സ്ത്രീകളോട് അതിക്രമണം കാണിക്കുന്നവരെ ചേര്‍ത്ത് പിടിക്കുന്ന സമീപനം സര്‍ക്കാരുകള്‍ക്ക് ചേര്‍ന്നതല്ലെന്ന് ഗായിക ചിന്മയി. തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹന്‍ റാപ്പർ വേടനുമായി കൂടിക്കാഴ്ച നടത്തിയ ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് ചിന്മയിയുടെ പ്രതികരണം. 'ഗുരുതരമായ ലൈംഗിക പീഡന, ആക്രമണ ആരോപണങ്ങള്‍ നേരിടുന്ന പുരുഷന്മാരോട് മുന്‍കാല സര്‍ക്കാരുകള്‍ കാണിച്ച സമീപനം വിജയ് സര്‍ക്കാരും കാണിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നും ചിന്മയി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് വിജയ് സര്‍ക്കാരിനെ ലക്ഷ്യമിട്ടുകൊണ്ടുള്ള ചിന്മയിയുടെ പ്രതികരണം.
സാമൂഹിക പ്രവര്‍ത്തനം സ്ത്രീകളുടെ കണ്‍സെന്റ് ലംഘിക്കാനുള്ള മുഖംമൂടിയായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന രൂക്ഷ വിമര്‍ശനത്തോടെയാണ് ചിന്മയിയുടെ പോസ്റ്റ്. വേടനെപ്പോലുള്ള പുരുഷന്മാരെ പേരെടുത്ത് പരാമര്‍ശിച്ച് നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്. അത്തരക്കാര്‍ക്ക് സമൂഹത്തില്‍ നിന്ന് യാതൊരു പിന്തുണയും ലഭിക്കുന്നില്ല. പുരുഷനെ ഒരു 'ഹീറോ' ആയും 'നേതാവ്' ആയും കണക്കാക്കുന്ന സമൂഹത്തില്‍ അവര്‍ ഒറ്റപ്പെടുകയാണ്. സ്ത്രീകള്‍ അവരുടെ 'നല്ല സ്ത്രീ' പട്ടത്തിനുവേണ്ടി എല്ലാ അതിക്രമങ്ങളും സഹിക്കണം. ശബ്ദം നഷ്ടപ്പെട്ടവരുടെ ശബ്ദങ്ങളായി സ്വയം ചിത്രീകരിച്ച ഈ പുരുഷന്മാരില്‍ ചിലര്‍, ആക്രമണകാരികളായി തുടരുകയാണ്. എന്നും ചിന്മയി പറയുന്നു.
വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ താന്‍ വേടനൊപ്പമുള്ള സംഗീതപരിപാടികള്‍ ഉപേക്ഷിച്ചിട്ടുണ്ടെന്നും ചിന്മയി വ്യക്തമാക്കുന്നു. ലൈംഗിക ആരോപണം നേരിടുന്ന ആളാണെന്ന് അറിയാതെ വേടനൊപ്പം ഒരു പ്രൊജക്ട് താന്‍ പ്രഖ്യാപിച്ചിരുന്നു എന്ന് ചിന്മയി തുറന്നുപറഞ്ഞു. പിന്നീട് ഇത് റദ്ദാക്കുകയും വേടനൊപ്പമുള്ള ഒരുപാട് സംഗീത പരിപാടികള്‍ നിരസിക്കുകയും ചെയ്തതായി ചിന്മയി വ്യക്തമാക്കി.
കോവിഡ് സമയത്ത്, ഗോവിന്ദ് വസന്ത, മുഹ്സിന്‍ പരാരി, വേടന്‍ എന്നിവരും ഞാനും ചേര്‍ന്ന് ഒരു ഗാനം പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ നിന്നുള്ള ഒരു ക്ലബ്ഹൗസ് പരിപാടിയില്‍ ഞാന്‍ പങ്കെടുത്തപ്പോഴാണ് ഒരു സ്ത്രീ എന്നോട് ചോദിച്ചത്, വേടനുമായി എങ്ങനെ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന്. ആ സമയത്ത്, റിപ്പോര്‍ട്ടുകളൊക്കെയും മലയാളത്തിലായിരുന്നു, അതുകൊണ്ട് വിഷയത്തെക്കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹം തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ചു (അംഗീകരിച്ചോ?) ക്ഷമാപണം നടത്തി. എന്നും ചിന്മയി പറയുന്നു.
English Summary: Singer Chinmayi Sripaada has criticized the approach of governments towards men accused of sexual harassment and assault. Her remarks came after a photograph of Rajmohan Vetrivel meeting a person facing serious allegations of sexual misconduct was shared on social media. In an Instagram post, Chinmayi expressed hope that the government led by Vijay would not follow the example of previous administrations in embracing or supporting men accused of grave sexual offences. The singer's comments have sparked fresh discussion on accountability and the treatment of individuals facing such allegations in public life.