

‘ജയിലർ 2’ന്റെ ട്രെയിലർ എത്തിയതിന് പിന്നാലെ ചർച്ചയുടെ കേന്ദ്രത്തിലേക്ക് വീണ്ടും മോഹൻലാലിന്റെ മാത്യു. രജനികാന്ത് നായകനായ ചിത്രത്തിന്റെ ട്രെയിലറിൽ താരത്തിന് ലഭിച്ചിരിക്കുന്നത് വളരെ ചെറിയൊരു സ്‌പേസ് മാത്രമാണെങ്കിലും, ആ നിമിഷം തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. പ്രത്യേകിച്ച് മാത്യുവിന്റെ പുതിയ ലുക്കും ശരീരഭാഷയും കഥാപാത്രത്തിന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കുന്നു.
2023ൽ പുറത്തിറങ്ങിയ ജയിലറിൽ മോഹൻലാൽ അവതരിപ്പിച്ച മാത്യു ഏറെ ശ്രദ്ധിക്കപ്പെട്ട അതിഥി കഥാപാത്രങ്ങളിലൊന്നായിരുന്നു. സൗത്ത് മുംബൈയിൽ ലെതർ എക്സ്പോർട്ടിങ് കമ്പനി നടത്തുന്ന ബിസിനസുകാരനായാണ് ആദ്യ ഭാഗത്തിൽ മാത്യുവിനെ അവതരിപ്പിച്ചത്. എന്നാൽ ആ ബിസിനസിന്റെ മറവിൽ മറ്റൊരു ലോകം കൂടി കഥാപാത്രത്തിനുണ്ടെന്ന സൂചനകളാണ് ചിത്രം നൽകിയത്.
ആദ്യ ഭാഗത്തിൽ താരതമ്യേന കൂളായ സ്വഭാവത്തിലായിരുന്നു മാത്യുവിന്റെ അവതരണം. എന്നാൽ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ നൽകുന്ന സൂചന അതിൽ നിന്ന് വ്യത്യസ്തമാണ്. കൂടുതൽ ഇരുണ്ട ഭാവത്തിലും ശക്തമായ സ്ക്രീൻ പ്രസൻസോടെയുമാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ഇതോടെയാണ് മാത്യുവിന്റെ മുൻകാല ജീവിതത്തെയും കഥാപാത്രത്തിന്റെ യഥാർഥ സ്വഭാവത്തെയും കുറിച്ചുള്ള ആരാധക ചർച്ചകൾ വീണ്ടും സജീവമായത്.
മാത്യുവിന് രണ്ടാം ഭാഗത്തിൽ ആദ്യ ചിത്രത്തേക്കാൾ കൂടുതൽ സ്ക്രീൻ സ്പേസ് ഉണ്ടാകുമെന്ന് സംവിധായകൻ നെൽസൺ ദിലീപ്കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ സിനിമയിൽ കുറച്ച് സമയത്തേക്ക് മാത്രമാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും, മാത്യുവിനും മറ്റ് അതിഥി കഥാപാത്രങ്ങൾക്കും വിശദമായ പശ്ചാത്തലം സംവിധായകൻ ഒരുക്കിയിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിലെ മോഹൻലാലിന്റെ സാന്നിധ്യം പ്രഖ്യാപിച്ച നിമിഷം മുതൽ കഥാപാത്രത്തിന്റെ തിരിച്ചുവരവ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
ഇത്തവണ രജനികാന്തിന്റെ ടൈഗർ മുത്തുവേൽ പാണ്ഡ്യനൊപ്പം മോഹൻലാലും കൂടുതൽ നിർണായകമായ ഘട്ടത്തിൽ എത്തുമോ എന്നതാണ് പ്രധാന ചോദ്യം. ട്രെയിലറിൽ മാത്യുവിന്റെ രംഗം വളരെ ചുരുങ്ങിയതാണെങ്കിലും, അതിന്റെ അവതരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് കാരണമാകുന്നത്. മാത്യു വില്ലൻ പക്ഷത്തേക്ക് മാറുമോ എന്ന തരത്തിലുള്ള ആരാധക സിദ്ധാന്തങ്ങളും ഇതിനകം പ്രചരിക്കുന്നുണ്ട്. എന്നാൽ കഥാപാത്രത്തിന്റെ യഥാർഥ സ്ഥാനം സിനിമ റിലീസ് ചെയ്യുമ്പോഴേ വ്യക്തമാകൂ.
അതേസമയം, ‘ജയിലർ 2’ ആദ്യ ഭാഗത്തേക്കാൾ വലിയ താരനിരയുമായാണ് എത്തുന്നത്. മോഹൻലാലിനൊപ്പം ശിവരാജ്കുമാർ, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.
ഒക്ടോബർ 15നാണ് ‘ജയിലർ 2’ തിയറ്ററുകളിലെത്തുന്നത്. ആദ്യ ഭാഗത്തിലെ മാത്യുവിന്റെ ഓർമ്മകൾക്കൊപ്പം, പുതിയ രൂപത്തിലുള്ള കഥാപാത്രത്തെയാണ് രണ്ടാം ഭാഗത്തിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് മോഹൻലാൽ ആരാധകർ. ട്രെയിലറിലെ ആ ചെറിയ സാന്നിധ്യം തന്നെ ഇത്രയധികം ചർച്ചയാകുമ്പോൾ, ചിത്രത്തിൽ മാത്യുവിന് ലഭിക്കുന്ന കൂടുതൽ സ്‌പേസ് എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയും ഉയരുകയാണ്.
‘Jailer 2’ trailer has reignited excitement around Mohanlal’s Matthew. Though his appearance is brief, the actor’s new look, darker demeanour and powerful screen presence have sparked widespread social media discussions. With more screen time promised, fans are speculating about Matthew’s backstory, loyalties and role alongside Rajinikanth’s Tiger Muthuvel Pandian.