

ഇൻഡോറിലെ സംഗീത പരിപാടി റദ്ദാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഗായകൻ ദിൽജിത് ദോസാഞ്ജ്. നവംബർ 15-ന് നിശ്ചയിച്ച പ്രകാരം ഇൻഡോറിൽ പരിപാടിക്കെത്തുമെന്ന് താരം വ്യക്തമാക്കി. സുരക്ഷാ ഭീഷണികളും പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇൻസ്റ്റഗ്രാം ലൈവിലൂടെ ദിൽജിത് ആരാധകർക്ക് ഉറപ്പുനൽകിയത്. താൻ 101 ശതമാനവും ഇൻഡോറിൽ എത്തുമെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
''പരിപാടി റദ്ദാക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വിശ്വസിക്കരുത്. നവംബർ 15-ന് ഇൻഡോറിലെത്തിയാൽ ആദ്യം അവിടുത്തെ പ്രശസ്തമായ പോഹ കഴിക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ട് 15-ാം തീയതി ഞങ്ങൾ ഇൻഡോറിലെത്തും. 101 ശതമാനവും വരും. ആദ്യം അവിടെയെത്തി പോഹ കഴിക്കും. അതിൽ നിന്ന് ഊർജം നേടിയ ശേഷം പരിപാടിയുമായി മുന്നോട്ടുപോകും," എന്നായിരുന്നു ദിൽജിത്തിന്റെ വാക്കുകൾ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും 15-ാം തീയതി ആരാധകരെ നേരിൽ കാണുമെന്നും തന്റെ വാക്കിൽ വിശ്വസിക്കണമെന്നും താരം കൂട്ടിച്ചേർത്തു.
ദിൽജിത്തിന്റെ ഔറ ഇന്ത്യ ടൂറിന്റെ ഭാഗമായാണ് ഇൻഡോറിലെ പരിപാടി സംഘടിപ്പിക്കുന്നത്. എന്നാൽ പരിപാടിക്ക് മുന്നോടിയായി നഗരത്തിൽ സുരക്ഷാ ആശങ്കകൾ ഉയർന്നിരുന്നു. സംഗീത പരിപാടിയെ പരാമർശിച്ച് ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇൻഡോറിലെ മൂന്ന് സ്കൂളുകൾക്കും മേയറുടെ സെക്രട്ടേറിയറ്റിനുമാണ് ഭീഷണി ഇമെയിലുകൾ ലഭിച്ചത്. സംഭവത്തിൽ സൈബർ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് ഭീഷണി സന്ദേശങ്ങൾ പുറത്തുവന്നത്.
ഇൻഡോറിലെ പരിപാടിയിൽ ദിൽജിത്തിന്റെ നാല് ഗാനങ്ങൾ അവതരിപ്പിക്കുന്നതിന് വിലക്കുണ്ടെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. സുരക്ഷാ ഭീഷണികൾക്കൊപ്പം ഇത്തരം വിവാദങ്ങളും നിലനിൽക്കുന്നതിനിടെയാണ് പരിപാടി നടക്കുമെന്ന കാര്യം താരം നേരിട്ട് സ്ഥിരീകരിച്ചത്.
ഒക്ടോബർ 30-ന് ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ദിൽജിത്തിന്റെ പരിപാടിക്കും അനുമതിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നേരിട്ടിരുന്നു. ആദ്യം പരിപാടി നടത്തുന്നതിൽ അനിശ്ചിതത്വമുണ്ടായെങ്കിലും പുതുക്കിയ സുരക്ഷാ ക്രമീകരണങ്ങളും ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള പദ്ധതികളും സംഘാടകർ പൊലീസിന് കൈമാറിയതോടെ പരിപാടിക്ക് അനുമതി ലഭിക്കുകയായിരുന്നു.
ഇൻഡോർ പരിപാടിക്ക് ശേഷം ഔറ വേൾഡ് ടൂറിന്റെ ഭാഗമായി നവംബർ 21-ന് അഹമ്മദാബാദിലും നവംബർ 27-ന് മുംബൈയിലും നവംബർ 29-ന് ബെംഗളൂരുവിലും ദിൽജിത് സംഗീത പരിപാടികൾ അവതരിപ്പിക്കും. ഡിസംബർ 5-ന് ലഖ്നൗ, ഡിസംബർ 12-ന് ചണ്ഡീഗഢ്, ഡിസംബർ 19-ന് കൊൽക്കത്ത എന്നിവിടങ്ങളിലും താരത്തിന്റെ പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്.
Diljit Dosanjh has dismissed rumours about the cancellation of his Indore concert, confirming that he will perform on November 15 as scheduled. Amid security threats and controversy surrounding the event, the singer reassured fans during an Instagram Live, saying he was “101%” sure of attending the concert