റിലീസ് ചെയ്ത് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ജയരാജ് സംവിധാനം ചെയ്ത '4 ദി പീപ്പിള്‍' എന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്. അഴിമതിക്കെതിരെയുള്ള യുവജനങ്ങളുടെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ സ്‌റ്റൈലിഷ് അവതരണവും സൂപ്പര്‍ഹിറ്റായ 'ലജ്ജാവതിയേ' ഉള്‍പ്പെടെയുള്ള ഗാനങ്ങളും ഇന്നത്തെ തലമുറക്കും ട്രെന്‍ഡ്‌സെറ്ററാണ്. ഇപ്പോഴിതാ ചിത്രം റീ റിലീസിന് തയ്യാറെടുക്കുകയാണെന്നു അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ജയരാജ്.
'കേരളക്കരയാകെ നൃത്തം ചെയ്ത ഒരു സിനിമ. ഇന്നും നിങ്ങള്‍ ഒന്നുകൂടെ കാണാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ആ സിനിമയുമായി വീണ്ടും വരുന്നു. മിക്കവാറും ഈ അടുത്ത മാസങ്ങളില്‍ സിനിമ റിലീസ് ചെയ്യും', ജയരാജ് പറഞ്ഞു. 2004-ല്‍ പുറത്തിറങ്ങിയ '4 ദി പീപ്പിള്‍' 40 ലക്ഷം ബജറ്റിലാണ് നിര്‍മിച്ചത്. മൂന്നു കോടി വാരിക്കൂട്ടി ചിത്രം ബ്ലോക്ക്ബസ്റ്ററും അടിച്ചു. കൂടാതെ ഗാനങ്ങളുടെ കാസെറ്റ് രണ്ടര ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്. ഇതില്‍ നിന്നുള്ള വരുമാനം വേറെ. പുതുമുഖനായകര്‍, അടിപൊളി ഗാനങ്ങള്‍, ലോ ബജറ്റ് എന്നീ ചേരുവകള്‍ ചേര്‍ത്ത് ജയരാജ് പുതിയൊരു ഫോര്‍മുല മലയാള സിനിമക്ക് സമ്മാനിക്കുകയായിരുന്നു.
റിലീസായി ആദ്യനാളുകളില്‍ തന്നെ തിയേറ്ററുകളില്‍ യുവപ്രേക്ഷകരുടെ വന്‍തിരക്ക് ഉണ്ടാക്കിയത് ജാസി ഗിഫ്റ്റ് ഈണമിട്ട് പാടിയ ലജ്ജാവതിയേ ഗാനത്തിന്റെ മാസ്മരികതയാണ്. പാട്ടിന്റെ താളവും വേഗവും ചിത്രത്തിലുടനീളം സൂക്ഷിക്കാന്‍ സംവിധായകന് കഴിഞ്ഞുവെന്നതാണ് ഫോര്‍ ദി പീപ്പിളിനെ വിജയമാക്കിയത്. അരുണ്‍, ഭരത്, അര്‍ജുന്‍, നരെയ്ന്‍, ഗോപിക എന്നിവര്‍ ആയിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കള്‍. പുതുമുഖങ്ങള്‍ മാത്രം നായകരാക്കി ഒരുക്കിയ ചിത്രം താര സങ്കല്‍പ്പത്തിന്റെ മുന്‍വിധികള്‍ ഇല്ലാതെ പ്രേക്ഷകര്‍ സ്വീകരിച്ചു.
അനീതിക്കെതിരെ ഒളിപ്പോരാട്ടം നടത്തുന്ന നാല് യുവാക്കളുടെ കഥയാണ് ഫോര്‍ ദി പീപ്പിള്‍ പറയുന്നത്. തങ്ങള്‍ രൂപം നല്‍കിയ വെബ് സൈറ്റിലൂടെ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികളായ ഈ നാല് ചെറുപ്പക്കാര്‍ അനീതിക്കെതിരെ പൊരുതുന്നത്. നിയമം കൈയിലെടുത്ത ഇവരെ കണ്ടെത്താന്‍ എസ്പി രാജന്‍മാത്യു എന്ന സമര്‍ഥനായ പൊലീസ് ഓഫീസര്‍ നിയോഗിക്കപ്പെടുന്നതോടെ കഥ മുറുകുന്നു. രാജന്‍മാത്യു നാല്‍വര്‍സംഘത്തെ പിടികൂടുന്നുവെങ്കിലും അനീതിക്കെതിരായ സമരം തുടരുന്നതിന് അപ്പോഴേക്കും നാല് പേര്‍ കൂടി മുന്നോട്ടുവരുന്നതായി കാണിച്ചാണ് ചിത്രം അവസാനിക്കുന്നത്.
ഇന്നും പുതുമ നഷ്ടപ്പെടാത്ത ശൈലിയും സംഗീതവും അവതരണവും വേഗതയേറിയ എഡിറ്റിങ്ങും സ്‌റ്റൈലിഷ് ഛായാഗ്രഹണവും ജാസി ഗിഫ്റ്റിന്റെ സംഗീതവും അതുവരെ നിലനിന്നിരുന്ന സിനിമാ രീതികളെ പൊളിച്ചെഴുതിയിരുന്നു. അടുത്തിടെ മലയാളത്തില്‍ നിന്ന് റീ റിലീസ് ചെയ്ത സിനിമകള്‍ എല്ലാം വലിയ വിജയങ്ങളാകവെ ഫോര്‍ ദി പീപ്പിളിനും ആ ട്രെന്‍ഡ് നിലനിര്‍ത്താനാകും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ. സ്ഫടികം, ദേവദൂതന്‍, മണിച്ചിത്രത്താഴ്, ചോട്ടാമുംബൈ, രാവണപ്രഭു എന്നീ ചിത്രങ്ങള്‍ റീ റിലീസില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. നിലവില്‍ അല്ലു അര്‍ജുന്‍ ചിത്രം ഹാപ്പി ആണ് കേരളത്തില്‍ പ്രദര്‍ശനം തുടരുന്ന റീ റിലീസ് ചിത്രം.
Director Jayaraj has confirmed that his 2004 blockbuster 4 the People will soon return to theatres through a re-release. The film, which became a sensation for its stylish presentation, fast-paced storytelling, and chart-topping songs like Lajjavathiye, remains popular among audiences even after two decades.