

ജീവിതത്തിനും മരണത്തിനുമിടയിലെ അതിസൂക്ഷ്മമായ നിമിഷങ്ങളെ പശ്ചാത്തലമാക്കി ഒരു കഥ പറയാൻ ഒരുങ്ങുകയാണ് ലിയോ തദ്ദേവൂസിന്റെ പുതിയ ചിത്രം ‘ചെവിട്ടോർമ’. ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
മരണത്തോട് അടുക്കുന്ന മനുഷ്യരുടെ ജീവിതത്തിലേക്ക് അന്ത്യപ്രാർത്ഥനയുമായി എത്തുന്ന ത്രേസ്യ എന്ന സ്ത്രീയും പ്രമാണിയായ പായമ്മൽ വർക്കിച്ചനും തമ്മിൽ നടക്കുന്ന അപൂർവമായൊരു കൂടിക്കാഴ്ചയാണ് ചിത്രത്തിന്റെ കഥയ്ക്ക് തുടക്കമിടുന്നത്. ട്രെയിലർ പുറത്തുവന്നതോടെ ചിത്രത്തിന്റെ പ്രമേയവും അവതരണരീതിയും സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.
‘പന്ത്രണ്ട്’, ‘ലോനപ്പന്റെ മാമ്മോദീസ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിയോ തദ്ദേവൂസ് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് ‘ചെവിട്ടോർമ’. ചിത്രത്തിൽ പൗളി വത്സൻ ത്രേസ്യയായും ദിലീഷ് പോത്തൻ വർക്കിച്ചനായുമാണ് വേഷമിടുന്നത്.
ചിത്രത്തിന് ഇതിനോടകം തന്നെ രാജ്യാന്തര ശ്രദ്ധ ലഭിച്ചിട്ടുണ്ട്. ഒക്ടോബറിൽ നടക്കുന്ന ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഏഷ്യൻ സിനിമകളെ കേന്ദ്രീകരിച്ചുള്ള ‘Window to Asian Cinema’ വിഭാഗത്തിലാണ് ‘ചെവിട്ടോർമ’യുടെ പ്രദർശനം.
93 മിനിറ്റ് ദൈർഘ്യമുള്ള മലയാളം ഇൻഡിപെൻഡന്റ് ഫീച്ചർ ചിത്രമായ ‘ചെവിട്ടോർമ’ വിവിധ രാജ്യാന്തര സിനിമാ പ്ലാറ്റ്ഫോമുകളിലും ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ രാജ്യാന്തര യാത്രയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കുള്ള തിരഞ്ഞെടുപ്പ്.
അണിയറയിലും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ ഒന്നിക്കുന്നു. സ്വരൂപ് ശോഭ ശങ്കറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഇറാനിയൻ സംഗീത സംവിധായകൻ മിലാദ് മോവഹെദിയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഫ്രഞ്ച് എഡിറ്റർ കാർലോ ഫ്രാൻസിസ്കോ മനടാഡും ചിത്രത്തിന്റെ അണിയറയുടെ ഭാഗമാണ്.
ജോസഫ് നെല്ലിക്കലാണ് പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്നത്. റൊണക്സ് സേവ്യറാണ് മേക്കപ്പ്. രാജേഷ് ശശീന്ദ്രനാണ് സൗണ്ട് ഡിസൈനർ. തപസ് നായക് മിക്സിങ്ങും റോബർട്ട് ലാങ് കളറിങ്ങും നിർവഹിക്കുന്നു. റോസ്മി അനുമോദാണ് കലാസംവിധാനം. രഞ്ജിനി മേരി റെജിയാണ് വസ്ത്രാലങ്കാരം.
നോബിൻ കുര്യനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സ്റ്റീഫൻ സക്കറിയാസ്, ലോകൻ രവി, സാജൻ ബാലൻ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റോപ്പ് വിഞ്ചിങ് ഫിലിംസ്, ലവ്‌ലി ഫ്രെയിംസ്, അൺകോംബ്ഡ് ബുദ്ധ, എസ്4 സിനിമാസ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്.
മരണത്തെ ഒരു പതിവ് സിനിമാ കാഴ്ചപ്പാടിൽ നിന്ന് വ്യത്യസ്തമായി സമീപിക്കുന്ന ചിത്രമാണ് ‘ചെവിട്ടോർമ’. മനുഷ്യന്റെ അവസാന നിമിഷങ്ങളെയും ആ വേളയിൽ രൂപപ്പെടുന്ന ബന്ധങ്ങളെയും ചിത്രം എങ്ങനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നു എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
Chevittorma, directed by Leo Thaddeus, explores a poignant encounter between Thresya, who offers last prayers to the dying, and Payammal Varkichan. Starring Pauly Valsan and Dileesh Pothan, the Malayalam independent film has been selected for the Busan International Film Festival’s Window to Asian Cinema section.