മലയാളത്തിൽ ബാലതാരമായെത്തി ശ്രദ്ധ നേടിയ നടിയാണ് എസ്തർ അനിൽ. മുൻപ് തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത പ്രചരിപ്പിക്കുന്നതിന് എതിരെ എസ്തർ ശക്തമായി പ്രതികരിച്ചിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ മറ്റുള്ളവർ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്ന തന്റെ ചിത്രങ്ങൾ കണ്ട് അമ്പരപ്പുണ്ടായിട്ടുണ്ടെന്ന് എസ്തർ അനിൽ. 'ദൃശ്യം 3' യുമായി ബന്ധപ്പെട്ട ക്യൂ സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിലാണ് എസ്തർ പ്രതികരിച്ചത്.
എസ്തറിന്റെ പ്രതികരണം:
''എഐയിൽ എഡിറ്റ് ചെയ്ത എന്റെ ചിത്രങ്ങൾ കണ്ട് ഞെട്ടിയിട്ടുണ്ട്. എഡിറ്റഡ് ആണെങ്കിൽ പോലും തോന്നാറുണ്ട് ഇത് ഞാൻ തന്നെയല്ലേയെന്ന്. ചിത്രത്തിൽ കാണുന്നത് പോലൊരു വസ്ത്രം ഞാൻ ഉപയോഗിച്ചിട്ടില്ലെന്നും ഇത്തരത്തിലൊരു ചിത്രം എടുത്തിട്ടില്ലെന്നും എനിക്ക് വ്യക്തമാണ്. പക്ഷേ ആ ചിത്രങ്ങൾ എല്ലാം തന്നെ കണ്ടാൽ യാഥാർഥമാണെന്നേ തോന്നുകയുള്ളൂ. ഇതൊക്കെ നിയന്ത്രിക്കാൻ സാധ്യമാണോ എന്ന് ചോദിച്ചാൽ ഒരു പരിധിവരെ സാധ്യമാണ്.
പോസ്റ്റ് ചെയ്യുന്നത് എഐ നിർമിത ചിത്രമാണെന്ന് മനസിലാക്കുന്ന തരത്തിലുള്ള സൂചനകൾ സമൂഹ മാധ്യമങ്ങൾക്ക് തന്നെ കൃത്യമായി നൽകാൻ സാധിക്കണം. അത്തരത്തിലൊരു സംവിധാനമുണ്ടെങ്കിൽ ആളുകൾക്ക് തിരിച്ചറിയാൻ സാധിക്കും. മുൻപ് എന്റെ മോർഫ് ചെയ്ത ചിത്രങ്ങളും പലരും പ്രചരിപ്പിച്ചിട്ടുണ്ട്. കൃതിമമാണെന്ന് തിരിച്ചറിഞ്ഞിട്ട് പോലും എന്നെ അപകീർത്തിപ്പെടുത്തണമെന്ന ലക്ഷ്യത്തിൽ അവ വീണ്ടും പ്രചരിപ്പിച്ചവർ വരെയുണ്ട്. ഞാൻ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലെ വസ്ത്രങ്ങൾക്ക് സമാനമായ ചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിക്കും. ഇതൊക്കെ എത്രത്തോളം തടയാൻ സാധിക്കുമെന്ന് അറിയില്ല.''
മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ദൃശ്യം3’ ആണ് എസ്തറിന്റെ ഇനി വരാനിരിക്കുന്ന ചിത്രം. മലയാള സിനിമയിലെ ത്രില്ലർ ശൈലിയ്ക്കു പുതിയ മാനദണ്ഡങ്ങൾ നിർണയിച്ച ദൃശ്യം ഫ്രാഞ്ചൈസിയിൽ മോഹൻലാലിന്റെ മകളുടെ വേഷമാണ് എസ്തർ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം തിയേറ്ററുകളിൽനിന്ന് നേടിയ വരുമാനം ഏകദേശം 75 കോടി രൂപയായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് ചിത്രം റീമേക്കായും എത്തിയിരുന്നു.
മോഹൻലാലിന്റെ പിറന്നാൾ ദിനം റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.
English Summary: Esther Anil revealed that she was shocked after seeing AI-edited images of herself circulating online. She emphasized the need for better systems to identify and control such manipulated content, while also recalling past incidents of morphed images being misused against her. The actress is currently gearing up for Drishyam 3.