50 രൂപ കൂലിയില്‍ നിന്ന് 4,000 കോടിയിലേക്ക്; സിനിമയെ വെല്ലുന്ന യഷിന്റെ ജീവിതം

കരാറൊപ്പിടുന്നതിന് മുന്‍പ് തിരക്കഥ വായിച്ചു നോക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. തുടക്കക്കാരനായ ഒരു നടന്റെ ഇത്തരം നിലപാടുകള്‍ അഹങ്കാരമായി പലരും തെറ്റിദ്ധരിച്ചു
50 രൂപ കൂലിയില്‍ നിന്ന് 4,000 കോടിയിലേക്ക്; സിനിമയെ വെല്ലുന്ന യഷിന്റെ ജീവിതം
Published on

ഇന്ത്യന്‍ സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര വലിയ ബജറ്റില്‍ ഒരുങ്ങുന്ന രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ സിനിമാ ലോകത്തെ നയിക്കുന്ന നായകനായി മാറിയിരിക്കുകയാണ് കന്നട താരം യഷ്. 4,000 കോടി ബജറ്റില്‍ ഒരുങ്ങുന്ന 'രാമായണ'യിലും 500 കോടിയോളം നിര്‍മ്മാണച്ചെലവുള്ള 'ടോക്‌സികി'ലും അഭിനയിക്കുക മാത്രമല്ല, നിര്‍മ്മാണ പങ്കാളി കൂടിയാണ് അദ്ദേഹം. പാന്‍-ഇന്ത്യന്‍ താരപദവിക്കും 'റോക്കിംഗ് സ്റ്റാര്‍' എന്ന തലക്കെട്ടിനും പിന്നില്‍, കയ്യില്‍ ഒന്നുമില്ലാതെ കനമുള്ള സ്വപ്നങ്ങളുമായി സിനിമാ മോഹങ്ങള്‍ക്ക് പിന്നാലെ ഓടിയ ഒരു സാധാരണക്കാരന്റെ കഠിനാധ്വാനത്തിന്റെ കഥയുണ്ട്.

ഹാസനിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച യഷിന്റെ യഥാര്‍ത്ഥ പേര് നവീന്‍ കുമാര്‍ ഗൗഡ എന്നാണ്. കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറായിരുന്ന പിതാവ് അരുണ്‍ കുമാറിന് ജോലി ഇല്ലാതിരുന്ന കാലത്തായിരുന്നു യഷിന്റെ ജനനം. മൈസൂരുവിലെ പടുവാരഹള്ളിയില്‍ താമസിക്കുമ്പോള്‍ 14 രൂപ ദിവസ ബത്തയിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത് എന്ന് യഷിന്റെ അമ്മ പുഷ്പ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മൈസൂരുവില്‍ നിന്ന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ യഷ്, അസിസ്റ്റന്റ് ഡയറക്ടറാകണമെന്ന ആഗ്രഹത്തോടെ ബെംഗളൂരുവിലേക്ക് ട്രെയിന്‍ കയറി. എന്നാല്‍ ആദ്യമായി ലഭിച്ച അവസരം വെറും രണ്ടു ദിവസത്തിനുള്ളില്‍ ഇല്ലാതായി. കയ്യില്‍ ബാക്കിയുണ്ടായിരുന്നത് 300 രൂപ മാത്രം. വീട്ടിലേക്ക് തിരികെ പോയാല്‍ സിനിമാ സ്വപ്നം അവിടെ അവസാനിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ അദ്ദേഹം അവിടെത്തന്നെ തുടരാന്‍ തീരുമാനിച്ചു.

നാടക വേദികളായിരുന്നു യഷി ആദ്യ അഭയകേന്ദ്രം. ബി.വി കാരന്തിന്റെ 'ബെനക' നാടക സംഘത്തില്‍ ദിനംപ്രതി 50 രൂപ വേതനത്തില്‍ ബാക്ക്‌സ്റ്റേജ് ജീവനക്കാരനായി ജോലി ചെയ്യാന്‍ തുടങ്ങി. അവിടെ അണിയറപ്രവര്‍ത്തകര്‍ക്ക് ചായ കൊടുത്തും വേദി വൃത്തിയാക്കിയും കിട്ടുന്ന ജോലികളെല്ലാം അദ്ദേഹം ചെയ്തു. ക്രമേണ 2004-ല്‍ നാടകത്തില്‍ പ്രധാന വേഷം ലഭിച്ചു. അതേവര്‍ഷം 'ഉത്തരായന' എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്ത വര്‍ഷം വന്ന 'നന്ദ ഗോകുല' എന്ന പരമ്പരയിലാണ് പിന്നീട് ഭാര്യയായി മാറിയ രാധിക പണ്ഡിറ്റിനെ അദ്ദേഹം ആദ്യമായി കാണുന്നത്.

50 രൂപ കൂലിയില്‍ നിന്ന് 4,000 കോടിയിലേക്ക്; സിനിമയെ വെല്ലുന്ന യഷിന്റെ ജീവിതം
ശ്രീദേവിക്ക് ആദരവുമായി പ്രിയങ്ക ചോപ്ര; ‘എംപ്രസ്’ ബയോ​ഗ്രഫിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത തുടക്കക്കാരന്‍

സിനിമയില്‍ അവസരങ്ങള്‍ വന്നെത്തിയപ്പോഴും വ്യക്തമായ കാഴ്ചപ്പാട് യഷിനുണ്ടായിരുന്നു. കരാറൊപ്പിടുന്നതിന് മുന്‍പ് തിരക്കഥ വായിച്ചു നോക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. തുടക്കക്കാരനായ ഒരു നടന്റെ ഇത്തരം നിലപാടുകള്‍ അഹങ്കാരമായി പലരും തെറ്റിദ്ധരിച്ചു. 'ഒരു തുടക്കക്കാരനായിരുന്നപ്പോഴും ഡയറക്ടര്‍മാരോട് ഞാന്‍ തിരക്കഥയുടെ കോപ്പി ചോദിക്കുമായിരുന്നു. അത് എന്റെ അഹങ്കാരമായി അവര്‍ കണ്ടു. എന്നാല്‍ ഞാന്‍ വിശ്വസിക്കാത്ത ഒരു പ്രൊജക്റ്റിന്റെ ഭാഗമാകാന്‍ എനിക്കാവില്ലെന്നായിരുന്നു എന്റെ നിലപാട്. ഇതിന്റെ പേരില്‍ നിരവധി സിനിമകള്‍ എനിക്ക് നഷ്ടമായിട്ടുണ്ട്', യഷ് ഒരിക്കല്‍ പറഞ്ഞു.

2007-ല്‍ 'ജംബാഡ ഹുഡുഗി' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ അദ്ദേഹം അതേ കാലയളവിലാണ് 'യഷ്' എന്ന പേര് സ്വീകരിക്കുന്നത്. 2008-ല്‍ പുറത്തിറങ്ങിയ 'മൊഗ്ഗിന മനസു' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. 2010-ല്‍ പുറത്തിറങ്ങിയ 'മൊദലസല' എന്ന ചിത്രത്തോടെയാണ് സ്‌ക്രീനില്‍ 'റോക്കിംഗ് സ്റ്റാര്‍' എന്ന പേര് യഷിന് ലഭിക്കുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയിച്ചു. തുടര്‍ന്ന് 'ഡ്രാമ', 'ഗൂഗ്ലി', 'രാജാ ഹുലി', 'ഗജകേസരി', 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് രാമാചാരി' തുടങ്ങിയ ചിത്രങ്ങളിലൂടെ കന്നഡ സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളായി അദ്ദേഹം മാറി. 'ഇതൊരു തുടക്കം മാത്രമാണ്. നോക്കിക്കോളൂ, കന്നഡ സിനിമ മറ്റൊരു തലത്തിലേക്ക് ഉയരും', 2015-ലെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ യഷ് പറഞ്ഞ ആ വാക്കുകള്‍ പില്‍ക്കാലത്ത് സത്യമായി മാറി.

ചരിത്രം കുറിച്ച 'കെജിഎഫ്'

'മിസ്റ്റര്‍ ആന്‍ഡ് മിസിസ് രാമാചാരി'യുടെ വമ്പന്‍ വിജയത്തിന് ശേഷമാണ് പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത 'കെജിഎഫ്: ചാപ്റ്റര്‍ 1'-ല്‍ യഷ് ഒപ്പുവെച്ചത്. 80 കോടി ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം ഷാറൂഖ് ഖാന്റെ 'സീറോ' എന്ന ചിത്രത്തോടൊപ്പമാണ് റിലീസിന് എത്തിയത്. 240 കോടിയിലധികം കളക്ഷന്‍ നേടി കെജിഎഫ് ചരിത്രം കുറിച്ചു. 2022-ല്‍ പുറത്തിറങ്ങിയ 'കെജിഎഫ്: ചാപ്റ്റര്‍ 2' 1,200 കോടിയിലധികം നേടി ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ ഞെട്ടിച്ചു. 'റോക്കി ഭായ്' എന്ന കഥാപാത്രം ഇന്ത്യന്‍ പോപ്പ് കള്‍ച്ചറിന്റെ ഭാഗമായി മാറി.

50 രൂപ കൂലിയില്‍ നിന്ന് 4,000 കോടിയിലേക്ക്; സിനിമയെ വെല്ലുന്ന യഷിന്റെ ജീവിതം
ഗാര്‍ഹികപീഡനത്തില്‍ നിന്ന് രക്ഷപ്പെട്ട് സിനിമയിലെത്തിയ ദുര്‍ഗ്ഗാഭായ് കാമത്ത്; ഇന്ത്യയിലെ ആദ്യ ചലച്ചിത്ര നടി

ഇനി ആഗോള സിനിമാ ലോകത്തേക്ക്

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലെത്താന്‍ ഒരുങ്ങുകയാണ് യഷ്. രണ്ട് വന്‍ ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ടോക്‌സിക്, നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണ. നമിത് മല്‍ഹോത്ര നിര്‍മ്മിക്കുന്ന ഈ 4,000 കോടി പ്രൊജക്റ്റില്‍ രാവണന്റെ വേഷത്തിലാണ് യഷ് എത്തുന്നത്. ദിവസം 50 രൂപയ്ക്ക് അണിയറയില്‍ ജോലി ചെയ്തിരുന്ന നവീന്‍ കുമാര്‍ ഗൗഡയില്‍ നിന്ന്, 4,000 കോടിയുടെ ഇന്ത്യന്‍ സിനിമാ പ്രൊജക്റ്റുകളുടെ നിര്‍മ്മാണ പങ്കാളി കൂടിയായ യഷിലേക്കുള്ള വളര്‍ച്ച ഏതൊരു സിനിമാ മോഹിക്കും പ്രചോദനമാണ്. ഓഗസ്റ്റ് 26-നും നവംബര്‍ ആറിനും ടോക്‌സികും രാമായണയും ആഗോള തിയറ്ററുകളില്‍ എത്തുന്നതോടെ യഷിന്റെ ആഗോള സിനിമാ സ്വപ്നങ്ങള്‍ക്ക് കൂടി അതൊരു തുടക്കമാകും.

Summary

Kannada actor Yash has emerged as one of Indian cinema’s biggest stars, moving from humble beginnings to becoming an actor and producer associated with two major big-budget projects, Toxic and Ramayana. Born as Naveen Kumar Gowda in Hassan, Yash grew up in a modest family and moved to Bengaluru with just Rs 300 to pursue his dream of working in cinema. He began his career backstage with a theatre group, earning Rs 50 a day, before moving to television and eventually films. After making his film debut in 2007, Yash rose to prominence with films such as Moggina Manasu, Mr. and Mrs. Ramachari and later the blockbuster KGF franchise. KGF: Chapter 1 and KGF: Chapter 2 transformed him into a pan-Indian star, with the latter reportedly earning more than Rs 1,200 crore worldwide. After a four-year break, Yash is set to return with Toxic and the ambitious Ramayana, in which he plays Ravana and is also a production partner. His journey from earning Rs 50 a day backstage to becoming part of one of India’s biggest film projects is presented as an inspiring story of persistence and ambition.

Madism Digital
madismdigital.com