

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'ഡോറോത്തി' തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തിലെ ക്വീർ വിഷയങ്ങളെച്ചൊല്ലി വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ചിത്രത്തിനെതിരെ വ്യാപകമായ ഹോമോഫോബിക്, ട്രാൻസ്ഫോബിക് ആക്രമണങ്ങൾ നടക്കുമ്പോൾ, പൗരുഷത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ ഋഷികാന്ത്.
അടുത്തിടെ സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് ഋഷികാന്ത് തനിക്ക് പൗരുഷം എന്ന സങ്കൽപ്പത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. ''അഹങ്കാരമോ കാണിച്ചൂട്ടലോ അല്ല യഥാർത്ഥ പൗരുഷം മറിച്ച് പരസ്പരം മനസ്സിലാക്കുക, ബഹുമാനിക്കുക, മറ്റുള്ളവരുടെ വികാരങ്ങളെ ഉൾക്കൊള്ളുക എന്നിവയാണ് പൗരുഷത്തിന്റെ അടിസ്ഥാന ഘടകങ്ങൾ. കുടുംബത്തിനും പ്രിയപ്പെട്ടവർക്കുമായി നിശബ്ദമായി ത്യാഗം സഹിക്കുന്ന നിരവധി പുരുഷന്മാരുണ്ട്. അതാണ് യഥാർത്ഥത്തിൽ ഏറ്റവും വലിയ പൗരുഷം. ഈ വർഷം പുറത്തിറങ്ങിയ 'മോദ രാത്തിരി', 'ഡോറോത്തി' എന്നീ ചിത്രങ്ങളിലെ എന്റെ കഥാപാത്രങ്ങൾ ഇത്തരം ആശയങ്ങളെയാണ് മുന്നോട്ട് വെക്കുന്നത് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ചിത്രത്തിന് ലഭിക്കുന്ന അനാവശ്യ വിമർശനങ്ങളിൽ സഹതാരം സനാഥും വിഷമം രേഖപ്പെടുത്തി. ''ഓൺലൈനിൽ പ്രചരിക്കുന്ന മോശം കമന്റുകൾ കാണുമ്പോൾ സങ്കടമുണ്ടെങ്കിലും തിയേറ്ററുകളിൽ നിന്ന് ലഭിച്ച പ്രേക്ഷക പ്രതികരണങ്ങൾ വലിയ ആശ്വാസമാണ്. 'മോദ രാത്തിരി' എന്ന ചിത്രത്തിന്റെ റിലീസ് സമയത്തും തനിക്ക് സമാനമായ അനുഭവങ്ങൾ ഉണ്ടായതായി ഋഷികാന്ത് പറഞ്ഞു.
കീർത്തി സുരേഷ്, സനാഥ്, ഋഷികാന്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ 'ഡോറോത്തി' 1990-കളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ജാതിയും വിഷമയമായ ആൺകോയ്മയും അക്രമങ്ങളും നിറഞ്ഞ ഒരു സാമൂഹിക പശ്ചാത്തലത്തിൽ, രണ്ടു സുഹൃത്തുക്കളുടെ ജീവിതത്തിലേക്ക് കരുണയും അനുകമ്പയും കടന്നുവരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. റിലീസിന് മുൻപ് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചപ്പോൾ വൻ കയ്യടിയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. എന്നാൽ സെപ്റ്റംബർ 25-ന് തിയേറ്റർ റിലീസ് ചെയ്തതോടെ, ചിത്രം എൽ.ജി.ബി.ടി.ക്യു പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. 'ദ്രൗപതി' എന്ന ചിത്രത്തിന്റെ സംവിധായകൻ മോഹൻ ജി ക്ഷത്രിയൻ ഉൾപ്പെടെയുള്ളവർ ചിത്രത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഗുനീത് മോംഗ കപൂർ, അചിൻ ജെയ്ൻ, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ പ്രദർശനം തുടരുകയാണ്.
Dorothy actor Rishikanth has responded to criticism surrounding the film’s queer themes, sharing his perspective on masculinity. He says true masculinity is rooted in understanding, respect, empathy and quiet sacrifices rather than arrogance or dominance.