‘സിനിമയിൽ അഭിനയിക്കാൻ നിരാഹാരം കിടന്നിട്ടുണ്ട്’; മനസുതുറന്ന് അനിഷ്മ അനിൽകുമാർ

സിനിമയെന്ന മാജിക്കിനെക്കുറിച്ചും ആ കലയോടുള്ള അടങ്ങാത്ത ഇഷ്ടത്തെക്കുറിച്ചും മാഡ്കാസ്റ്റിൽ മനസ്സുതുറന്ന് അനിഷ്മ അനിൽകുമാർ
‘സിനിമയിൽ അഭിനയിക്കാൻ നിരാഹാരം കിടന്നിട്ടുണ്ട്’; മനസുതുറന്ന് അനിഷ്മ അനിൽകുമാർ
Published on: 

‘പൂവൻ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, പിന്നീട് തമിഴ് സിനിമാലോകത്ത് സ്വന്തമായി ഒരിടം കണ്ടെത്തിയ താരമാണ് അനിഷ്മ അനിൽകുമാർ. ‘ഐ ആം കാതലൻ’, ‘മരണമാസ്സ്’ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തെങ്കിലും തമിഴിലേക്കുള്ള ചുവടുവെപ്പാണ് അനിഷ്മയുടെ കരിയറിൽ വലിയ വഴിത്തിരിവായത്. ‘സിറൈ’, ‘യൂത്ത്’, ‘മൊദ രാത്രി’ എന്നീ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെ സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടത്തെക്കുറിച്ചും അഭിനയരംഗത്തേക്ക് എത്താൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും മാഡിസം ഡിജിറ്റലിന്റെ മാഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ മനസ്സുതുറക്കുകയാണ് അനിഷ്മ അനിൽകുമാർ.

‘സിനിമയിൽ അഭിനയിക്കാൻ നിരാഹാരം കിടന്നിട്ടുണ്ട്’; മനസുതുറന്ന് അനിഷ്മ അനിൽകുമാർ
വേറൊരാളായി മാറിയിട്ട് നമുക്കൊന്നും നേടണ്ട, ഞാനിങ്ങനെയാണ്; സിനിമയിലെ അനുഭവങ്ങളെക്കുറിച്ച് അനിഷ്മ അനിൽകുമാർ

''കുട്ടിക്കാലം മുതൽ തന്നെ സിനിമയോട് വലിയ ഇഷ്ടമായിരുന്നു. ഒരുപാട് സിനിമകൾ കാണുമായിരുന്നു. അഭിനയിക്കാനും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, എനിക്ക് അഭിനയിക്കണം എന്ന് മറ്റൊരാളോട് തുറന്നുപറയാനുള്ള ആത്മവിശ്വാസമൊന്നും അന്നുണ്ടായിരുന്നില്ല. ഇപ്പോൾ അതിൽ കുറച്ചുകൂടി മാറ്റം വന്നിട്ടുണ്ട്,'' അനിഷ്മ മാഡ്കാസ്റ്റിൽ പറഞ്ഞു

വളരെ സ്ട്രിക്ടായ കുടുംബമായിരുന്നു തന്റേത് എന്നും, അതുകൊണ്ടുതന്നെ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം വീട്ടുകാരെക്കൊണ്ട് സമ്മതിപ്പിക്കാൻ ഒരുപാട് സമയമെടുത്തെന്നും താരം പറഞ്ഞു. മാതാപിതാക്കളുടെ സമ്മതത്തിനായി നിരാഹാരം വരെ കിടന്നിട്ടുണ്ടെന്ന് അനിഷ്മ വെളിപ്പെടുത്തി. ''വീട്ടുകാരെ സമ്മതിപ്പിച്ചശേഷമാണ് സിനിമാമേഖലയിലെ യഥാർഥ സാഹചര്യം മനസ്സിലാക്കുന്നത്. ഇവിടെ നമുക്ക് പരീക്ഷയെഴുതി വിജയിക്കുന്നതുപോലെ ഒന്നും ചെയ്യാനില്ല. നല്ല അവസരങ്ങൾ വരുന്നതുവരെ കാത്തിരിക്കുക, അതിനുവേണ്ടി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക എന്നതാണ് ചെയ്യാൻ കഴിയുന്നത്,'' അനിഷ്‌മ വ്യക്തമാക്കി

സിനിമയിലെ വിജയത്തിന് മുൻപേ, ഒരുപാട് ഓഡിഷനുകളിൽ താൻ പങ്കെടുത്തിട്ടുണ്ടെന്ന് അനിഷ്മ പറഞ്ഞു. ഒരു സിനിമ വിജയിച്ച്, ആളുകൾ തിയേറ്ററിലെത്തി കാണുന്നതും, പിന്നീട് തന്നെ തിരിച്ചറിയുന്നതുമെല്ലാം ഒരുപാട് സന്തോഷമുള്ള കാര്യമാണ്. ഒരിക്കലെങ്കിലും ഒരു സിനിമയിൽ അഭിനയിക്കണം, ചെറിയൊരു സീനിലെങ്കിലും വന്നുപോകണം എന്നായിരുന്നു തന്റെ ആഗ്രഹമെന്നും അനിഷ്മ കൂട്ടിചേർത്തു. സിനിമ എന്നത് തനിക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത്ര ദൂരെയുള്ള ഒന്നായിരുന്നു എന്നും, ഇന്ന് സിനിമയുടെ ഭാഗമാകാൻ കഴിയുന്നതിൽ വലിയ സന്തോഷവും നന്ദിയുമുണ്ടെന്നും താരം പറഞ്ഞു.

അതുകൊണ്ടുതന്നെ ഓരോ പുതിയ പ്രോജക്ട് വരുമ്പോഴും അതിന് അത്രത്തോളം പ്രാധാന്യം നൽകുകയും പരമാവധി പരിശ്രമിക്കുകയും ചെയ്യാറുണ്ടെന്നും അനിഷ്മ വ്യക്തമാക്കി. ''സിനിമയെ റൊമാന്റിസൈസ് ചെയ്യാനൊന്നും എനിക്കറിയില്ല. പക്ഷേ, എന്റെ ജീവിതത്തിൽ സിനിമ മാജിക് തന്നെയാണ്. ഞാൻ ഏറ്റവും കൂടുതൽ വില നൽകുന്നതും ഇഷ്ടപ്പെടുന്നതും പ്രധാനമായി കാണുന്നതും സിനിമയെയും അഭിനയത്തെയുമാണ്. എനിക്ക് ഏറ്റവും സന്തോഷം നൽകുന്നതും അഭിനയം തന്നെ. ‘മൊദ രാത്രി’ എന്ന സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്നതിനിടെ കരയുന്ന ഒരു രംഗത്തിൽ എനിക്ക് കരച്ചിൽ നിർത്താനായില്ല. അതുവരെ ജീവിതത്തിലുണ്ടായിരുന്ന ഒരുപാട് പ്രശ്നങ്ങൾ അന്ന് കരഞ്ഞുതീർത്തതുപോലെയാണ് എനിക്ക് തോന്നിയത്. ആ നിമിഷമാണ് സിനിമയുടെ മാജിക് എന്താണെന്ന് ഞാൻ ശരിക്കും മനസ്സിലാക്കിയത്,'' അനിഷ്മ മനസുതുറന്നു.

‘സിനിമയിൽ അഭിനയിക്കാൻ നിരാഹാരം കിടന്നിട്ടുണ്ട്’; മനസുതുറന്ന് അനിഷ്മ അനിൽകുമാർ
‘ആ ചിത്രത്തെ കുറിച്ചുള്ള നാണക്കേട് എന്നും പേറേണ്ടിവരും’; 100 ശതമാനം സ്ത്രീവിരുദ്ധമായിരുന്നു എന്ന് തുറന്നുസമ്മതിച്ച് ജാൻവി കപൂർ

തമിഴ് അരങ്ങേറ്റ ചിത്രമായ ‘സിറൈ’യിൽ കലൈയരസി എന്ന കഥാപാത്രത്തെയാണ് അനിഷ്മ അവതരിപ്പിച്ചത്. ജാതീയതയും സാമൂഹികമായ മുൻവിധികളും കുടുംബത്തിന്റെ എതിർപ്പുകളും നിലനിൽക്കുമ്പോഴും തന്റെ പ്രണയത്തിൽ ഉറച്ചുനിൽക്കുന്ന യുവതിയായാണ് താരം ചിത്രത്തിൽ എത്തിയത്. ചുരുങ്ങിയ കാലംകൊണ്ട് വ്യത്യസ്തമായ വേഷങ്ങളിലൂടെ തമിഴ് സിനിമാരംഗത്ത് സ്വന്തമായൊരു ഇടം കണ്ടെത്താൻ അനിഷ്മ അനിൽകുമാറിന് കഴിഞ്ഞിട്ടുണ്ട്.

Summary

Anishma Anilkumar, who made her Malayalam debut with Poovan and later found success in Tamil cinema, opens up about her journey on Madism Digital’s MADCAST. The actress recalls convincing her strict parents, attending numerous auditions, and discovering the magic of acting while shooting an emotional climax scene in Modha Rathri.

Madism Digital
madismdigital.com