്റൽ ട്രാക്ക് എന്നിവയുൾപ്പെടെ അഞ്ച് വ്യത്യസ്ത പതിപ്പുകളിലാണ് ‘നോർമൽ’ ആരാധകരിലേക്ക് എത്തിയിരിക്കുന്നത്.
ബി ടി എസിന്റെ മുൻകാല സൂപ്പർഹിറ്റ് ഗാനങ്ങളായ ‘ബോയ് ഇൻ ലവ്’, ‘യങ് ഫോറെവർ’, ‘ബ്ലഡ് സ്വെറ്റ് ആൻഡ് ടിയേഴ്സ്’, ‘ഫയർ’, ‘സ്പ്രിങ് ഡേ’ തുടങ്ങിയ മ്യൂസിക് വീഡിയോകളെ ഓർമ്മിപ്പിക്കുന്ന നിരവധി ദൃശ്യങ്ങൾ പുതിയ ഗാനത്തിലുണ്ട്. തങ്ങളുടെ തുടക്കകാലം മുതൽ ഇന്നുവരെയുള്ള ജീവിതത്തെക്കുറിച്ചുള്ള ഒരംഗങ്ങളുടെ വിലയിരുത്തലുകളാണ് ഈ ഗാനത്തിന്റെ ദൃശ്യങ്ങളിലുള്ളത്. ആർ എം, ജിൻ, സുഗ, ജെ-ഹോപ്, ജിമിൻ, വി, ജങ് കൂക്ക് എന്നിവരുടെ തിരക്കുപിടിച്ച ജീവിതവും അതിനിടയിലെ സ്വകാര്യ നിമിഷങ്ങളും ഇതിൽ കടന്നുവരുന്നു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിനപ്പുറം വളർത്തുമൃഗങ്ങൾക്കൊപ്പവും പ്രിയപ്പെട്ടവർക്കൊപ്പവും സമയം ചെലവഴിക്കുന്ന, തങ്ങളുടെ സാധാരണ ജീവിതം എങ്ങനെയുള്ളതാണെന്ന് ഇതിലൂടെ അവർ കാട്ടിത്തരുന്നു.
മ്യൂസിക് വീഡിയോ റിലീസ് ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ബി ടി എസ് സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. പ്രശസ്ത പത്രങ്ങളിൽ വന്ന ചില പരസ്യങ്ങൾ ആരാധകരെ ഏറെ കുഴപ്പിച്ചു. ബാത്ത്റൂമിൽ നിൽക്കുന്ന ഗ്രൂപ്പ് അംഗങ്ങളുടെ ചിത്രത്തോടൊപ്പം ‘ബി ടി എസ് അംഗങ്ങളെ അസാധാരണമായ സാഹചര്യത്തിൽ കണ്ടു’ എന്ന തരത്തിലുള്ള തലക്കെട്ടുകളോടെയായിരുന്നു വാർത്തകൾ. പിന്നീട് ബിടി.എസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ചിത്രം ‘LAMRON’ (NORMAL എന്ന വാക്ക് തിരിച്ചുപയോഗിച്ചത്) എന്ന് മാറ്റിയതോടെയാണ് ആരാധകർക്ക് കാര്യം മനസ്സിലായത്. ഈ പരസ്യങ്ങളെല്ലാം തങ്ങളുടെ പുതിയ ഗാനത്തിന്റെ പ്രൊമോഷന്റെ ഭാഗമായിരുന്നുവെന്ന് പിന്നീട് ഗ്രൂപ്പ് വ്യക്തമാക്കുകയായിരുന്നു.
റിയാൻ ടെഡ്ഡർ നിർമ്മിച്ച ‘നോർമൽ’, ‘അരിരംഗ്’ എന്ന ആൽബത്തിലെ ഏറ്റവും വ്യക്തിപരമായ ഗാനങ്ങളിലൊന്നാണ്. ഡ്രമ്മിന്റെ താളവും സൈക്കഡെലിക് ഗിത്താറിന്റെ ഈണവും ചേർന്ന ഒരു പ്രത്യേക തരം പോപ്പ് ശൈലിയിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും മനസ്സ് അനുഭവിക്കുന്ന സമ്മർദ്ദങ്ങളെക്കുറിച്ചാണ് പാട്ടിന്റെ വരികൾ സംസാരിക്കുന്നത്. നേരത്തെ ബുസാനിൽ നടന്ന ലൈവ് കൺസേർട്ടിൽ ഈ ഗാനത്തിന്റെ കൊറിയൻ പതിപ്പ് ബി ടി എസ് അവതരിപ്പിച്ചിരുന്നു.
രാജ്യാന്തര തലത്തിലുള്ള തങ്ങളുടെ വലിയ കൺസേർട്ട് ടൂർ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് പുതിയ റിലീസുമായി ബി ടി എസ് എത്തിയിരിക്കുന്നത്. സൈനിക സേവനത്തിന് ശേഷമുള്ള ഇവരുടെ ശക്തമായ തിരിച്ചുവരവ് ആരാധകർ വലിയ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്.
BTS has officially released the music video for "Normal" after a buzzworthy promotional campaign filled with cryptic teasers and viral social media posts. The song offers a personal look into the members' lives beyond fame and is one of the standout tracks from their latest album.