രാമായണത്തിലെ രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നു; ചിത്രം ബഹിഷ്‌കരിക്കാൻ ഹിന്ദു ജനജാഗൃതി സമിതി

രണ്ടാം ഭാഗത്തിന്റെ പ്രത്യേക പ്രദർശനം മതനേതാക്കൾക്കും രാമായണ പണ്ഡിതർക്കും മുന്നിൽ നടത്തണമെന്നും ആവശ്യം.
രാമായണത്തിലെ രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നു; ചിത്രം ബഹിഷ്‌കരിക്കാൻ ഹിന്ദു ജനജാഗൃതി സമിതി
Published on: 

'രാമായണ' സിനിമയിലൂടെ കമ്യൂണിസ്റ്റ് അജണ്ട പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് ഹിന്ദു ജനജാഗൃതി സമിതി. വാൽമീകി രാമായണത്തെ വളച്ചൊടിക്കുകയും രാവണനെ മഹത്വവൽക്കരിക്കുകയും ചെയ്യുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് സംഘടനയുടെ ആരോപണം. ഹിന്ദുക്കൾ ചിത്രം കാണരുതെന്ന് ആഹ്വാനം ചെയ്ത സമിതി, രണ്ടാം ഭാഗത്തിലും സമാനമായ രംഗങ്ങൾ ഉൾപ്പെടുത്തിയാൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.

ചിത്രത്തിലെ നിരവധി രംഗങ്ങൾ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് എച്ച്ജെഎസ് ഗോവ കോർഡിനേറ്റർ മനോജ് സൊളങ്കി പ്രസ്താവനയിൽ പറഞ്ഞു. സിനിമയുടെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തെ മുൻനിർത്തിയുള്ള സംവിധായകന്റെ വാദത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ഇതേ വിഷയത്തിൽ സംഘടനയുടെ പ്രതിനിധികൾ മുംബൈയിൽ വാർത്താസമ്മേളനവും നടത്തി.

രാമായണത്തിലെ രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നു; ചിത്രം ബഹിഷ്‌കരിക്കാൻ ഹിന്ദു ജനജാഗൃതി സമിതി
പൈപ്പ് ചോരുമ്പോള്‍ കടലിലേക്ക് നോക്കണോ?

രാമായണം ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിലെ സംഭവങ്ങളും കഥാപാത്രങ്ങളും അവതരിപ്പിക്കുമ്പോൾ യഥാർഥ ഇതിഹാസത്തോട് നീതി പുലർത്തണമെന്നും സൊളങ്കി പറഞ്ഞു. സിനിമയ്ക്ക് അനുമതി നൽകിയ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെയും അദ്ദേഹം വിമർശിച്ചു. മതപരമായ പ്രാധാന്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ പരിശോധിക്കുകയും പണ്ഡിതരുമായി കൂടിയാലോചിക്കുകയും വേണമെന്നാണ് സംഘടനയുടെ ആവശ്യം.

'മെസഞ്ചർ ഓഫ് ഗോഡ്', 'ദ ഡാവിഞ്ചി കോഡ്' തുടങ്ങിയ സിനിമകൾക്കെതിരെ നേരത്തെയുണ്ടായ പ്രതിഷേധങ്ങളും 'കമാൽ ധമാൽ മലാമാൽ' എന്ന ചിത്രത്തിലെ ഒരു രംഗത്തിനെതിരെ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുയർന്ന എതിർപ്പും സൊളങ്കി ചൂണ്ടിക്കാട്ടി. മറ്റ് മതവിഭാഗങ്ങളുടെ വികാരങ്ങൾക്ക് നൽകുന്ന പരിഗണന ഹിന്ദുക്കളുടെ കാര്യത്തിലും ഉണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

രാവണന്റെ കഥാപാത്രാവതരണമാണ് സംഘടന പ്രധാനമായും ചോദ്യം ചെയ്യുന്നത്. പീഡിപ്പിക്കപ്പെട്ടവരെ സംരക്ഷിക്കുകയും പാവപ്പെട്ടവർക്ക് സ്വർണം കൊണ്ടുള്ള വീടുകൾ നൽകുകയും ചെയ്യുന്ന ഭരണാധികാരിയായാണ് ചിത്രത്തിൽ രാവണനെ അവതരിപ്പിക്കുന്നതെന്നാണ് ആരോപണം. എന്നാൽ, മഹർഷിമാരെ ഉപദ്രവിക്കുകയും അവരുടെ ആശ്രമങ്ങൾ നശിപ്പിക്കുകയും ചെയ്ത അസുരരാജാവായാണ് വാൽമീകി രാമായണത്തിൽ രാവണനെ വിവരിക്കുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ അന്തസ്സിന് വേണ്ടി നിലകൊള്ളുന്ന വ്യക്തിയായും രാവണനെ സിനിമയിൽ അവതരിപ്പിക്കുന്നുവെന്നാണ് മറ്റൊരു വിമർശനം. സീതയെ തട്ടിക്കൊണ്ടുപോയ സംഭവവും സ്ത്രീകളോടുള്ള രാവണന്റെ സമീപനവും ഇതിന് വിരുദ്ധമാണെന്നും സംഘടന പറയുന്നു.

രാമായണത്തിലെ രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നു; ചിത്രം ബഹിഷ്‌കരിക്കാൻ ഹിന്ദു ജനജാഗൃതി സമിതി
രാമൻ വീണപ്പോൾ വാൾ എടുത്തവൾ; സീത ചിന്താവിഷ്ട മാത്രമല്ല

ശൂർപ്പണഖയുടെ രംഗങ്ങളിലും മാറ്റങ്ങൾ വരുത്തിയെന്നാണ് ആരോപണം. രാമനോട് വിവാഹാഭ്യർഥന നടത്തുന്നതിനിടെ ലക്ഷ്മണൻ അവളുടെ മൂക്ക് മുറിക്കുന്നതായാണ് ചിത്രത്തിൽ കാണിക്കുന്നതെന്ന് സമിതി പറയുന്നു. തുടർന്ന്, ഒരു സ്ത്രീയെ വികൃതമാക്കാൻ ലക്ഷ്മണന് അവകാശമില്ലെന്ന് സീത പറയുന്ന രംഗത്തെയും സംഘടന ചോദ്യം ചെയ്തു. ഖരനോടും ദൂഷണനോടും രാമൻ മാപ്പ് പറയുന്ന രംഗവും വാൽമീകി രാമായണത്തിൽ ഇല്ലാത്ത കൂട്ടിച്ചേർക്കലാണെന്നാണ് ആരോപണം.

യുദ്ധരംഗങ്ങളിലെ രാമന്റെയും ലക്ഷ്മണന്റെയും അവതരണത്തിലും സമിതിക്ക് എതിർപ്പുണ്ട്. ഖരൻ, ദൂഷണൻ എന്നിവരുടെയും അവരുടെ സൈന്യത്തിന്റെയും ആക്രമണത്തിൽ ഇരുവരും പിന്നോട്ടുപോകുന്നതായും താടകയുമായുള്ള പോരാട്ടത്തിൽ സമാനമായ സാഹചര്യം ഉണ്ടാകുന്നതായും സംഘടന ആരോപിച്ചു. ഭയമില്ലാത്ത പോരാളികളെന്ന പരമ്പരാഗത സങ്കൽപ്പത്തിന് വിരുദ്ധമാണ് ഇത്തരം രംഗങ്ങളെന്നാണ് വാദം.

ലക്ഷ്മണനെ അഹങ്കാരിയും പെട്ടെന്ന് ദേഷ്യപ്പെടുന്നയാളും പരിഹാസത്തോടെ സംസാരിക്കുന്നയാളുമായാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നും സംഘടന ആരോപിച്ചു. രാമനോടും വിശ്വാമിത്രൻ, അഗസ്ത്യൻ തുടങ്ങിയ മഹർഷിമാരോടും ലക്ഷ്മണൻ ഇത്തരത്തിൽ പെരുമാറുന്നതായി കാണിക്കുന്നത് കഥാപാത്രത്തിന്റെ യഥാർഥ സ്വഭാവത്തെ ഇല്ലാതാക്കുന്നുവെന്നാണ് സമിതിയുടെ നിലപാട്. ദിവ്യാസ്ത്രങ്ങളെക്കുറിച്ചുള്ള അറിവ് തേടി ലക്ഷ്മണൻ മഹർഷിമാരെ സമീപിക്കുന്ന രംഗത്തെയും അവർ ചോദ്യം ചെയ്തു. വാൽമീകി രാമായണത്തിൽ വിശ്വാമിത്രൻ രാമനും ലക്ഷ്മണനും ഒരുപോലെ 'ബല', 'അതിബല' വിദ്യകൾ പകർന്നുനൽകുന്നതായാണ് വിവരിക്കുന്നതെന്ന് സൊളങ്കി പറഞ്ഞു.

രാമായണത്തിലെ രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നു; ചിത്രം ബഹിഷ്‌കരിക്കാൻ ഹിന്ദു ജനജാഗൃതി സമിതി
വേരുകൾ തിരയുന്ന പടർപ്പുകൾ

സീതയുടെ കഥാപാത്രാവതരണത്തിലും വൈരുധ്യമുണ്ടെന്നാണ് സംഘടനയുടെ മറ്റൊരു ആരോപണം. സിനിമയിൽ അസുരന്മാരോട് പോരാടുന്ന സീത, രാവണൻ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ചെറുത്തുനിൽക്കാത്ത രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. സീതാസ്വയംവര രംഗത്തിൽ രാവണന്റെ സാന്നിധ്യം ഇല്ലാത്തതിനെയും അവർ ചോദ്യം ചെയ്തു. ശിവന്റെ വില്ല് ഉയർത്താൻ കഴിയാതെ രാവണൻ സ്വയംവരത്തിൽ പരാജയപ്പെട്ടിരുന്നുവെന്നാണ് വാൽമീകി രാമായണത്തെ അടിസ്ഥാനമാക്കി സംഘടന ഉന്നയിക്കുന്ന വാദം.

രണ്ടാം ഭാഗം റിലീസ് ചെയ്യുന്നതിന് മുൻപ് ഹിന്ദു മതനേതാക്കൾക്കും സന്യാസിമാർക്കും രാമായണ പണ്ഡിതർക്കും പ്രത്യേക പ്രദർശനം ഒരുക്കണമെന്നാണ് സൊളങ്കിയുടെ ആവശ്യം. ഭഗവാൻ രാമനെ അപമാനിക്കുന്ന തരത്തിലുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയെന്ന ആരോപണത്തിൽ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാം ഭാഗത്തിലും സമാനമായ വളച്ചൊടിക്കലുകൾ കണ്ടെത്തിയാൽ രാജ്യത്തുടനീളം തെരുവിലിറങ്ങി ശക്തമായി പ്രതിഷേധിക്കുമെന്ന് സൊളങ്കി മുന്നറിയിപ്പ് നൽകി.

രാമായണത്തിലെ രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നു; ചിത്രം ബഹിഷ്‌കരിക്കാൻ ഹിന്ദു ജനജാഗൃതി സമിതി
എഴുത്തച്ഛന്‍ കയറിയ മേതിലിയന്‍ യാത്ര

നിതേഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' എന്ന ചിത്രത്തിൽ രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയുമാണ് എത്തുന്നത്. രാവണനായി യാഷും ലക്ഷ്മണനായി രവി ദുബെയും വേഷമിടുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് സംഘടനയുടെ പ്രത്യേക പ്രദർശന ആവശ്യം ഉയർന്നിരിക്കുന്നത്.

Summary

The Hindu Janajagruti Samiti has accused Nitesh Tiwari's Ramayana film of promoting a communist agenda and distorting Valmiki's epic. The organisation has urged audiences to boycott the film and demanded a special screening of its second part for religious leaders and Ramayana scholars, warning of nationwide protests.