

ചില സംവിധായകർ കഥാപാത്രങ്ങൾക്കും കഥകൾക്കും വേണ്ടി സിനിമ ഒരുക്കുമ്പോൾ, മറ്റു ചിലർ തങ്ങളുടെ നിലപാടുകൾ മുന്നോട്ടുവെക്കാനുള്ള മാധ്യമമായി സിനിമയെ കാണാറുണ്ട്. ഈ രണ്ട് വഴികളെയും ഒരുപോലെ ചേർത്തുപിടിച്ച സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. രജിനികാന്തിനോടുള്ള കടുത്ത ആരാധനയിലൂടെ സിനിമയെ സ്നേഹിച്ചുതുടങ്ങിയ അദ്ദേഹം ഇന്ന് ജാതി, അധികാരം, രാഷ്ട്രീയം, പുരുഷാധിപത്യം, ലിംഗസ്വത്വം, മനുഷ്യബന്ധങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ തന്റെ സിനിമകളിലൂടെ ചർച്ച ചെയ്യുന്ന സംവിധായകനായി വളർന്നിരിക്കുന്നു. ‘പിസ’ മുതൽ ‘ഡൊറോത്തി’ വരെയുള്ള അദ്ദേഹത്തിന്റെ സിനിമായാത്ര അതിന്റെ വലിയ തെളിവാണ്.
മധുരയിലെ ത്യാഗരാജർ എൻജിനീയറിങ് കോളജിൽ മെക്കാട്രോണിക്സ് പഠിച്ച കാർത്തിക്, സിനിമയോടുള്ള താത്പര്യം കാരണം ഹ്രസ്വചിത്രങ്ങളിലൂടെയാണ് ഈ മേഖലയിലേക്ക് കടന്നത്. ടെലിവിഷൻ റിയാലിറ്റി ഷോയായ ‘നാളയ ഇയക്കുനർ’ വഴി ശ്രദ്ധിക്കപ്പെട്ട അദ്ദേഹം, 2012-ൽ വിജയ് സേതുപതിയെ നായകനാക്കി ഒരുക്കിയ ‘പിസ’യിലൂടെ സ്വതന്ത്ര സംവിധായകനായി കോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. പതിവ് സിനിമാക്കാഴ്ചകളെ അട്ടിമറിക്കുന്ന വേറിട്ട കഥപറച്ചിൽ ശൈലിയായിരുന്നു തുടക്കംമുതൽ അദ്ദേഹത്തിന്റെ സവിശേഷത.
‘ജിഗർതണ്ട’യിൽ സിനിമയ്ക്കുള്ളിലെ സിനിമയും മധുരൈ അധോലോകത്തിന്റെ പിന്നാമ്പുറക്കഥകളും അവതരിപ്പിച്ച അദ്ദേഹം, ‘ഇരൈവി’യിലൂടെ പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വൈകാരിക സംഘർഷങ്ങളിലേക്കാണ് ക്യാമറ തിരിച്ചത്. തുടർന്ന് ‘മെർക്കുറി’യിലൂടെ പരിസ്ഥിതി പ്രശ്നങ്ങളും ‘ജിഗർതണ്ട ഡബിൾ എക്സ്’ലൂടെ അരികുവൽക്കരിക്കപ്പെട്ട ആദിവാസി ജീവിതവും അധികാരരാഷ്ട്രീയവും സിനിമയുടെ ശക്തിയും തീവ്രമായി അഭിസംബോധന ചെയ്തു.
ഈ രാഷ്ട്രീയ വായനയുടെ മറ്റൊരു പ്രധാന ഉദാഹരണമാണ് ധനുഷിനെ നായകനാക്കി ഒരുക്കിയ ‘ജഗമേ തന്തിരം’. ഗ്യാങ്സ്റ്റർ സിനിമയുടെ ചട്ടക്കൂടിനുള്ളിൽനിന്ന് കുടിയേറ്റ രാഷ്ട്രീയം, വംശീയ വിവേചനം, അഭയാർഥികളുടെ അതിജീവനം തുടങ്ങിയ വിഷയങ്ങളിലേക്കാണ് കാർത്തിക് ഈ ചിത്രത്തിലൂടെ കടന്നുചെല്ലുന്നത്. ശ്രീലങ്കൻ തമിഴരുടെ ജീവിതവും അവർ നേരിടുന്ന പ്രതിസന്ധികളും ചിത്രത്തിന്റെ പ്രധാന പ്രമേയങ്ങളിലൊന്നാണ്. മനുഷ്യരെ രാജ്യാതിർത്തികളുടെ പേരിൽ വേർതിരിക്കുന്നതും കുടിയേറ്റക്കാരെ അപരന്മാരായി കാണുന്ന വംശീയ മനോഭാവവും സിനിമ ചോദ്യം ചെയ്യുന്നു. സിനിമയെ കേവലം കഥപറച്ചിലിനുള്ള ഉപാധിയായി കാണാതെ, സമൂഹത്തിലെ അസ്വസ്ഥതകൾ തുറന്നുകാട്ടാനുള്ള മാധ്യമമായി ഉപയോഗിക്കുന്ന കാർത്തിക്കിന്റെ സമീപനം ഈ ചിത്രത്തിലൂടെ കൂടുതൽ വ്യക്തമാകുന്നു.
സിനിമ കേവലം വിനോദത്തിനുള്ള ഉപാധിയല്ല, സാമൂഹിക ബോധം സൃഷ്ടിക്കാനുള്ള ശക്തമായ മാധ്യമം കൂടിയാണെന്ന നിലപാടാണ് അദ്ദേഹത്തെ ഏറെ വ്യത്യസ്തനാക്കുന്നത്. എന്നാൽ ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കുമ്പോഴും പ്രേക്ഷകപ്രീതിയുള്ള മുഖ്യധാരാ സിനിമയുടെ ഭാഷ കൈവിടാൻ അദ്ദേഹം തയ്യാറാകാറില്ല. വാണിജ്യസിനിമയുടെ സാധ്യതകളെയും തന്റെ രാഷ്ട്രീയ ബോധ്യങ്ങളെയും ഒരുപോലെ ചേർത്തുനിർത്താനുള്ള ശ്രമമാണ് കാർത്തിക് സുബ്ബരാജിന്റെ ഫിലിമോഗ്രഫിയെ വ്യത്യസ്തമാക്കുന്നത്.
രജിനികാന്തിനോടുള്ള കടുത്ത ആരാധനയാണ് കാർത്തിക്കിന്റെ സിനിമാജീവിതത്തിലെ പ്രധാന ഏടുകളിലൊന്ന്. കുട്ടിക്കാലം മുതൽ കണ്ടുവളർന്ന താരത്തെ ‘പേട്ട’യിലൂടെ സംവിധാനം ചെയ്തപ്പോൾ, രജിനികാന്തിന്റെ പഴയകാല സ്‌ക്രീൻ സാന്നിധ്യവും ആക്ഷൻ ശൈലിയും ചിത്രം ആഘോഷിച്ചു. ആരാധകർക്ക് വലിയ ആവേശമാണ് അത് സമ്മാനിച്ചത്. പുതിയ തലമുറയിലെ സംവിധായകർ ഒരുക്കിയ രജിനികാന്ത് ചിത്രങ്ങൾ വിജയങ്ങൾ കൊയ്തപ്പോഴും, ‘ഒരു സിറപ്പാന തരമാന ഫാൻ ബോയ് സംഭവം’ എന്ന നിലയിൽ ‘പേട്ട’ ഇന്നും ചർച്ച ചെയ്യപ്പെടുന്നതിന് പിന്നിൽ കാർത്തിക്കിന്റെ ഈ ആരാധനയുണ്ട്.
ഒടുവിൽ, ഇപ്പോഴിതാ ‘ഡൊറോത്തി’യിലൂടെ തന്റെ രാഷ്ട്രീയവും സാമൂഹികവുമായ നിലപാടുകൾ കൂടുതൽ ശക്തമായി മുന്നോട്ടുവയ്ക്കുകയാണ് കാർത്തിക് സുബ്ബരാജ്. കീർത്തി സുരേഷ്, റിഷികാന്ത്, സനന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 1990-കളിലെ മധുരയിലെ ഗ്രാമീണ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കളായി വളരുന്ന കാർത്തിയുടെയും സുബ്ബുവിന്റെയും ജീവിതത്തിലേക്ക് കടന്നുവരുന്ന പുതിയ അനുഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. പുരുഷാധിപത്യവും ജാതിബോധവും അക്രമവും ആഴത്തിൽ വേരൂന്നിയ സാമൂഹിക അന്തരീക്ഷത്തിൽ വളരുന്ന ഇവരുടെ ജീവിതത്തിൽ ലിംഗസ്വത്വവുമായി ബന്ധപ്പെട്ട തിരിച്ചറിവുകൾ നിർണായകമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. കീർത്തി സുരേഷ് അവതരിപ്പിക്കുന്ന ഡൊറോത്തി എന്ന കഥാപാത്രവും ഈ മാറ്റങ്ങളുടെ കേന്ദ്രബിന്ദുവാണ്.
ട്രാൻസ് വ്യക്തികളുടെ ജീവിതവും അവർ സമൂഹത്തിൽ നേരിടുന്ന അവഗണനയും വിവേചനവും അതിജീവനത്തിനായുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രധാന ചർച്ചാവിഷയം. എന്നാൽ ഈ വിഷയത്തെ ഒരു വ്യക്തിയുടെ മാത്രം ജീവിതപ്രശ്നമായി സിനിമ ചുരുക്കുന്നില്ല. ഒരാളെ പുരുഷനോ സ്ത്രീയോ ആക്കുന്നത് സമൂഹം അടിച്ചേൽപ്പിക്കുന്ന ചട്ടക്കൂടുകളാണോ, സൗഹൃദത്തിനും സ്നേഹത്തിനും ലിംഗസ്വത്വത്തിന്റെ അതിർവരമ്പുകളുണ്ടോ, പുരുഷത്വത്തിന്റെ പേരിൽ തലമുറകളായി കൈമാറപ്പെടുന്ന അക്രമവും അധികാരബോധവും മനുഷ്യബന്ധങ്ങളെ എങ്ങനെയാണ് തകർക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് ചിത്രം ഉയർത്തുന്നത്. ജാതിയും വർഗവും ലിംഗസ്വത്വവും പുരുഷാധിപത്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന സാമൂഹിക വ്യവസ്ഥയുടെ നേർക്കാഴ്ച കൂടിയാണ് ‘ഡൊറോത്തി’.
എന്നാൽ, പ്രതീക്ഷിച്ചതുപോലെതന്നെ ട്രാൻസ് വ്യക്തികളുടെ ജീവിതത്തെക്കുറിച്ചുള്ള തുറന്ന സമീപനത്തിന് ഒരു വിഭാഗം പ്രേക്ഷകർ പിന്തുണ നൽകിയപ്പോൾ, ചിത്രത്തിലെ ചില രംഗങ്ങളെയും കഥാപാത്രാവിഷ്കാരങ്ങളെയും അവതരണരീതിയെയും മറ്റൊരു വിഭാഗം വിമർശിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനങ്ങൾ വരെ ഉയർന്നു. എന്നാൽ ഇത്തരം പ്രതികരണങ്ങൾക്കു മുന്നിൽ തന്റെ നിലപാടിൽനിന്ന് പിന്നോട്ടുപോകാൻ കാർത്തിക് തയ്യാറായില്ല. സിനിമയിൽ ട്രാൻസ് വ്യക്തിയുടെ ജീവിതം അവതരിപ്പിക്കുന്നതിൽത്തന്നെ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് അവരുടെ ഉള്ളിലുള്ള പ്രശ്നമാണെന്നും ചിത്രം കാണുകയും അതേക്കുറിച്ച് ചർച്ച ചെയ്യുകയും വേണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിമർശനങ്ങളെല്ലാം ഒരുപോലെ തള്ളിക്കളയുന്നതിനുപകരം, സിനിമയുടെ പ്രമേയത്തെക്കുറിച്ച് ആരോഗ്യകരമായ സംവാദങ്ങൾ ഉണ്ടാകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയോട് വിയോജിക്കാനുള്ള പ്രേക്ഷകരുടെ അവകാശം നിലനിൽക്കുമ്പോൾത്തന്നെ, അസ്വസ്ഥതയുണ്ടാക്കുന്ന വിഷയങ്ങൾ സിനിമയിൽ അവതരിപ്പിക്കപ്പെടാനുള്ള ഇടവും പ്രധാനമാണ്. വിമർശനങ്ങൾക്കിടയിലും ഇത്തരം വിഷയങ്ങളിൽനിന്ന് പിന്മാറാതെ തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന കാർത്തിക്കിന്റെ സമീപനം ഇവിടെ ശ്രദ്ധേയമാകുന്നു. എല്ലാ പരീക്ഷണങ്ങളും പൂർണമായി വിജയിക്കണമെന്നില്ല. എല്ലാ നിലപാടുകളും പ്രേക്ഷകർ അംഗീകരിക്കണമെന്നുമില്ല. എന്നാൽ, സ്വന്തം വിശ്വാസങ്ങളും കാഴ്ചപ്പാടുകളും സിനിമയിലൂടെ അവതരിപ്പിക്കാനും അതിന്റെ പേരിൽ ഉയരുന്ന വിമർശനങ്ങളെ നേരിടാനും കാണിക്കുന്ന ധൈര്യമാണ് ഒരു ചലച്ചിത്രകാരനെന്ന നിലയിൽ കാർത്തിക് സുബ്ബരാജിനെ വേറിട്ടുനിർത്തുന്നത്.
Karthik Subbaraj’s cinematic journey from Pizza to Dorothy reflects his evolution from a gangster-film storyteller into a filmmaker exploring caste, gender identity, patriarchy, power and social inequality. Through commercial cinema and bold narratives, he challenges societal conventions, sparks conversations and continues to express his political and social perspectives.