

31-ാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (BIFF) റെഡ് കാർപ്പറ്റിൽ ശ്രദ്ധകേന്ദ്രമായി മലയാള ചിത്രം 'ചെവിട്ടോർമ്മ'. ദക്ഷിണ കൊറിയയിൽ നടക്കുന്ന മേളയിൽ ചിത്രത്തിന്റെ സംവിധായകൻ ലിയോ തദേവൂസ്, പ്രധാന അഭിനേതാക്കളായ ദിലീഷ് പോത്തൻ, പൗളി വത്സൻ, സ്റ്റാൻ സ്റ്റീഫൻ, നിർമ്മാതാക്കളായ സ്റ്റീഫൻ സക്കറിയാസ്, ലോഗൻ രവി എന്നിവർ പരമ്പരാഗത മലയാളി വേഷത്തിലെത്തിയാണ് റെഡ് കാർപ്പറ്റിലൂടെ പ്രവേശിച്ചത്. ഇത്തവണത്തെ ബുസാൻ മേളയിലേക്ക് മലയാളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രവും 'ചെവിട്ടോർമ്മ' (The Soul Whisperer) ആണ്.
മേളയിലെ 'ഏഷ്യൻ സിനിമാ പനോരമ' (A Window on Asian Cinema) വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഏഷ്യയിലെ ശ്രദ്ധേയമായ പുതിയ സിനിമകൾ ഉൾപ്പെടുത്തുന്ന ഈ വിഭാഗത്തിൽ ഒക്ടോബർ 8-നാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ മരണം, ഓർമ്മ, വിശ്വാസം, മാനസിക സംഘർഷങ്ങൾ എന്നിവയെ ആസ്പദമാക്കിയാണ് ലിയോ തദേവൂസ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രതാപശാലിയായ ജന്മിയും കിടപ്പിലായ വർക്കിപ്പൻ എന്ന കഥാപാത്രമായി ദിലീഷ് പോത്തനും, മരിക്കുന്നവരുടെ അരികിലെത്തി പ്രാർത്ഥനകൾ ചൊല്ലുന്ന തെരേസ്യയായി പൗളി വത്സനും അഭിനയിക്കുന്നു. മരണത്തിന് തൊട്ടുമുമ്പുള്ള വർക്കിപ്പന്റെ അവസാന നിമിഷങ്ങളും, അതിനോടനുബന്ധിച്ച് കുടുംബത്തിൽ ഉണ്ടാകുന്ന പഴയകാല തർക്കങ്ങളും വിചാരണകളുമാണ് ചിത്രത്തിന്റെ പ്രമേഹം.
തന്റെ യഥാർത്ഥ പ്രായത്തേക്കാൾ ഇരട്ടി പ്രായമുള്ള, കിടപ്പിലായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി വലിയ തയ്യാറെടുപ്പുകൾ നടത്തേണ്ടി വന്നുവെന്ന് ദിലീഷ് പോത്തൻ വ്യക്തമാക്കുന്നു. വ്യക്തിജീവിതത്തിൽ നേരിട്ട നഷ്ടങ്ങളും മുത്തശ്ശന്റെ മരണസമയത്ത് ഒപ്പമുണ്ടായിരുന്ന അനുഭവങ്ങളും കഥാപാത്രത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കാൻ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. താൻ എപ്പോഴും ഒരു സിനിമാ നിർമ്മാതാവാനും സംവിധായകനാവാനുമാണ് ആഗ്രഹിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട കാലത്താണ് അഭിനയം വരുമാനമാർഗ്ഗമായി സ്വീകരിച്ചതെന്നും, എന്നാൽ പിന്നീട് അത് ഏറെ ആസ്വദിക്കാൻ തുടങ്ങിയെന്നും ദിലീഷ് പോത്തൻ പറഞ്ഞു. എങ്കിലും സംവിധാനമാണ് തന്റെ പ്രധാന മേഖലയെന്നും, അഭിനയത്തിലെ പങ്കാളിത്തത്തെ ശ്രമങ്ങളായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോനെക്സ് സേവ്യർ നൽകിയ മേക്കപ്പ് ലുക്കും പൗളി വത്സന്റെ പ്രകടനവും കഥാപാത്രത്തെ പൂർണ്ണമായി ഉൾക്കൊള്ളാൻ വലിയ പിന്തുണ നൽകിയതായി ദിലീഷ് പോത്തൻ വ്യക്തമാക്കി. 'നേടുകാണ്ടം മിറക്കിൾ' എന്ന തന്റെ നാലാമത്തെ സംവിധാന ചിത്രത്തിന്റെ തിരക്കുകൾക്കിടയിലാണ് അദ്ദേഹം ബുസാനിൽ എത്തിയിരിക്കുന്നത്.
Leo Thaddeus’ Malayalam film Chevittormma (The Soul Whisperer) is the only Malayalam entry at the 31st Busan International Film Festival. Dileesh Pothan, Pauly Valsan and the team attended the red carpet in traditional Kerala attire, while Pothan opened up about his challenging role as an aged, bedridden character.