

ഈ ഒക്ടോബറിൽ തമിഴ് സിനിമയിൽ വൻ ബോക്‌സോഫീസ് പോരാട്ടത്തിനായിരുന്നു കളമൊരുങ്ങിയിരുന്നത്. രജനികാന്തിന്റെ ‘ജയിലർ 2’ ഒക്ടോബർ 15നും ധനുഷിന്റെ ‘ഓം: ചാപ്റ്റർ 1’ ഒക്ടോബർ 16നും റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ ‘ഓം’ റിലീസ് മാറ്റിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് ധനുഷ്. സൂപ്പർസ്റ്റാർ രജനികാന്തിനോടുള്ള ആദരസൂചകമായാണ് റിലീസ് മാറ്റുന്നതെന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിൽ ധനുഷ് വ്യക്തമാക്കി.
“വർഷങ്ങളായി നമ്മളെല്ലാം ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന നമ്മുടെ സൂപ്പർസ്റ്റാർ രജനികാന്ത് സാറിന്റെ ചിത്രം ഒക്ടോബർ 15ന് റിലീസ് ചെയ്യുകയാണ്. ഞങ്ങളുടെ ചിത്രത്തിന് ഒരു ദിവസം മുൻപാണ് അദ്ദേഹത്തിന്റെ സിനിമ എത്തുന്നത്. അദ്ദേഹത്തോടുള്ള വലിയ ആദരവ് മാനിച്ച് ‘ഓം’ റിലീസ് മറ്റൊരു ദിവസത്തേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുന്നു,” ധനുഷ് കുറിച്ചു.
ദീപാവലി റിലീസായെത്തുന്ന സൂര്യയുടെ ‘സീൻ’ നവംബർ ആറിനാണ് തിയറ്ററുകളിലെത്തുന്നത്. അതിനാൽ ദീപാവലിക്കും ‘ഓം’ റിലീസ് ചെയ്യില്ലെന്നും ധനുഷ് വ്യക്തമാക്കി. സൂര്യ ചിത്രത്തിന്റെ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാൽ അതിനെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “വലിയ സിനിമകൾ പരസ്പരം മനസ്സിലാക്കുകയും തീരുമാനങ്ങളെ ബഹുമാനിക്കുകയും വേണം. സിനിമയുടെയും ചലച്ചിത്ര വ്യവസായത്തിന്റെയും വലിയ താൽപര്യം മുൻനിർത്തി പരസ്പരം സഹകരിക്കണമെന്നാണ് ഞങ്ങളുടെ വിശ്വാസം,” ധനുഷിന്റെ കുറിപ്പിൽ പറയുന്നു.
‘ഓം’ സിനിമയുടെ പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ധനുഷ് കൂട്ടിചേർത്തു. ഇതോടെ തമിഴ് ബോക്‌സ് ഓഫീസിൽ മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും നേർക്കുനേർ എത്തുന്ന അപൂർവ സാഹചര്യമാണ് ഒഴിവായത്. ‘ഓം’ൽ മമ്മൂട്ടിയും ‘ജയിലർ 2’ൽ മോഹൻലാലുമാണ് ഭാഗമാകുന്നത്.
‘അമരൻ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ സംവിധായകൻ രാജ്കുമാർ പെരിയസാമിയാണ് ‘ഓം: ചാപ്റ്റർ 1’ സംവിധാനം ചെയ്യുന്നത്. സായ് പല്ലവിയും ശ്രീലീലയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് സായ് അഭ്യങ്കറാണ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എഴിൽ അരശു കെയും എഡിറ്റിങ് ആർ കലൈവാണനും നിർവഹിക്കുന്നു. ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്മത് ജഗ്മഗ് എന്നിവർ ചേർന്ന് വണ്ടർബാർ ഫിലിംസിന്റെയും ആർടേക്ക് സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
2023ൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം ‘ജയിലർ’ന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗമാണ് ‘ജയിലർ 2’. എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, വിദ്യ ബാലൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ആദ്യ ഭാഗത്തിലെ നിരവധി താരങ്ങളും രണ്ടാം ഭാഗത്തിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. അനിരുദ്ധ് രവിചന്ദർ സംഗീതവും വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും ആർ നിർമൽ എഡിറ്റിങ്ങും നിർവഹിക്കുന്നു. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം ഒക്ടോബർ 15ന് തിയറ്ററുകളിലെത്തും.
Dhanush has postponed the release of OM: Chapter 1 to avoid a clash with Rajinikanth’s Jailer 2, scheduled for October 15. Citing immense respect for Rajinikanth, Dhanush said OM will release later. The move also avoids a rare Tamil box-office clash between Malayalam stars Mammootty and Mohanlal.