'യഷ് വിശ്വസിച്ചപ്പോള്‍ എല്ലാവരും വിശ്വസിച്ചു'; 'ടോക്‌സിക്' വിശേഷങ്ങളുമായി ഗീതു മോഹന്‍ദാസ്

'ഒരു വലിയ താരത്തെ വെച്ച് 'മൂത്തോന്‍' നിര്‍മ്മിച്ച് നിരൂപക പ്രശംസ നേടിയിട്ടും വലിയ വാണിജ്യ സിനിമകള്‍ എന്നെ തേടിയെത്തിയില്ല. ഓരോ ഘട്ടവും വലിയൊരു പോരാട്ടമായിരുന്നു'
'യഷ് വിശ്വസിച്ചപ്പോള്‍ എല്ലാവരും വിശ്വസിച്ചു'; 'ടോക്‌സിക്' വിശേഷങ്ങളുമായി ഗീതു മോഹന്‍ദാസ്
Published on

യഷും ഗീതു മോഹന്‍ദാസും ഒന്നിക്കുന്ന 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്' എന്ന ചിത്രം പ്രഖ്യാപിച്ച സമയം മുതല്‍ സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. വ്യത്യസ്ത സിനിമാ ശൈലികള്‍ പിന്തുടരുന്ന ഇരുവരും എങ്ങനെ ഒന്നിക്കും എന്ന സംശയമായിരുന്നു പലരും ഉന്നയിച്ചിരുന്നത്. ഇതിനൊക്കെ മറുപടി നല്‍കിയിരിക്കുകയാണ് ഗീതു മോഹന്‍ദാസ്. ചെന്നൈയില്‍ നടന്ന പ്രീ-റിലീസ് ചടങ്ങില്‍, ഒരു ചലച്ചിത്രകാരി എന്ന നിലയിലുള്ള തന്റെ യാത്രയെക്കുറിച്ചും ഈ വന്‍ പ്രോജക്റ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ യഷ് അര്‍പ്പിച്ച വിശ്വാസം എങ്ങനെയാണ് വഴിത്തിരിവായതെന്നും ഗീതു തുറന്നുപറഞ്ഞു.

മുമ്പ് 'ലയേഴ്‌സ് ഡൈസ്', 'മൂത്തോന്‍' തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ഗീതു, തന്റെ പുതിയ ചിത്രത്തിന് പണം മുടക്കാന്‍ ആളുകളെ കണ്ടെത്താന്‍ എത്രത്തോളം ബുദ്ധിമുട്ടിയെന്നത് ഓര്‍ത്തെടുത്തു. 'നിങ്ങള്‍ കണ്ട എന്റെ ആദ്യകാല ചിത്രങ്ങളായ 'കേള്‍ക്കുന്നുണ്ടോ' എന്ന ഹ്രസ്വചിത്രവും 'ലയേഴ്‌സ് ഡൈസ്' സിനിമയും വെറും 50 ലക്ഷം രൂപയ്ക്കാണ് നിര്‍മ്മിച്ചത്. 'ലയേഴ്‌സ് ഡൈസ്' 2014-ല്‍ ഓസ്‌കാറിലേക്ക് തിരഞ്ഞെടുക്കപ്പെടുകപോലും ചെയ്തു. പക്ഷേ ആരും എന്നില്‍ വിശ്വസിച്ചില്ല. എന്റെ സിനിമ നിര്‍മ്മിക്കാന്‍ ആരും എനിക്ക് പണം നല്‍കാന്‍ തയ്യാറായില്ല', തന്റെ കരിയറിന്റെ ആദ്യകാലങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് അവര്‍ പറഞ്ഞു.

'എനിക്ക് സങ്കടം തോന്നി. എന്നെക്കൊണ്ട് ഇത് സാധിക്കുമെന്ന് ആരെങ്കിലും വിശ്വസിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. ഒരു വലിയ താരത്തെ വെച്ച് 'മൂത്തോന്‍' നിര്‍മ്മിച്ച് നിരൂപക പ്രശംസ നേടിയിട്ടും വലിയ വാണിജ്യ സിനിമകള്‍ എന്നെ തേടിയെത്തിയില്ല. ഓരോ ഘട്ടവും വലിയൊരു പോരാട്ടമായിരുന്നു', ഗീതു വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് അതുവരെ ശ്രമിച്ചിട്ടില്ലാത്ത വലിയ ഒരു സിനിമ ചെയ്യാനും സ്വയം വെല്ലുവിളിക്കാനും ഗീതു തീരുമാനിച്ചത്.

'യഷ് വിശ്വസിച്ചപ്പോള്‍ എല്ലാവരും വിശ്വസിച്ചു'; 'ടോക്‌സിക്' വിശേഷങ്ങളുമായി ഗീതു മോഹന്‍ദാസ്
ഭാര്യയുടെ വഴക്ക് കേൾക്കാതിരിക്കാൻ ബിഗ് ബിയുടെ തന്ത്രം; അമിതാഭ് ബച്ചന്റെ കുടുംബവിശേഷങ്ങൾ വൈറൽ

യഷിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് അവര്‍ പറഞ്ഞു, 'അതിനുശേഷം ഞാന്‍ എന്നോട് തന്നെ പറഞ്ഞു, ഈ രാജ്യത്തെ ഏറ്റവും വലിയ സിനിമ, ഏറ്റവും മികച്ച നടനും വലിയ താരപദവിയുമുള്ള ഒരാളെ വെച്ച് ഞാന്‍ ചെയ്യും. അദ്ദേഹം എന്നില്‍ വിശ്വസിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഇന്ന് എനിക്ക് പറയാന്‍ കഴിയും, എന്റെ ഈ യാത്രയില്‍, ഞാന്‍ ഒരു ചെറിയ പെണ്‍കുട്ടിയായിരുന്ന സമയം മുതല്‍ ഇവിടെ നില്‍ക്കുന്നത് വരെ, ലോകത്തുള്ള മറ്റാരേക്കാളും യഷ് എന്നില്‍ വിശ്വസിച്ചു. നിനക്കിത് ചെയ്യാന്‍ കഴിയും, ചെയ്യൂ എന്ന് അദ്ദേഹം പറഞ്ഞു. ആ നന്ദി വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ എനിക്ക് കഴിയില്ല', ഗീതു കൂട്ടിച്ചേര്‍ത്തു.

മറ്റുള്ളവര്‍ക്കും തന്റെ പ്രോജക്റ്റില്‍ വിശ്വാസം വരാന്‍ പ്രചോദനമായത് യഷിന്റെ പിന്തുണയാണെന്ന് ഗീതു പറഞ്ഞു. 'ആദ്യത്തെ കൈയടി വിശ്വസനീയമാണെങ്കില്‍ ലോകം മുഴുവന്‍ കൂടെ കൈയടിക്കും. യഷ് എന്നില്‍ വിശ്വസിച്ചതോടെ ഇന്‍ഡസ്ട്രിയിലെ മറ്റുള്ളവരും ഈ പ്രോജക്റ്റില്‍ വിശ്വസിക്കാന്‍ തുടങ്ങി. അതൊരു വലിയ ചെയിന്‍ റിയാക്ഷനായിരുന്നു', അവര്‍ പറഞ്ഞു. ചിത്രത്തിന്റെ നായകനായി അഭിനയിക്കുന്നതിന് പുറമെ അതിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് യഷ്. കിയാര അദ്വാനി, നയന്‍താര, രുക്മിണി വസന്ത്, താരാ സുതാരിയ, ഹുമ ഖുറേഷി എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അഡ്വാന്‍സ് ടിക്കറ്റ് വില്പനയില്‍ മികച്ച പ്രതികരണം നേടുന്ന 'ടോക്‌സിക്', നാളെ ലോകമെമ്പാടും തിയറ്ററുകളിലെത്തും.

Summary

Filmmaker Geetu Mohandas has spoken about the struggles she faced in finding support and funding for her earlier films, and how actor Yash's faith in her became a turning point in her career. Speaking at a pre-release event in Chennai for Toxic: A Fairy Tale for Grown-Ups, Geetu said that despite the critical acclaim received by films such as Liar's Dice and Moothon, she struggled to find producers willing to invest in her projects. She recalled making her early short film and Liar's Dice on a modest budget of around ₹50 lakh and said that recognition, including Liar's Dice being selected as India's official entry for the Oscars in 2014, did not immediately translate into industry support.

Madism Digital
madismdigital.com