തിരക്കഥ മാറ്റും, സെന്‍സര്‍ഷിപ്പില്ല; ഗല്‍വാന്‍ സംഘര്‍ഷം പറയുന്ന ചിത്രങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പൂട്ട്, ചൈനയെ സന്തോഷിപ്പിക്കാനെന്ന് വിമര്‍ശനം

തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം ചിത്രീകരണത്തിന് മുന്‍പ് പ്രതിരോധ മന്ത്രാലയത്തിന് സമര്‍പ്പിക്കണം
തിരക്കഥ മാറ്റും, സെന്‍സര്‍ഷിപ്പില്ല; ഗല്‍വാന്‍ സംഘര്‍ഷം പറയുന്ന ചിത്രങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പൂട്ട്, ചൈനയെ സന്തോഷിപ്പിക്കാനെന്ന് വിമര്‍ശനം
Published on

2020 ജൂണില്‍ കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയിലുള്ള ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. നാല് സൈനികരുടെ മരണം ചൈന ഔദ്യോഗികമായി അംഗീകരിച്ചു. എന്നാല്‍ ചൈനീസ് മരണസംഖ്യ കൂടുതലാണ് എന്ന് വിവിധ സ്വതന്ത്ര അന്വേഷണങ്ങളും അന്താരാഷ്ട്ര ഇന്റലിജന്‍സ് വിലയിരുത്തലുകളും വെളിപ്പെടുത്തിയിരുന്നു.

ഏട്ടുമുട്ടല്‍ നടന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷവും ഗല്‍വാന്‍ സംഘര്‍ഷം സിനിമയാക്കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയാണ്. ഈ സംഘര്‍ഷത്തെ സിനിമയാക്കാനുള്ള എല്ലാ ശ്രമങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ തടയുകയും തിരക്കഥകളില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൂര്‍ത്തിയായ ചിത്രങ്ങള്‍ക്ക് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്നും കര്‍ശനമായ നിയന്ത്രണങ്ങളാണ് നേരിടേണ്ടി വരുന്നത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള ഇപ്പോഴത്തെ നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ കടുംപിടുത്തം. ഈ അപ്രഖ്യാപിത സെന്‍സര്‍ഷിപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് 'ദി ലയണ്‍ ഓഫ് ഗാല്‍വാന്‍' (The Lion of Galwan) എന്ന ചിത്രം. ചൈനീസ് സൈന്യത്തോട് പോരാടി വീരമൃത്യു വരിച്ച വീര്‍ ചക്ര പുരസ്‌കാര ജേതാവ് സെപോയ് ഗുര്‍തേജ് സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ഈ ജീവചരിത്ര സിനിമ. നിര്‍മാതാവ് ഹിമാലയ് ദസ്സാനി നിര്‍മിച്ച്, നടന്‍ അഭിമന്യു ദസ്സാനി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാനിരുന്ന ഈ പ്രോജക്റ്റ് പ്രതിരോധ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശങ്ങളെത്തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് ഉപേക്ഷിച്ചിരിക്കുകയാണ്.

തിരക്കഥ മാറ്റും, സെന്‍സര്‍ഷിപ്പില്ല; ഗല്‍വാന്‍ സംഘര്‍ഷം പറയുന്ന ചിത്രങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പൂട്ട്, ചൈനയെ സന്തോഷിപ്പിക്കാനെന്ന് വിമര്‍ശനം
പോരടിച്ച് 'അമ്മ'യുടെ മക്കള്‍; സംഘടനയെ നയിക്കുന്നത് നിഴല്‍ നേതൃത്വം?

ചൈനയെ മോശമായി ചിത്രീകരിക്കാന്‍ പാടില്ല എന്ന നിര്‍ദേശം മന്ത്രാലയത്തില്‍ നിന്നും ലഭിച്ചിരുന്നു എന്നാണ് നിര്‍മാതാവിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം ചിത്രീകരണത്തിന് മുന്‍പ് അത് പ്രതിരോധ മന്ത്രാലയത്തിന് സമര്‍പ്പിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളും വശങ്ങളും കൃത്യമായി കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ സിനിമ ചെയ്യുന്നതില്‍ അര്‍ത്ഥമില്ല എന്നതിനാലാണ് ചിത്രം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുന്നത് എന്ന് നിര്‍മാതാവ് പറഞ്ഞു.

ബോളിവുഡ് താരമായ സല്‍മാന്‍ ഖാന്റെ ചിത്രത്തിനും സമാനമായ നിര്‍ദേശമാണ് ലഭിച്ചിരിക്കുന്നത്. 'ബാറ്റില്‍ ഓഫ് ഗാല്‍വാന്‍' (Battle of Galwan) എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രവും പ്രതിസന്ധിയിലാണ്. അപൂര്‍വ ലാഖിയ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍, ഗാല്‍വാന്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച 16 ബിഹാര്‍ റെജിമെന്റിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ ബിക്കുമല്ല സന്തോഷ് ബാബു ആയിട്ടാണ് സല്‍മാന്‍ ഖാന്‍ അഭിനയിക്കുന്നത്. ഏപ്രില്‍ 17-ന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ചിത്രം മോദി സര്‍ക്കാരിന്റെയും സുരക്ഷാ വിഭാഗത്തിന്റെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മാറ്റിവെച്ചു. തുടര്‍ന്ന് ചിത്രത്തിന്റെ പേര് 'മാതൃഭൂമി: മെ വാര്‍ റെസ്റ്റ് ഇന്‍ പീസ്' (Maatrubhumi: May War Rest in Peace) എന്ന് മാറ്റുകയും തിരക്കഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. നിലവില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 14-ന് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

ചൈനയെക്കുറിച്ചുള്ള പരാമര്‍ശങ്ങളെല്ലാം സിനിമയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ആക്രമണം നടത്തിയ രാജ്യത്തിന്റെ പേര് പറയുന്നതിന് പകരം, ചൈനയെ സൂചിപ്പിക്കാന്‍ അവ്യക്തമായ മറ്റ് വാക്കുകള്‍ ഉപയോഗിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ചിത്രത്തിലെ സൈനിക ഏറ്റുമുട്ടല്‍ രംഗങ്ങള്‍ മാറ്റി മനുഷ്യബന്ധങ്ങള്‍ക്കും കുടുംബ പശ്ചാത്തലത്തിനും മുന്‍ഗണന നല്‍കുന്ന രീതിയില്‍ ചിത്രീകരിക്കാനും പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു.

തിരക്കഥ മാറ്റും, സെന്‍സര്‍ഷിപ്പില്ല; ഗല്‍വാന്‍ സംഘര്‍ഷം പറയുന്ന ചിത്രങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പൂട്ട്, ചൈനയെ സന്തോഷിപ്പിക്കാനെന്ന് വിമര്‍ശനം
'അസഭ്യം പറഞ്ഞു, കയ്യേറ്റശ്രമവും'; ടിനി ടോമിനെതിരെ നീന കുറുപ്പ്, ‘അമ്മ’യിൽ പരാതി

ചിത്രീകരണത്തിന് മുമ്പ് തിരക്കഥ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെയും, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും പ്രതിരോധ മന്ത്രാലയവും അനുമതികള്‍ നിഷേധിക്കുന്നതിലൂടെയും ഗല്‍വാന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരാതിരിക്കല്‍ മോദി സര്‍ക്കാര്‍ ഉറപ്പാക്കുകയാണ്. യാഥാര്‍ത്ഥ്യത്തില്‍ അയല്‍രാജ്യത്തെ പ്രീണിപ്പിക്കാന്‍ വെള്ളിത്തിരയിലൂടേയും രാജ്യം ശ്രമങ്ങള്‍ നടത്തുന്നതാണു കാണാന്‍ സാധിക്കുന്നത്.

English Summary: Six years after the Galwan Valley clash between Indian and Chinese forces in eastern Ladakh, reports suggest that film projects based on the conflict continue to face regulatory and approval challenges. Productions inspired by the events, including projects centered on soldiers involved in the clash, have reportedly undergone script revisions, delays, or postponements during review processes involving authorities. The discussion comes amid efforts to maintain stable diplomatic engagement between India and China.

Madism Digital
madismdigital.com