

കോടികളുടെ ചെക്ക് മടങ്ങിയ കേസിൽ പണം കെട്ടിവെക്കാനുള്ള സമയപരിധി ലംഘിച്ച ബോളിവുഡ് നടൻ രാജ്പാൽ യാദവിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. നിങ്ങളുടെ സ്ഥാനം ജയിലിലാണെന്നും എപ്പോൾ സംസാരിക്കണമെന്നും അഹങ്കാരം എവിടെ കാണിക്കണമെന്നും നിങ്ങൾ പഠിക്കണമെന്നും കോടതി താക്കീത് ചെയ്തു. കേസിൽ 2 കോടി രൂപ സെപ്റ്റംബർ 15-നകം കോടതിയിൽ കെട്ടിവെക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്‌ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ സമയപരിധി അവസാനിച്ച തിങ്കളാഴ്ചയും ഈ തുക അടയ്ക്കാൻ നടന് കഴിഞ്ഞില്ല. വാദത്തിനിടെ പരാതിക്കാർ ദരിദ്രരല്ലെന്ന രാജ്പാൽ യാദവിന്റെ അഭിഭാഷകന്റെ പരാമർശമാണ് കോടതിയെ പ്രകോപിപ്പിച്ചത്.
"അവർ നിങ്ങളേക്കാൾ സമ്പന്നരായിരിക്കാം, എന്നാൽ നിങ്ങൾ അവരെ കബളിപ്പിച്ചത് കാരണം അവർ ദരിദ്രരായി. നിങ്ങളുടെ ഈ അഹങ്കാരം നിയന്ത്രിക്കണം. എപ്പോൾ വായ് തുറക്കണമെന്ന് നിങ്ങൾക്കറിയണം. നിങ്ങളുടെ സ്ഥാനം ജയിലിലാണ്," ജസ്റ്റിസ് ജോയ്മാല്യ ബാഗ്‌ചി തുറന്നടിച്ചു. ചൊവ്വാഴ്ചയ്ക്കകം പണം അടയ്ക്കണമെന്ന് അന്ത്യശാസനം നൽകിയ കോടതി, കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
തിങ്കളാഴ്ച വാദത്തിനിടെ, 50 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് യാദവിൻ്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയെങ്കിലും ഇത് യഥാർത്ഥമാണോ എന്ന കാര്യത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു. രാജ്പാൽ യാദവ് മികച്ചൊരു നടനാണെന്നും ഒരേ ഡ്രാഫ്റ്റിന്റെ നാല് ഫോട്ടോക്കോപ്പികളാകാം ഇതെന്നുംപരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ അജിത് സിൻഹ കുറ്റപ്പെടുത്തി. ഒരു സിനിമാ നടനായ അദ്ദേഹം കോടതിയിലും അഭിനയിക്കുകയാണെന്നും, നീതിന്യായ വ്യവസ്ഥയോട് യാതൊരു ബഹുമാനവുമില്ലെന്നും സിൻഹ പറഞ്ഞു.
പണം തിരിച്ചടയ്ക്കാതെ രാജ്പാൽ യാദവ് നടത്തുന്ന നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹർജി തള്ളിക്കളയാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ പരാതിക്കാർക്ക് തുക ലഭിക്കേണ്ടതുണ്ടെന്നതിനാലാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നും കോടതി പറഞ്ഞു. ഡൽഹി ഹൈക്കോടതി വിധിച്ച 5 കോടി രൂപയും സുപ്രീം കോടതി നിർദേശിച്ച ആദ്യ ഗഡുവായ 2 കോടി രൂപയും നൽകുന്നതിൽ നടൻ വരുത്തിയ വീഴ്ച അഹങ്കാരത്തിന്റെ ഭാഗമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
സെപ്റ്റംബർ 15-ലെ ഉത്തരവിന് ശേഷം 15 ദിവസത്തെ സമയം നൽകിയിരുന്നെങ്കിലും ഏഴ് ദിവസം വൈകിയിട്ടും സമയം നീട്ടിനൽകണം എന്ന് ആവശ്യപ്പെട്ട് യാദവ് അപേക്ഷ നൽകിയിരുന്നില്ല. ഇതിനുപുറമേ, ഉത്തരവ് വന്ന് രണ്ട് ദിവസത്തിനകം പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന നിർദേശവും പാലിച്ചില്ലെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. യാദവിന്റെ മുൻകാല പെരുമാറ്റം കണക്കിലെടുത്ത് സുപ്രീം കോടതി മുൻപ് തന്നെ അതൃപ്തി വ്യക്തമാക്കിയിരുന്നു.
2010-ൽ 'അതാ പതാ ലപതാ' എന്ന സിനിമയുടെ നിർമാണത്തിനായി എം/എസ് മുരളി പ്രൊജക്ട്സ് ലിമിറ്റഡിൽ നിന്ന് 5 കോടി രൂപ വായ്പയെടുത്തതുമായി ബന്ധപ്പെട്ടാണ് ഈ കേസ്. 8 കോടി രൂപ തിരിച്ചടയ്ക്കാമെന്ന വാഗ്ദാനം ലംഘിച്ചതിനെ തുടർന്ന് കമ്പനി ക്രിമിനൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. 2024 മേയിൽ കേസിൽ നടന് മൂന്ന് മാസം തടവുശിക്ഷ വിധിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും മുൻപ് നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെ തുടർന്ന് ജൂലൈ 10-ന് ഹൈക്കോടതി തടവുശിക്ഷ ശരിവെച്ചു.
നടനും ഭാര്യയും ചേർന്ന് കേസിന്റെ നടപടികൾക്കിടെ 2.25 കോടി രൂപ പരാതിക്കാരന് നൽകിയിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ തുക പരാതിക്കാരന് നൽകാനുള്ള തുകയിലേക്ക് വകയിരുത്താനും ഭാര്യയോട് ചില കേസുകളിൽ പിഴയടയ്ക്കാനും മുൻപ് നിർദേശിച്ചിരുന്നു. നേരത്തെ ഡൽഹി ഹൈക്കോടതി ഉത്തരവ് പ്രകാരം സറണ്ടർ ചെയ്യേണ്ട തീയതി അവസാനിച്ചതിനെ തുടർന്ന് ഒക്ടോബർ 5 വരെ സമയം നീട്ടി നൽകിയിരുന്നു. ഇത് ഒക്ടോബർ 7 വരെ വീണ്ടും നീട്ടി നൽകിയിട്ടുണ്ടെങ്കിലും പണം നിക്ഷേപിക്കുന്നത് നോക്കിയാവും സുപ്രീം കോടതി ഇനി തുടർതീരുമാനം കൈക്കൊള്ളുക.
The Supreme Court has given actor Rajpal Yadav a final opportunity to comply with its order in a cheque-bounce case. The court directed him to deposit ₹2 crore and expressed strong displeasure over his failure to follow earlier directions, with the matter listed again for October 7