

‘സ്റ്റാർ ട്രെക്ക്’, ‘എക്സ്-മെൻ’ ഫ്രാഞ്ചൈസികളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് സുപരിചിതനായ ഹോളിവുഡ് താരം പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു. 86 വയസ്സായിരുന്നു. അൽഷിമേഴ്‌സ് രോഗവും ലൂയി ബോഡി ഡിമെൻഷ്യയും ബാധിച്ച് ചികിത്സയിലിരിക്കെ ഒക്ടോബർ 28-ന് ലോസ് ഏഞ്ചൽസിലെ വസതിയിലായിരുന്നു അന്ത്യം. കുടുംബമാണ് പാട്രിക് സ്റ്റുവർട്ടിന്റെ മരണവാർത്ത അറിയിച്ചത്. സംഗീതവും പ്രാർത്ഥനയും കണ്ണീരും ചിരിയും നിറഞ്ഞ അന്തരീക്ഷത്തിൽ പ്രിയപ്പെട്ടവരുടെ സ്നേഹവലയത്തിലായിരുന്നു അദ്ദേഹം അവസാന നിമിഷങ്ങൾ ചെലവഴിച്ചതെന്നും അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം കുടുംബത്തിനും സുഹൃത്തുക്കൾക്കും നൽകിയ സ്നേഹവും കരുതലും എന്നും ഓർമിക്കപ്പെടുമെന്നും കുടുംബം അറിയിച്ചു.
ഏകദേശം ആറ് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിൽ സിനിമയിലും ടെലിവിഷനിലും നാടകവേദിയിലുമായി നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് പാട്രിക് സ്റ്റുവർട്ട് അവതരിപ്പിച്ചത്. 1987-ൽ പുറത്തിറങ്ങിയ 'സ്റ്റാർ ട്രെക്ക്: ദി നെക്സ്റ്റ് ജനറേഷൻ' എന്ന പരമ്പരയിലെ ക്യാപ്റ്റൻ ജീൻ ലൂക് പികാർഡ് എന്ന കഥാപാത്രമാണ് ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളുടെ പ്രിയങ്കരനാക്കി പാട്രിക് സ്റ്റുവർട്ടിനെ മാറ്റിയത്. ഏഴ് സീസണുകളിലായി 1987 മുതൽ 1994 വരെ അദ്ദേഹം ഈ കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് 'സ്റ്റാർ ട്രെക്ക്' സിനിമകളിലും 2020 ൽ ആരംഭിച്ച 'സ്റ്റാർ ട്രെക്ക്: പികാർഡ്' പരമ്പരയിലും പികാർഡായി തിരിച്ചെത്തി. 2023-ലാണ് പരമ്പരയുടെ മൂന്നാമത്തെയും അവസാനത്തെയും സീസൺ അവസാനിച്ചത്.
'എക്സ്-മെൻ' സിനിമകളിലെ പ്രൊഫസർ ചാൾസ് സേവ്യർ എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ പ്രധാന ഭാഗമായിരുന്നു. 2000-ൽ പുറത്തിറങ്ങിയ ആദ്യ 'എക്സ്-മെൻ' ചിത്രത്തിലൂടെയാണ് ഈ കഥാപാത്രത്തിന് ജീവൻ നൽകിയത്. പിന്നീട് ഫ്രാഞ്ചൈസിയുടെ തുടർചിത്രങ്ങളിലും വേഷം ആവർത്തിച്ചു. ഹ്യൂ ജാക്ക്മാൻ അവതരിപ്പിച്ച വോൾവറിനൊപ്പം എത്തിയ 'ലോഗൻ' എന്ന ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വരാനിരിക്കുന്ന 'അവഞ്ചേഴ്സ്: ഡൂംസ്‌ഡേ'യിലും പാട്രിക് സ്റ്റുവർട്ട് പ്രൊഫസർ എക്സ് ആയി എത്തുന്നുണ്ട്. ഡിസംബർ 18-നാണ് ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്.
1940 ജൂലൈ 13-ന് ഇംഗ്ലണ്ടിലെ യോർക്ക്ഷെയറിലാണ് പാട്രിക് സ്റ്റുവർട്ട് ജനിച്ചത്. പതിനഞ്ചാം വയസ്സിൽ പഠനം അവസാനിപ്പിച്ച് പ്രാദേശിക നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. 1959-ൽ ബ്രിസ്റ്റലിലെ തിയറ്റർ റോയലിൽ അരങ്ങേറിയ 'സിറാനോ ഡി ബെർജറാക്' എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1966-ൽ റോയൽ ഷേക്സ്പിയർ കമ്പനിയിൽ അംഗമായി. 1970-ൽ 'എ മിഡ്‌സമ്മർ നൈറ്റ്‌സ് ഡ്രീം' എന്ന നാടകത്തിലൂടെ ബ്രോഡ്‌വേയിലും അരങ്ങേറ്റം കുറിച്ചു.
ഷേക്സ്പിയർ നാടകങ്ങളിലെ പ്രകടനങ്ങൾക്കും അദ്ദേഹം നിരവധി പുരസ്കാരങ്ങൾ നേടി. മൂന്ന് ഒലിവിയർ പുരസ്കാരങ്ങളാണ് പാട്രിക് സ്റ്റുവർട്ടിനെ തേടിയെത്തിയത്. 1979-ൽ 'ആന്റണി ആൻഡ് ക്ലിയോപാട്ര' എന്ന നാടകത്തിലെ പ്രകടനത്തിനായിരുന്നു ആദ്യ പുരസ്കാരം. 'ഹാംലെറ്റ്' ഉൾപ്പെടെ അറുപതിലധികം റോയൽ ഷേക്സ്പിയർ കമ്പനി പ്രൊഡക്ഷനുകളുടെ ഭാഗമായിട്ടുണ്ട്. 'മാക്ബത്ത്' എന്ന നാടകത്തിലെ പ്രകടനത്തിന് ടോണി പുരസ്കാര നാമനിർദേശവും ലഭിച്ചു.
ടെലിവിഷൻ രംഗത്തെ പ്രകടനങ്ങൾക്കും നിരവധി അംഗീകാരങ്ങൾ ലഭിച്ചു. 'മോബി ഡിക്ക്', 'ദി ലയൺ ഇൻ വിന്റർ', 'എക്സ്ട്രാസ്', 'ഹാംലെറ്റ്' തുടങ്ങിയവയിലെ അഭിനയത്തിന് നാല് തവണ എമ്മി പുരസ്കാര നാമനിർദേശം ലഭിച്ചിട്ടുണ്ട്. 1995-ൽ 'പീറ്റർ ആൻഡ് ദി വുൾഫ്' എന്ന കൃതിയുടെ ഇംഗ്ലീഷ് ഓഡിയോ പതിപ്പിലെ ശബ്ദാവിഷ്കാരത്തിന് ഗ്രാമി പുരസ്കാരവും നേടി. 1996-ൽ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ സ്റ്റാര്‍ പുരസ്ക്കാരം ലഭിച്ചു. നാടകമേഖലയിലെ സംഭാവനകൾ പരിഗണിച്ച് 2001-ൽ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടാമൻ അദ്ദേഹത്തെ ഒബിഇ നൽകി ആദരിച്ചു. 2010-ൽ നാടകമേഖലയിലെ സേവനങ്ങൾക്ക് നൈറ്റ് പദവിയും ലഭിച്ചു.
'കോഡ', 'എൽ.എ സ്റ്റോറി', 'ഗ്രീൻ റൂം', 'റോബിൻ ഹുഡ്: മെൻ ഇൻ ടൈറ്റ്സ്', 'കൺസ്പിറസി തിയറി', 'ഡ്യൂൺ', 'എക്സ്കാലിബർ' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന സിനിമകൾ. അടുത്തിടെ പുറത്തിറങ്ങിയ 'ദി ഷീപ്പ് ഡിറ്റക്ടീവ്സ്' എന്ന ചിത്രത്തിലും സ്റ്റെവാർട്ട് ശബ്ദസാന്നിധ്യമായിരുന്നു. 'ദി സിംപ്സൺസ്', 'ഫാമിലി ഗൈ', 'അമേരിക്കൻ ഡാഡ്!' തുടങ്ങിയ ആനിമേഷൻ പരമ്പരകൾക്കും 'ദി പ്രിൻസ് ഓഫ് ഈജിപ്ത്', 'ചിക്കൻ ലിറ്റിൽ' തുടങ്ങിയ ചിത്രങ്ങൾക്കും ശബ്ദം നൽകി.
2023-ൽ പുറത്തിറങ്ങിയ ആത്മകഥയായ 'മേക്കിങ് ഇറ്റ് സോ' ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലും ഇടം നേടിയിരുന്നു. തന്റെ ജീവിതവും അഭിനയരംഗത്തെ അനുഭവങ്ങളുമാണ് പുസ്തകത്തിൽ അദ്ദേഹം പങ്കുവച്ചത്. സാമൂഹിക നീതി, സ്ത്രീകളുടെ അവകാശങ്ങൾ, ഗാർഹിക പീഡനത്തിനെതിരായ പ്രവർത്തനങ്ങൾ, അഭയാർഥികളുടെ അവകാശങ്ങൾ, മൃഗസംരക്ഷണം തുടങ്ങിയ വിഷയങ്ങളിലും പാട്രിക് സ്റ്റുവർട്ട് സജീവമായി നിലകൊണ്ടിരുന്നു.
അമേരിക്കൻ ഗായികയായ സണ്ണി ഒസെല്ലിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 2013-ലായിരുന്നു വിവാഹം. നടൻ ഡാനിയൽ സ്റ്റുവർട്ട്, മകൾ സോഫി എന്നിവരാണ് മക്കള്‍. 86-ാം വയസ്സിൽ പാട്രിക് സ്റ്റുവർട്ട് വിടവാങ്ങുമ്പോൾ, സിനിമയിലും നാടകവേദിയിലും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഓർമയിൽ തുടരും.
Veteran British actor Patrick Stewart, best known for his iconic roles as Captain Jean-Luc Picard in Star Trek and Professor Charles Xavier in X-Men, has died at 86. He passed away at his Los Angeles home on October 28 after living with Alzheimer's disease and Lewy body dementia.