

മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു കഥാപാത്രത്തിനായി ഇത്രയും വർഷം പ്രേക്ഷകർ കാത്തുനിന്ന മറ്റൊരു ഉദാഹരണം അപൂർവമാണ്. ജോർജുകുട്ടിയെന്ന സാധാരണക്കാരന്‍, സിനിമാ കഥാപാത്രത്തെക്കാൾ വളർന്ന് പന്തലിച്ചിരിക്കുന്നു, നമുക്കിടയില്‍ എവിടെയോ ജീവിക്കുന്ന ഒരാളെന്ന തോന്നലാണ് പ്രേക്ഷകർക്ക്. 2013-ൽ ഒരു കുടുംബത്തിന്റെ അതിജീവന കഥ പറഞ്ഞെത്തിയ 'ദൃശ്യത്തിന്' അപ്രതീക്ഷിത സ്വീകരണമാണ് പ്രേക്ഷകർ നല്‍കിയത്. പിന്നീട് ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ത്രില്ലർ ഫ്രാഞ്ചൈസികളിലൊന്നായി വളർന്നു. മലയാളത്തിൽ ആരംഭിച്ച കഥ പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ഓരോ ഭാഷയിലുമുള്ള പ്രേക്ഷകർക്കും പക്ഷേ മോഹൻലാൽ അവതരിപ്പിച്ച 'ഒറിജിനല്‍' ജോർജുകുട്ടി നല്‍കിയ സിനിമാനുഭവത്തിനാണ് നൂറില്‍ നൂറ് മാർക്ക് നല്‍കിയത്.
ദൃശ്യം വിജയിച്ചത് അതൊരു ക്രൈം ത്രില്ലർ ഴോണറില്‍ ചിത്രീകരിക്കപ്പെട്ട സിനിമയാണെന്നത് കൊണ്ടുമാത്രമല്ല. സ്വന്തം കുടുംബത്തെ രക്ഷിക്കാനായി സാധാരണക്കാരനായ ഒരാള്‍ നടത്തുന്ന അത്യപൂർവ്വമായി വൈകാരിക ആന്തരിക യാത്രയായത് കൊണ്ട് കൂടിയാണ്. ആ യാത്രയുടെ പരിസമാപ്തിയില്‍ പൂർണമായ വൈകാരിക അനുഭവങ്ങളാവും പ്രേക്ഷകനെ കാത്തിരിക്കുന്ന സൂചനയും സംവിധായകന്‍ ജീത്തു ജോസഫ് നല്‍കുന്നുണ്ട്. കൂർമ്മ ബുദ്ധിയുള്ള ജോർജുകുട്ടിയെയാണ് ആദ്യ രണ്ട് ഭാഗങ്ങളിലും പ്രേക്ഷകർ കണ്ടത്. എന്നാല്‍ വൈകാരികമായി നിമിഷങ്ങള്‍ക്ക് മുന്നില്‍ തളരുന്ന ജോർജുകുട്ടിയാണ് മൂന്നാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് ട്രെയ്‌ലറും വ്യക്തമായ സൂചന നല്‍കുന്നുണ്ട്. ഇത്തവണ അയാള്‍ക്കുള്ളില്‍ ദിനവും വളർന്നുകൊണ്ടിരിക്കുന്ന ഭയമാണ് പ്രമേയത്തിലെ കേന്ദ്രബിന്ദു. വർഷങ്ങളായി ഒളിപ്പിച്ച രഹസ്യത്തിന്റെ ഭാരം ചുമക്കുന്ന ഒരാളുടെ പതനവും മാനസിക സംഘർഷവും സിനിമ ചർച്ച ചെയ്യാനുള്ള സാധ്യതയും തള്ളാനാവില്ല
സാധാരണക്കാരന്‍റെ ജീവിതം തിരശ്ശീലയില്‍ പകർന്നാടിയ മോഹൻലാല്‍ കഥാപാത്രങ്ങളെ എന്നും മലയാള സിനിമ നെഞ്ചോട് ചേർത്തിട്ടുണ്ട്. കിരീടത്തിലെ സേതുമാധവനെയും തന്മാത്രയിലെ രമേശനെയും പോലെ ഓർമ്മിപ്പിക്കുന്ന അതിവൈകാരിക നിമിഷങ്ങളിലൂടെ ഇത്തവണ ജോർജുകുട്ടിയും സഞ്ചരിച്ചേക്കും. വർഷങ്ങളായി ഒരു മനുഷ്യൻ മനസ്സിനുള്ളിൽ അടച്ചുവെച്ച ഭയത്തിന്റെ നിഗൂഢമായ ജീവിതത്തിന്‍റെ കഥ പ്രേക്ഷകരെയും ആകാംക്ഷാഭരിതരാക്കുന്നുണ്ട്.
മെയ് 21-നാണ് ചിത്രം ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യുന്നത്. യുഎസ്എ പ്രീമിയറുകൾ മെയ് 20 രാത്രി മുതൽ ആരംഭിക്കും. മോഹന്‍ലാലിന്‍റെ ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രമായി ദൃശ്യം മാറാനും ചിത്രത്തിന് സാധിച്ചേക്കും. വലിയ ഓപ്പണിങ്ങും പ്രീസെയിലും നല്‍കുന്ന സൂചനകള്‍ അത്തരത്തിലാണ്. ആദ്യ രണ്ട് ഭാഗങ്ങളിലേതുപോലെ ഹെവി ഇന്റലിജെന്റ് ത്രില്ലർ സിനിമയല്ല മൂന്നാം ഭാഗമെന്ന് ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, മലയാള സിനിമയ്ക്ക് പ്രതീക്ഷിക്കാതിരിക്കാനാവില്ല!
English Summary: The anticipation for Drishyam 3 is growing as Georgekutty’s character returns with a heavier emotional burden after 13 years of hiding a dark secret. The trailer hints at a more psychological and emotional storyline rather than a classic thriller, focusing on fear, guilt, and mental struggle. The film is set for a global release on May 21.