

ഒരു സിനിമയിലെ ഗ്ലാമറസ് രംഗം ഇന്റർനെറ്റിൽ ചോർന്നതിനെ തുടർന്ന് നേരിടേണ്ടി വന്ന കടുത്ത ഭയത്തെക്കുറിച്ചും അരക്ഷിതാവസ്ഥയെക്കുറിച്ചും തുറന്നുപറഞ്ഞ് രാധിക ആപ്തെ. ക്ലിപ്പ് പ്രചരിച്ചതിന് പിന്നാലെ ഭയം കാരണം നാല് ദിവസത്തോളമാണ് തനിക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാതിരുന്നതെന്ന് താരം വെളിപ്പെടുത്തി. ലസ്റ്റ് സ്റ്റോറീസ് 3 പ്രൊജക്റ്റുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് രാധിക ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കുന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് സ്വകാര്യത ലംഘിക്കപ്പെടുന്ന സാഹചര്യം ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് താരം വിശദീകരിച്ചത്.
''ഡിജിറ്റൽ ഇടങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പെട്ടെന്ന് തന്നെ ഒരാളുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുവരാൻ സാധ്യതയുണ്ട്. പ്രചരിച്ച വീഡിയോ തന്റെ വാച്ച്മാനും സ്റ്റൈലിസ്റ്റിന്റെ ഡ്രൈവറുമടക്കം ദൈനംദിന ജീവിതത്തിൽ ഇടപെടുന്ന ആളുകൾ കണ്ടിരുന്നു. ആളുകൾ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നോ വീട്ടുപടിക്കൽ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നോ ഉള്ള ഭയം എനിക്കുണ്ടായിരുന്നു. ആ സമയത്ത് അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കായിരുന്നു താമസമെന്നത് ഭയം ഇരട്ടിയാക്കി. സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നതോടെ എന്റെ ഡ്രൈവറെയും സ്പോട്ട് ദാദയെയും നേരിട്ട് വിളിച്ച് സംസാരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ ക്ലിപ്പ് കണ്ടിട്ടുണ്ടോ എന്ന് അവരോട് ചോദിച്ചു. കണ്ടിട്ടില്ലെങ്കിൽ അത് കണ്ടശേഷം തനിക്കൊപ്പം തുടരണമോ എന്ന് തീരുമാനിക്കാമെന്നും പ്രൊഫഷണലായി സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ജോലി അവസാനിപ്പിച്ച് പോകാമെന്നും ഞാൻ പറഞ്ഞു. എന്നാൽ അവർ എനിക്കൊപ്പം നിൽക്കുകയും സംരക്ഷിക്കാമെന്ന് വാക്ക് നൽകുകയും ചെയ്തു''എന്ന് രാധിക പറഞ്ഞു.
ഇതിനുപുറമെ ഭയം കാരണം ഒരു കരിയർ തീരുമാനം മാറ്റേണ്ടി വന്ന അനുഭവവും രാധിക പങ്കുവെച്ചു. അക്കാലത്തെ രാഷ്ട്രീയ സാഹചര്യം കാരണമാണ് ഒരു വലിയ പ്രൊജക്റ്റ് ഉപേക്ഷിക്കേണ്ടി വന്നത്. സിനിമ ഏറ്റെടുത്താൽ കുടുംബത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന ഭയം കൊണ്ടായിരുന്നു ആ തീരുമാനം. ഭയം കാരണം ഒരു സിനിമ വേണ്ടെന്നുവെക്കേണ്ടി വന്നതിൽ തനിക്ക് വിഷമമുണ്ടെന്നും സംവിധായകൻ അനുരാഗ് കശ്യപും ആ സിനിമ ചെയ്യരുതെന്ന് അന്ന് ഉപദേശിച്ചിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. സംഗീതജ്ഞനായ ബെനഡിക്റ്റ് ടെയ്ലറുമായുള്ള വിവാഹശേഷം 2024 ഡിസംബറിലാണ് രാധികയ്ക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. മകൾ ജനിച്ച ശേഷവും അഭിനയരംഗത്ത് സജീവമായ താരം ലസ്റ്റ് സ്റ്റോറീസ് 3, സിസ്റ്റർ മിഡ്നൈറ്റ് തുടങ്ങിയ പ്രൊജക്റ്റുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു.
Radhika Apte recalls the fear and insecurity she experienced after an intimate scene from a film was leaked online. She says she stayed indoors for nearly four days and even had to speak directly with her staff about her safety and their continued support.