‘LIGHTER’; പതിനഞ്ച് മിനിറ്റിൽ പറയുന്ന അസ്വസ്ഥമായൊരു രാത്രി

‘LIGHTER’; പതിനഞ്ച് മിനിറ്റിൽ പറയുന്ന അസ്വസ്ഥമായൊരു രാത്രി

ഒരു സാധാരണ രാത്രി എങ്ങനെയാണ് പതിയെ അപരിചിതവും അസ്വസ്ഥവുമായ അനുഭവമായി മാറുന്നത്? അധികം വാക്കുകളില്ലാതെ, അന്തരീക്ഷത്തിലൂടെയാണ് ‘Lighter’ അതിന് മറുപടി നൽകുന്നത്.
Published on: 
‘Lighter’: സാധാരണ രാത്രിയെ അസ്വസ്ഥമായ അനുഭവമാക്കുന്ന പതിനഞ്ച് മിനിറ്റ്(3.5 / 5)

ഷോർട്ട് ഫിലിമുകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് സമയപരിമിതിയാണ്. ഒരു സിനിമയ്ക്ക് ആവശ്യമായ ലോകവും കഥാപാത്രങ്ങളും സംഘർഷവുമെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകരിലേക്ക് എത്തിക്കേണ്ടതുണ്ട്. അതിനാൽ പലപ്പോഴും കഥ പറഞ്ഞുതീർക്കാനുള്ള തിടുക്കം സിനിമയിൽ പ്രകടമാകാറുണ്ട്. എന്നാൽ ‘Lighter’ ആ തിടുക്കം ഒഴിവാക്കുന്നു.

റീൽ ട്രൈബ് ഇന്നലെ പുറത്തിറക്കിയ ഈ പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ആരംഭിക്കുന്നത് തീർത്തും സാധാരണമായൊരു സാഹചര്യത്തിലാണ്. രാത്രിയിൽ ഒരു ഹോട്ടലിലെത്തിയ രണ്ട് സുഹൃത്തുക്കൾ. കൈവശമുണ്ടായിരുന്ന മദ്യം തീർന്നു, ബാറും അടച്ചു. എങ്ങനെയെങ്കിലും ഒരു ഡ്രിങ്ക് കൂടി സംഘടിപ്പിക്കാനുള്ള ശ്രമമാണ് പിന്നീട് അവരുടെ യാത്രയെ മുന്നോട്ടുകൊണ്ടുപോകുന്നത്.

‘Lighter’ രണ്ട് മദ്യപാനികളുടെ കഥയല്ല പറയുന്നത്. അവർ കടന്നുപോകുന്ന പിരിമുറുക്കം നിറഞ്ഞ സംഭാഷണങ്ങളും അപ്രതീക്ഷിതമായി നേരിടേണ്ടിവരുന്ന സാഹചര്യങ്ങളുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. ഈ ഘടകങ്ങളാണ് പതിവ് ഷോർട്ട് ഫിലിം ആഖ്യാനങ്ങളിൽനിന്ന് ‘Lighter’നെ വേറിട്ടൊരു അനുഭവമാക്കി മാറ്റുന്നത്.

ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജിതിൻ പുത്തഞ്ചേരിയും ഹൃഷികേശ് അനിൽകുമാറുമാണ്. ആദ്യ രംഗങ്ങളിൽ തന്നെ ഇരുവരുടെയും കഥാപാത്രങ്ങൾ ഒരു പ്രത്യേക അസ്വസ്ഥത പ്രേക്ഷകനിൽ സൃഷ്ടിക്കുന്നുണ്ട്. സംഭാഷണങ്ങളിലും പെരുമാറ്റത്തിലുമെല്ലാം എന്തോ ശരിയല്ലെന്ന തോന്നൽ പതിയെ പ്രേക്ഷകനിൽ രൂപപ്പെടുന്നു. എന്നാൽ, കഥാപാത്രങ്ങളെക്കുറിച്ച് സംവിധായകൻ നേരിട്ട് ഒരു വിധിയെഴുത്തിലേക്ക് പോകുന്നില്ല. പകരം, അവർ നായകന്മാരാണോ വില്ലന്മാരാണോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകർ തന്നെയാണ്.

കഥയിലേക്ക് സൂരജ് എസ്. കുറുപ്പിന്റെയും ഗോപിക മഞ്ജുഷയുടെയും കഥാപാത്രങ്ങൾ കടന്നുവരുന്നതോടെ സിനിമയുടെ ആഖ്യാനത്തിന് മറ്റൊരു തലം കൈവരുന്നു. ഇതുവരെ കണ്ട സംഭവങ്ങളെയും കഥാപാത്രങ്ങളെയും കുറിച്ച് പ്രേക്ഷകന്റെ മനസ്സിൽ രൂപപ്പെട്ട ധാരണകൾക്ക് പുതിയ അർഥങ്ങൾ ലഭിക്കുന്ന ഘട്ടമാണിത്. നേരത്തെ ഉറപ്പിച്ചുവെച്ച ചില നിഗമനങ്ങളെപ്പോലും പുനഃപരിശോധിക്കാൻ ചിത്രം പ്രേക്ഷകനെ പ്രേരിപ്പിക്കുന്നു. കഥയുടെ ഈ ഘട്ടത്തിലാണ് ‘Lighter’ അതിന്റെ യഥാർഥ വേഗതയിലേക്കും താളത്തിലേക്കും കടക്കുന്നത്.

‘LIGHTER’; പതിനഞ്ച് മിനിറ്റിൽ പറയുന്ന അസ്വസ്ഥമായൊരു രാത്രി
കരിയറിൽ ഇനി തീരുമാനങ്ങൾ സ്വന്തം; പണത്തേക്കാൾ സമാധാനത്തിന് വിലയെന്ന് നിവിൻ പോളി
ചിത്രത്തിലെ കഥാപാത്രങ്ങളുടെ മുൻകാല ജീവിതത്തെക്കുറിച്ചോ അവർ എത്തിപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചോ ഹോട്ടൽ മുറിക്ക് പുറത്തുള്ള ലോകത്തെക്കുറിച്ചോ ‘Lighter’ അധികം സംസാരിക്കുന്നില്ല. ആരെയാണ് വിശ്വസിക്കേണ്ടത്, ആരോടാണ് സഹതാപം തോന്നേണ്ടത്, യഥാർഥത്തിൽ ആരാണ് പ്രശ്നക്കാർ തുടങ്ങിയ ചോദ്യങ്ങൾക്കും ചിത്രം എളുപ്പമുള്ള ഉത്തരങ്ങൾ നൽകുന്നില്ല. പ്രേക്ഷകന്റെ മുന്നിൽ ആ ചോദ്യങ്ങൾ തുറന്നുവെക്കുന്നതാണ് ‘Lighter’ന്റെ ഏറ്റവും വലിയ പ്രത്യേകത.

ആദ്യനോട്ടത്തിൽ ഈ വിവരങ്ങളുടെ അഭാവം ഒരു കുറവായി തോന്നിയേക്കാം. എന്നാൽ സിനിമ മുന്നോട്ടുപോകുമ്പോൾ വ്യക്തമാകുന്നത്, ഈ അപൂർണതയാണ് ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നത് എന്നാണ്. ഒരുപക്ഷെ എല്ലാത്തിനും കൃത്യമായ വിശദീകരണം നൽകിയിരുന്നെങ്കിൽ, സംഭവങ്ങളെയും കഥാപാത്രങ്ങളെയും സ്വന്തം നിലയിൽ വ്യാഖ്യാനിക്കാനുള്ള പ്രേക്ഷകന്റെ ഇടം പരിമിതപ്പെടുമായിരുന്നു. അതിന് പകരം ‘Lighter’ ചില കാര്യങ്ങൾ മനഃപൂർവം തുറന്നുവെക്കുന്നു. ആ വിടവുകൾ പൂരിപ്പിക്കേണ്ടത് പ്രേക്ഷകനാണ്.

ഒരു ഷോർട്ട് ഫിലിമിന്റെ സമയപരിമിതിയെ ഒരു പരിമിതിയായി മാത്രം കാണാതെ, അതിനെ തന്നെ കഥപറച്ചിലിന്റെ ഭാഗമാക്കുകയാണ് ‘Lighter’ ചെയ്യുന്നത്. സിനിമ അവസാനിച്ചിട്ടും അതിലെ കഥാപാത്രങ്ങളും സംഭാഷണങ്ങളും പ്രേക്ഷകനെ വിട്ട് പോകാത്തതാണ് ‘Lighter’ന്റെ ശ്രദ്ധേയമായ നേട്ടം.

‘LIGHTER’; പതിനഞ്ച് മിനിറ്റിൽ പറയുന്ന അസ്വസ്ഥമായൊരു രാത്രി
രവീന്ദ്രന്റെ നിയമനത്തിൽ 'ബിപ്പ്ളവ' പാർട്ടി അടിമകൾ വിഷമത്തിലാണ്, സാരമില്ല സഖാക്കളെ; പരിഹസിച്ച് ജോയ് മാത്യു‌
‘Lighter’ന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്നാണ് ചിത്രത്തിന്റെ വിഷ്വൽ ട്രീറ്റ്മെന്റാണ്. സിനിമയുടെ അന്തരീക്ഷത്തിനും ആഖ്യാനത്തിന്റെ സ്വഭാവത്തിനും ഒരുപോലെ ചേർന്നുനിൽക്കുന്ന തരത്തിലാണ് ദൃശ്യഭാഷ ഒരുക്കിയിരിക്കുന്നത്. ഓരോ ഫ്രെയിമും ചിത്രത്തിന്റെ താളത്തിനൊപ്പം സഞ്ചരിക്കുന്ന തരത്തിലുള്ള സൂക്ഷ്മമായ ശ്രദ്ധ സിനിമാട്ടോഗ്രഫിയിൽ കാണാം. ശ്യാമപ്രകാശ് എം. എസ്. ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇരുണ്ട ടോണുകളും രാത്രിയുടെ അന്തരീക്ഷവും സിനിമയ്ക്ക് കൂടുതൽ ആഴം നൽകുന്നതിനൊപ്പം, കഥയിലുടനീളം നിലനിൽക്കുന്ന അസ്വസ്ഥത കൂടുതൽ ശക്തമാക്കാനും സഹായിക്കുന്നു.

അതുപോലെ തന്നെ, പ്രതീഷ് കെ. ആർ. നിർവഹിച്ച സൗണ്ട് ഡിസൈനും കിരൺലാൽ കെ. പി.യുടെ റീ-റെക്കോർഡിങ് മിക്സും ചിത്രത്തിന്റെ അന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. സംഭാഷണങ്ങൾക്കിടയിലെ നിശ്ശബ്ദതയ്ക്കുപോലും പ്രേക്ഷകനിലേക്ക് തുളച്ചുകയറുന്ന തരത്തിലുള്ള സാന്നിധ്യം നൽകാൻ ശബ്ദസംവിധാനത്തിന് കഴിയുന്നുണ്ട്. രംഗങ്ങളിലെ പിരിമുറുക്കവും അസ്വസ്ഥതയും കൂടുതൽ തീവ്രമായി അനുഭവപ്പെടുന്നതിലും ഈ ശബ്ദപരിചരണം പ്രധാന പങ്കുവഹിക്കുന്നു.

‘LIGHTER’; പതിനഞ്ച് മിനിറ്റിൽ പറയുന്ന അസ്വസ്ഥമായൊരു രാത്രി
ഇന്റിമേറ്റ് രംഗത്തിന്റെ വീഡിയോ പുറത്തായത് ഭയപ്പെടുത്തി, പക്ഷേ; അനുഭവം വെളിപ്പെടുത്തി രാധിക ആപ്തെ

അഭിനേതാക്കളുടെ പ്രകടനമാണ് സിനിമയുടെ ടോൺ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ജിതിൻ പുതഞ്ചേരിയും ഹൃഷികേശ് അനിൽകുമാറും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്റെ ആദ്യപകുതിയെ മുന്നോട്ടുനയിക്കുന്നത്. മദ്യപിച്ച രണ്ട് സുഹൃത്തുക്കളുടെ പെരുമാറ്റത്തെ പതിവ് രീതികളിൽ ഒതുക്കാതെ, ചെറിയ ചലനങ്ങളിലൂടെയും ഭാവങ്ങളിലൂടെയും സ്വാഭാവികമായി അവതരിപ്പിക്കാൻ ഇരുവർക്കും കഴിയുന്നുണ്ട്. പിന്നീട് സൂരജ് എസ്. കുറുപ്പിന്റെയും ഗോപിക മഞ്ജുഷയുടെയും കഥാപാത്രങ്ങൾ എത്തുന്നതോടെ സിനിമയുടെ ടോൺ തന്നെ മാറുന്നു. ആ മാറ്റത്തെ സ്വാഭാവികമായി ഉൾക്കൊള്ളുന്നതിലും അഭിനേതാക്കളുടെ പ്രകടനം നിർണായകമാകുന്നു.

പതിനഞ്ച് മിനിറ്റിനുള്ളിൽ അനാവശ്യമായ വഴിത്തിരിവുകളിലേക്ക് കടക്കാതെ, ഒരു പ്രത്യേക മൂഡ് സൃഷ്ടിച്ച് അതിനുള്ളിൽ പ്രേക്ഷകനെ നിർത്തുകയാണ് ‘Lighter’ ചെയ്യുന്നത്. എന്നാൽ, ‘Lighter’ കാണേണ്ടത് അതിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ കണ്ടെത്താനല്ല. ചിത്രം സൃഷ്ടിക്കുന്ന അന്തരീക്ഷത്തിൽ കുറച്ചുനേരം തുടരാനാണ്. ഷോർട്ട് ഫിലിം എന്ന പേരിൽ ഒരു ഫീച്ചർ ചിത്രത്തിന്റെ ചുരുക്കപ്പതിപ്പ് ഒരുക്കുക എന്നത് ഈ ചിത്രത്തിന്റെ ലക്ഷ്യമല്ല. അതുകൊണ്ടാണ് സിനിമ അവസാനിച്ചിട്ടും അത് പ്രേക്ഷകന്റെ മനസ്സിൽ തുടരുന്നത്.

‘LIGHTER’; പതിനഞ്ച് മിനിറ്റിൽ പറയുന്ന അസ്വസ്ഥമായൊരു രാത്രി
സെക്സ് സിംബൽ ആയി മാത്രം ആഘോഷിക്കപ്പെട്ട സിൽക്ക് സ്‌മിത

ചിത്രത്തിന്റെ സംവിധാനം, തിരക്കഥ എന്നിവ നിർവഹിച്ചിരിക്കുന്നത് സൂരജ് എസ്. കുറുപ്പാണ്. റീൽ ട്രൈബാണ് നിർമാണം. ശ്യാമപ്രകാശ് എം. എസ്. ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ മിഥുൻ മുരളിയാണ്. സംഗീതവും ഒറിജിനൽ സ്കോറും സൂരജ് എസ്. കുറുപ്പ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

Summary

‘Lighter’ is a gripping Malayalam short film that transforms an ordinary late-night situation into an unsettling experience. With strong performances, atmospheric cinematography, immersive sound design, and restrained storytelling, Reel Tribe’s film creates tension without overexplaining. Its fifteen-minute runtime becomes a strength, leaving viewers with questions long after the screen goes dark.

Madism Digital
madismdigital.com