പുരുഷന്‍മാരുടെ ലോകത്ത് 'ഡൊറോത്തി' തുറന്നിടുന്ന വൈകാരിക സാധ്യതകൾ: റിവ്യൂ

"ഒരു സിനിമയുടെ പ്രാധാന്യം അതിന്റെ പൂർണതയിൽ മാത്രമല്ല. അത് തുറന്നിടുന്ന ചോദ്യങ്ങളിലുമാണ്... അത് 'ഡൊറോത്തി' നിർവഹിക്കുന്നു"
പുരുഷന്‍മാരുടെ ലോകത്ത് 'ഡൊറോത്തി' തുറന്നിടുന്ന വൈകാരിക സാധ്യതകൾ: റിവ്യൂ
Published on: 

സിനിമ കാണാൻ തിയറ്ററിൽ പത്തോ പന്ത്രണ്ടോ ആളുകൾ മാത്രമാണുണ്ടായത്. അതും പുരുഷന്മാർ മാത്രം. സങ്കടപ്പെട്ടും രോഷപ്പെട്ടും അസ്വസ്ഥമായും കണ്ണു നിറഞ്ഞുമാണ് കണ്ടു തീർന്നത്. പക്ഷേ സിനിമ കഴിഞ്ഞതും തിയറ്ററിലുണ്ടായ കയ്യടി ഹൃദയം നിറച്ചു. ചുറ്റും ഉള്ള ലോകം മാറുന്നുണ്ട്. മാറിയ മനുഷ്യരെ മനസിലാക്കാൻ തക്കവിധം ലോകം വളരുന്നുണ്ട്.

സിനിമയെക്കുറിച്ചുള്ള യോജിപ്പുകളും വിയോജിപ്പുകളും വിശദമായി...

പുരുഷാധിപത്യത്തെയും ജാതിവ്യവസ്ഥയെയും ലിംഗസ്വത്വത്തെയും അഭിസംബോധന ചെയ്യുന്ന സിനിമയാണ് കാർത്തിക് സുബ്ബരാജിന്റെ ‘ഡൊറോത്തി’. ഒരുപാട് പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കുമിടയിലാണ് സിനിമ തമിഴ്നാട്ടിൽ തുടരുന്നത്. 'പ്രേക്ഷകരിൽ ഞാൻ വിശ്വസിക്കുന്നു' എന്നതായിരുന്നു സംവിധായകൻ്റെ മറുപടി.

1995-ലെ മധുരയ്ക്കടുത്തുള്ള ഗ്രാമമാണ് സിനിമയുടെ പശ്ചാത്തലം. വ്യത്യസ്ത ജാതി-സാമൂഹിക പശ്ചാത്തലങ്ങളിൽനിന്നുള്ള സുബു - കാർത്തിമാരുടെ ബാല്യകാല സൗഹൃദത്തിൽ നിന്ന് സിനിമ ഉരുവപ്പെടുന്നു. കുട്ടികൾ പറയുന്നതിൽ ചിരിച്ച് കേൾക്കുന്ന പലതും നെഞ്ചിൽ കുത്തുന്ന കൂർത്ത അമ്പുകളാണ്.

സുബ്ബുവും കാർത്തിയും തമ്മിലുള്ള സൗഹൃദം സിനിമയുടെ വൈകാരിക അടിത്തറയാണ്. ബാല്യത്തിൽ രൂപപ്പെടുന്ന ഈ ബന്ധം വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.

കാണെക്കാണെ സുബ്ബുവിന്റെയും കാർത്തിയുടെയും സൗഹൃദം കേവലം രണ്ട് വ്യക്തികളുടെ ബന്ധമായിട്ടല്ല പുരുഷത്വത്തെ കരുത്തിന്റെയും അധികാരത്തിന്റെയും ഭാഷയിലേക്ക് പരിവർത്തനം ചെയ്യുന്ന സാമൂഹിക വ്യവസ്ഥയുടെ പ്രതിഫലനമായിട്ടാണ് പ്രേക്ഷകർ അനുഭവിക്കുക.

ആൺകുട്ടികൾ കരയരുത്, ദുർബലത ഒരിക്കലും പ്രകടിപ്പിക്കരുത്, തിരിച്ചടിക്കണം എന്നിങ്ങനെയുള്ള പാഠങ്ങളാണ് ആൺ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്.

പുരുഷന്‍മാരുടെ ലോകത്ത് 'ഡൊറോത്തി' തുറന്നിടുന്ന വൈകാരിക സാധ്യതകൾ: റിവ്യൂ
ബെത്‌ലഹേം കുടുംബ യൂണിറ്റ്, ആസ്വാദ്യകരമായ ആഖ്യാന അനുഭവം

സിനിമയിലെ ഗ്രാമീണ സാമൂഹികാന്തരീക്ഷത്തിൽ ഹിംസ സാധാരണവത്കരിക്കപ്പെട്ടിരിക്കുന്നു. പുരുഷന്മാർക്കിടയിലെ സംഘർഷങ്ങൾ, ജാതിയുടെ അധികാരപ്രകടനങ്ങൾ, കുടുംബത്തിന്റെ അഭിമാനസംരക്ഷണം എന്നിവ ഹിംസയ്ക്ക് സാമൂഹികമായ സാധൂകരണം നൽകുന്നു.. ഹിംസയെ വ്യക്തികളുടെ സ്വഭാവദൂഷ്യം മാത്രമായി കാണാനാവില്ല. അത് അധികാരബന്ധങ്ങളെ നിലനിർത്തുന്നതിനുള്ള സാമൂഹിക ഉപാധി കൂടിയാണ്.

പുരുഷത്വത്തിന്റെ പേരിൽ ഹിംസയെ ന്യായീകരിക്കുന്ന സാമൂഹികക്രമം, കരുത്തിന്റെ പ്രകടനത്തെ അംഗീകരിക്കുമ്പോൾ കരുതലിനെയും സഹാനുഭൂതിയെയും ദുർബലതയായി കാണുന്നു. ഇതിലൂടെ ഹിംസ വ്യക്തികളുടെ ജീവിതത്തിൽ മാത്രമല്ല, സമൂഹത്തിന്റെ ധാർമികബോധത്തിലും വേരുറയ്ക്കുന്നു.

ഹിംസയെ പുരുഷത്വത്തിന്റെ സ്വാഭാവിക ഗുണമായി ശീലിപ്പിക്കുന്ന ഒരു വ്യവസ്ഥയിലെ സൗഹൃദത്തിൽ സ്നേഹവും കരുതലും പ്രകടിപ്പിക്കുന്നതിന് സമൂഹം അനുവദിക്കുന്ന ഭാഷ പരിമിതമാണ്. സംരക്ഷണം പോലും ശാരീരികമായ കരുത്തിന്റെ പ്രകടനം മാത്രമാകും.. അവർ തമ്മിലെ വൈകാരികമായ അടുപ്പം പുരുഷത്വത്തിന്റെ നിലവിലുള്ള മാനദണ്ഡങ്ങൾക്കുള്ളിൽ ഒതുക്കപ്പെടുന്നു. പുരുഷന്മാർ ഹിംസാത്മകമായി പെരുമാറുന്നത് എന്തുകൊണ്ടാണ് എന്നത് മാത്രമല്ല, ഹിംസയ്ക്ക് പുറത്തുള്ള വൈകാരിക ജീവിതം അവർക്ക് എത്രത്തോളം സാധ്യമാകുന്നുണ്ട് എന്നതുകൂടി കാണിച്ച് സിനിമ ആദ്യന്തം അസ്വസ്ഥത നല്കുന്നു.

'ഡൊറോത്തി’ മുന്നോട്ടു വയ്ക്കുന്ന മറ്റൊരു അടർ ജാതിവ്യവസ്ഥയുടേതാണ്. ദൈനംദിന ജീവിതത്തിലെ സകലതും - സൗഹൃദം, കുടുംബബന്ധം, പ്രണയം, സാമൂഹിക പദവി - ജാതിയുടെ അധികാരബന്ധങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സുബ്ബുവിന്റെയും കാർത്തിയുടെയും ബന്ധത്തിലെ സാമൂഹിക അന്തരം അവരുടെ വ്യക്തിപരമായ അടുപ്പത്തെക്കാൾ വലിയൊരു അധികാരവ്യവസ്ഥയുടെ സാന്നിധ്യം തന്നെ വെളിപ്പെടുത്തുന്നു. ജാതി പുരുഷന്മാർക്കിടയിൽ അധികാരത്തിന്റെ വ്യത്യസ്ത തലങ്ങൾ സൃഷ്ടിക്കുമ്പോൾ, ജാത്യാധിഷ്ഠിത പുരുഷാധിപത്യം സ്ത്രീകളുടെയും ലിംഗന്യൂനപക്ഷങ്ങളുടെയും മേൽ നിയന്ത്രണം സ്ഥാപിക്കുന്നു.

പുരുഷന്‍മാരുടെ ലോകത്ത് 'ഡൊറോത്തി' തുറന്നിടുന്ന വൈകാരിക സാധ്യതകൾ: റിവ്യൂ
'പുറത്തുപോയ' സ്ത്രീകള്‍ക്കു ചുറ്റും നെയ്തെടുക്കപ്പെട്ട ഇസ്ലാം!

ഈ രണ്ട് അധികാരഘടനകളും പരസ്പരം ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കണമെന്ന ആവശ്യവും ജാതിയുടെ അതിരുകൾ കാത്തുസൂക്ഷിക്കണമെന്ന നിർബന്ധവും വ്യക്തിയുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു

പുരുഷത്വം ജൈവികമായ ഒരു സ്വഭാവമല്ലെന്നും സാമൂഹികമായി പരിശീലിപ്പിക്കപ്പെടുന്ന പെരുമാറ്റരീതിയാണെന്നും പുരുഷന്മാർക്ക് തിരിയാൻ അവരുടെ ജീവിതത്തിലെ സ്ത്രീകൾ രക്തസാക്ഷികളാകേണ്ട ഗതികേടാണ്.

കുടുംബം സുരക്ഷിതത്വത്തിന്റെയും സ്നേഹത്തിന്റെയും ഇടമല്ല. പുരുഷന്മാർക്കുപോലും കുടുംബം നിർവചിച്ചിട്ടുള്ള പുരുഷത്വത്തിന്റെ മാനദണ്ഡങ്ങളിൽനിന്ന് മാറിനിൽക്കുക എളുപ്പമല്ല. സ്ത്രീകളുടെയും ക്വിയർ വ്യക്തികളുടെയും കാര്യത്തിൽ ഈ നിയന്ത്രണങ്ങൾ കൂടുതൽ പ്രത്യക്ഷമായ സാമൂഹിക പ്രതിസന്ധികൾക്ക് വഴിയൊരുക്കുന്നു. കുടുംബത്തിന്റെ സ്നേഹം പലപ്പോഴും വ്യവസ്ഥകളോടെയാണ് ലഭിക്കുന്നത്. കുടുംബത്തിന്റെ സാമൂഹികപദവിയും അഭിമാനവും സംരക്ഷിക്കുന്ന പെരുമാറ്റങ്ങൾക്കേ അംഗീകാരം ലഭിക്കൂ. അതിൽനിന്നുള്ള വ്യതിചലനങ്ങൾ അപമാനമായും അനുസരണക്കേടായും വ്യാഖ്യാനിക്കപ്പെടുന്നു.

സിനിമയുടെ ഏറ്റവും നിർണായകമായ തലങ്ങളിലൊന്ന് ക്വിയർ, ട്രാൻസ് സ്വത്വങ്ങളുടെ പ്രതിനിധാനമാണ്. സിനിമയുടെ ആഖ്യാനം മുന്നോട്ടുപോകുമ്പോൾ, പുരുഷത്വം, സൗഹൃദം, പ്രണയം എന്നിവയെക്കുറിച്ച് പ്രേക്ഷകർക്ക് പരിചിതമായ ധാരണകളെ പുനഃപരിശോധിക്കാൻ നിർബന്ധിതരാകുന്നു. ലിംഗസ്വത്വത്തെക്കുറിച്ചുള്ള സാമൂഹിക ധാരണകളും അതിനെ നിയന്ത്രിക്കുന്ന അധികാരവ്യവസ്ഥകളും സിനിമയുടെ കേന്ദ്രസംഘർഷത്തിന്റെ ഭാഗമാകുന്നു. സമൂഹം അംഗീകരിച്ച പുരുഷത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും അതിരുകൾക്കപ്പുറത്തേക്ക് ഒരാൾ സഞ്ചരിക്കുമ്പോൾ ആ വ്യക്തിയുടെ സ്വത്വം മാത്രമല്ല, ആ അതിരുകൾ നിർമിച്ച സാമൂഹികവ്യവസ്ഥയും ചോദ്യം ചെയ്യപ്പെടുന്നു. അത്തരമൊരു സ്വത്വത്തെ അംഗീകരിക്കാൻ സമൂഹം വിസമ്മതിക്കുമ്പോൾ വ്യക്തിയുടെ ജീവിതം സാമൂഹികമായ സംഘർഷങ്ങളുടെ ഇടമായി മാറുന്നു. ലിംഗസ്വത്വത്തെ വ്യക്തിയുടെ സ്വകാര്യമായ തിരഞ്ഞെടുപ്പായി മാത്രം കാണാതെ, കുടുംബവും ജാതിയും സമൂഹവും നിർണയിക്കുന്ന അധികാരബന്ധങ്ങളുമായി ചേർത്തുവായിക്കാം.

പുരുഷന്‍മാരുടെ ലോകത്ത് 'ഡൊറോത്തി' തുറന്നിടുന്ന വൈകാരിക സാധ്യതകൾ: റിവ്യൂ
താരശരീരങ്ങളിൽ മെരുങ്ങുന്നതല്ല, തമിഴരുടെ രാഷ്ട്രീയബോധ്യങ്ങള്‍; 'പരാജിത നായകര്‍' - ഒരു വായന

പുരുഷന്മാരുടെ സൗഹൃദവും അധികാരവും ഹിംസയും നിറഞ്ഞ ലോകത്ത് 'ഡൊറോത്തി ' തുറന്നിടുന്ന വൈകാരിക സാധ്യതകളാണ് സിനിമയുടെ ടേണിങ്ങ് പോയിൻ്റ്. സ്നേഹവും കരുതലും നിലനിൽക്കുന്ന ബന്ധങ്ങൾ അധികാരത്തിന്റെയും നിയന്ത്രണത്തിന്റെയും ഉപാധികളാകാതെ എങ്ങനെ പുനർനിർമിക്കാം എന്ന ചോദ്യം സിനിമ മുന്നോട്ടുവക്കുന്നു

പരമ്പരാഗത സിനിമകളിൽ കാണാറുള്ള പുരുഷന്മാരുടെ സൗഹൃദത്തെ തകർക്കുന്ന ഘടകമായി സ്ത്രീയെ അവതരിപ്പിക്കുന്ന രീതി നിലനിന്നിട്ടുണ്ട്. പക്ഷേ സ്ത്രീ പലപ്പോഴും പുരുഷന്മാർക്കിടയിലെ മത്സരത്തിന്റെയും ഉടമസ്ഥാവകാശത്തിന്റെയും വിഷയമായി ചുരുങ്ങൽ പതിവുണ്ട്. ‘ഡൊറോത്തി’ ഈ പരിചിതമായ ആഖ്യാനത്തെ അട്ടിമറിക്കുന്നുണ്ട്. സിനിമയുടെ കഥയെ വിസ്തരിച്ച് ഇവിടെ വെളിപ്പെടുത്തുന്നില്ല.

സിനിമയുടെ ശീർഷകം തന്നെ പ്രധാനപ്പെട്ട വ്യാഖ്യാനസാധ്യത തുറക്കുന്നുണ്ട്. കഥയിലെ പുരുഷകഥാപാത്രങ്ങളുടെ പേരുകളും അവരുടെ സൗഹൃദവും സംഘർഷങ്ങളും മുൻനിർത്തിയുള്ള പരമ്പരാഗത ആഖ്യാനപ്രതീക്ഷകളെ മാറ്റിനിർത്തി ഡൊറോത്തിയുടെ പേര് സിനിമയുടെ ശീർഷകമാകുന്നു.

ഇത് സ്ത്രീയുടെയും ക്വിയർ സ്വത്വത്തിന്റെയും സാന്നിധ്യത്തെ ആഖ്യാനത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാനുള്ള പ്രതീകാത്മക നീക്കമായി വായിക്കാം. അതേസമയം, ശീർഷകത്തിൽ ലഭിക്കുന്ന കേന്ദ്രസ്ഥാനം കഥയ്ക്കുള്ളിലെ യഥാർഥ കർത്തൃത്വത്തിന് തുല്യമാണോ എന്ന ചോദ്യം തുറന്നുതന്നെ നിൽക്കുന്നു.

പുരുഷന്‍മാരുടെ ലോകത്ത് 'ഡൊറോത്തി' തുറന്നിടുന്ന വൈകാരിക സാധ്യതകൾ: റിവ്യൂ
‘LIGHTER’; പതിനഞ്ച് മിനിറ്റിൽ പറയുന്ന അസ്വസ്ഥമായൊരു രാത്രി

സ്ത്രീയെ സ്വാഭാവികമായും പരിചരിക്കുന്നവളായി നിർവചിക്കുന്ന പരമ്പരാഗത ലിംഗസങ്കൽപ്പങ്ങൾ ഈ സിനിമയിലും ആവർത്തിക്കപ്പെടുന്നുണ്ട്.

സ്ത്രീയുടെ സ്വത്വം, ആഗ്രഹങ്ങൾ, സംഘർഷങ്ങൾ, തീരുമാനങ്ങൾ എന്നിവയ്ക്ക് സിനിമയിൽ വേണ്ടത്ര ആഖ്യാനപരമായ ഇടം ലഭിക്കുന്നില്ല. സ്വന്തം ആഗ്രഹങ്ങളും തീരുമാനങ്ങളുമുള്ള ഒരു സ്വതന്ത്ര വ്യക്തിയാണെന്ന തോന്നൽ തരുമ്പോഴും പുരുഷകഥാപാത്രങ്ങളുടെ വൈകാരികവും സാമൂഹികവുമായ പരിവർത്തനത്തിന് പ്രേരണ നൽകുന്ന കഥാപാത്രം മാത്രമായി സ്ത്രീ ചുരുക്കപ്പെടുന്നു. സ്ത്രീയുടെ കരുതലിനെ മഹത്വവത്കരിക്കുന്നതും അവളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നതും വ്യത്യസ്ത രാഷ്ട്രീയം തന്നെയാണ്.സ്ത്രീത്വം എന്നത് എപ്പോഴും ആർദ്രതയുടെയും കരുതലിന്റെയും പര്യായമല്ല.

ട്രാൻസ് ജീവിതത്തെ അവരുടെ സ്വത്വം വെളിപ്പെടുന്ന നാടകീയമായ സന്ദർഭങ്ങളിലേക്കോ മറ്റുള്ളവരുടെ തിരിച്ചറിവിന് വഴിയൊരുക്കുന്ന സംഭവങ്ങളിലേക്കോ മാത്രം ചുരുക്കുന്ന പ്രതിനിധാനവും സിനിമയുടെ പരിമിതിയാണ്. ട്രാൻസ് വ്യക്തികൾക്ക് സങ്കീർണമായ വൈകാരിക ജീവിതവും രാഷ്ട്രീയമായ കർത്തൃത്വവും ദൈനംദിനമായ ആഗ്രഹങ്ങളും ഉണ്ടെന്ന കാര്യം സിനിമയുടെ വായനയിൽ പ്രധാനമാണ്. പക്ഷേ ഈ ശ്രമം പോലും ഒരു വിപ്ലവകരമായ ചുവടുവയ്പാണ്.

ഹിംസയെ വിമർശിക്കുന്ന സിനിമയിൽ ഹിംസാത്മകമായ ദൃശ്യങ്ങൾ ഭയാനകമാണ്. ഹിംസയുടെ ദൃശ്യാവിഷ്കാരം അതിനെ വിമർശിക്കുകയാണോ, അതോ അതിന്റെ ആവേശകരമായ അനുഭവത്തെ പുനരുത്പാദിപ്പിക്കുകയാണോ എന്ന് പരിശോധിക്കേണ്ടി വരും.

സിനിമയുടെ ആക്ഷൻ ദൃശ്യങ്ങൾ പുരുഷാധിപത്യത്തിന്റെ ആകർഷണീയതയെ ചോദ്യം ചെയ്യുന്നുണ്ടോ, അതോ ചില ഘട്ടങ്ങളിൽ അതിനെത്തന്നെ ആസ്വാദ്യകരമാക്കുന്നുണ്ടോ എന്നത് പ്രധാന ചോദ്യമാണ്.

സിനിമാറ്റോഗ്രഫി പ്രത്യേകം പറയണം. ഓരോ ഷോട്ടും തീവ്രമാണ്.

കറുപ്പും - വെളുപ്പും, നിറങ്ങളും കൊണ്ട് സിനിമയിൽ അവതരിപ്പിക്കുന്ന ദൃശ്യപരത കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥകളെയും കാലത്തിന്റെ മാറ്റങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്. ഇളയരാജ സംഗീതവും സിനിമയുടെ കാലത്തിനും വൈകാരികതക്കും ഉചിതമായി. മത്സരിച്ചഭിനയിക്കുന്ന ഓരോ അഭിനേതാക്കളും...

പ്രത്യേകിച്ച് കഥാപാത്രങ്ങളുടെ ശരീരഭാഷയിലും നിശ്ശബ്ദതകളിലും പ്രകടമാകുന്ന സംഘർഷങ്ങൾ സിനിമയുടെ വൈകാരിക തീവ്രത വർധിപ്പിക്കുന്നു.

പുരുഷന്‍മാരുടെ ലോകത്ത് 'ഡൊറോത്തി' തുറന്നിടുന്ന വൈകാരിക സാധ്യതകൾ: റിവ്യൂ
നവീകരിക്കാൻ വൈകരുത്, ഹയർ സെക്കൻഡറി തലത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം!

ഒരു സിനിമയുടെ പ്രാധാന്യം അതിന്റെ പൂർണതയിൽ മാത്രമല്ല. അത് തുറന്നിടുന്ന ചോദ്യങ്ങളിലുമാണ്.

അത് ഡൊറോത്തി നിർവഹിക്കുന്നു.

Summary

Karthik Subbaraj’s ‘Dorothy’ is a film that addresses patriarchy, the caste system, and gender identity. The film continues to face protests and criticism in Tamil Nadu. The director’s response was simple: “I believe in the audience.”

Madism Digital
madismdigital.com