എഴുത്തച്ഛന്‍ കയറിയ മേതിലിയന്‍ യാത്ര

'മലയാളത്തിലെ രണ്ടു ഭാഷാ പിതാക്കന്‍മാര്‍..!!'
എഴുത്തച്ഛന്‍ കയറിയ മേതിലിയന്‍ യാത്ര
Published on: 

'എനിക്ക് ഒരു ഇലയുടെ ആത്മവിശ്വാസവും ഒരു ഉറുമ്പിന്റെ വിവേകവും മതി' എന്നെഴുതിയ മേതിലിന്റെ ആന്തരികയുക്തി പുരസ്കൃതമായിരിക്കുന്നു എന്നാണ് തീര്‍ച്ചയായും തോന്നിയത്. അവാര്‍ഡ് മത്സരങ്ങളിലേക്ക് താനില്ലെന്നും, സാഹിത്യം ഒരു സ്പോര്‍ട്സ് ഇനമല്ലെന്നും പറഞ്ഞ മേതിലിനെയാണ് നമുക്ക് കൂടുതല്‍ അറിയുക. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്കാരം മേതിലിലേക്ക് എത്തുമ്പോള്‍, അതിലെ സന്തോഷം മേതില്‍ പങ്കിടുന്നതാണ് ഞാന്‍ ശ്രദ്ധിച്ചത്.

പ്രസ്തുത പുരസ്കാരം മത്സരങ്ങളില്ലാത്ത ഒരു പരമാവധി ആവിഷ്കാരവും ആദരവുമാണെന്ന് എഴുത്തുകാരന്‍ തിരിച്ചറിയുന്നുണ്ടാകും.. ഒപ്പം ഭാഷാപിതാവിനോടുളള തനിക്കുളള ആദരവും അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമാണ്. ഒരു പക്ഷേ എഴുത്തച്ഛനേയും ഒ വി വിജയനേയുമാണ് മേതില്‍ ഏറ്റവും ആദരിച്ചിട്ടുളളത് എന്ന് ഇപ്പോള്‍ തോന്നുന്നു..! മാത്രമല്ല, എഴുത്തച്ഛനിലെ ആധുനികതയെക്കുറിച്ച് പറയുന്ന എഴുത്തുകാരന്‍ കൂടിയാണല്ലോ മേതില്‍..!

മേതിലിന് എണ്‍പതു വയസ്സു പൂര്‍ത്തിയായ ഘട്ടത്തില്‍ എഴുതിയ ലേഘനം പുന:സന്ദര്‍ശിക്കുക കൂടിയായിരുന്നു ഈ സന്ദര്‍ഭത്തില്‍ ഞാന്‍. 'ഭാഷയുടെയും ഭാവുകത്വത്തിന്റെയും റൂബിക്സ് ക്യൂബ്' എന്ന പേരില്‍ എഴുതിയ ലേഖനത്തിന്റെ കാതലായ ഘടകങ്ങളൊന്നും പൊതുവില്‍ മാറുന്നില്ല എന്നതാണ് വാസ്തവം. മാത്രമല്ല, എപ്പോഴും ബാഹ്യവയസ്സിനെ അഥവാ ഭൗതികപ്രായത്തെ തന്റെ ആന്തരികയുവത്വം കൊണ്ടും നിത്യമായ സ്വയംനവീകരണം കൊണ്ടും പ്രതിരോധിക്കുന്ന ഒരു എഴുത്തുകാരനെ സംബന്ധിച്ച് അയാളിലെ 'വാര്‍ഷികവലയങ്ങള്‍' വെറും കലാവൃത്തങ്ങള്‍ മാത്രമേ ആകുന്നുള്ളൂ എന്നതാണ് വാസ്തവം.

എഴുത്തച്ഛന്‍ കയറിയ മേതിലിയന്‍ യാത്ര
ഓര്‍മയുടെ വീടുകളില്‍ നിന്ന് ശരീരത്തിന്റെ ഭാഷയിലേക്ക്

മേതിലെഴുത്ത് എന്തെല്ലാമാണെന്നും എന്തിനെക്കുറിച്ചെല്ലാമാണെന്നും നിര്‍വ്വചിക്കുക ഏറെ പ്രയാസകരമായ ഒരു കാര്യവുമാണ്. അതുകൊണ്ട് തന്നെ അത് ഭിന്ന കാലങ്ങളില്‍ ഭിന്ന രൂപങ്ങളില്‍ നിരന്തരം പുതു 'ദര്‍ശനങ്ങള്‍' നല്‍കുന്ന ഒരു സ്ഥിരം വിചിത്രദര്‍ശിനിയായി നിലകൊള്ളുകയാണെന്നും ചുരുക്കി പറയാം. 'വിചിത്രദര്‍ശിനി’ എന്ന പേരില്‍ ‍ബാലചന്ദ്രന്‍ ചുളളിക്കാട് ആദരപൂര്‍വ്വം എഴുതിയിട്ടുളള (2013) കവിതയുടെ കാതലും മറ്റൊന്നല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് (1996 ജൂണ്‍) അദ്ദേഹത്തിന്റെ 'മെലിഞ്ഞവരുടെ മന:ശാസ്ത്രം' എന്ന കഥയെക്കുറിച്ച് എഴുതുമ്പോള്‍, 'നമുക്ക് പരിചിതങ്ങളായ കഥകള്‍ക്ക് അവധി നല്‍കുന്ന പുതിയ കഥകളിലൂടെ വായനക്കാരുടെ ചിന്താലോകങ്ങളില്‍ മേതില്‍ പ്രശ്നക്കളങ്ങള്‍ കോറിയിടുന്നുണ്ട്' എന്നും 'ഇപ്രകാരം മേതില്‍ക്കഥകള്‍, നമ്മുടെ ചെറുകഥയുടെ വളര്‍ച്ചയെ സമസ്യകളില്‍ നിന്ന് സമസ്യകളിലേക്കുളള വളര്‍ച്ചകൂടിയാക്കി മാറ്റുന്നുണ്ടെ'ന്നും ഞാന്‍ 'സ്വകാര്യതയുടെ വിരുന്ന്'എന്ന് ശീര്‍ഷകം നല്‍കിയ ലേഖനത്തില്‍ എഴുതിയിരുന്നു.!

മറ്റുളളവരുടെ സ്വകാര്യത എന്ന നിലയില്‍ വര്‍ത്തമാന പത്രവും, സ്വന്തം സ്വകാര്യത എന്ന നിലയില്‍ വീടും പ്രത്യക്ഷമാകുന്ന-അതിനിടയിലെ സംഘര്‍ഷം സൂക്ഷ്മമായി അനാവരണം ചെയ്യപ്പെടുന്ന- അത്യപൂര്‍വ്വമായ ഒരു ആവിഷ്കാരം കൂടിയായിരുന്നു പ്രസ്തുത കഥ. 'ഡിലൻ തോമസിന്റെ പന്തി'ല്‍ 'അന്നു കളിക്കുമ്പോൾ മുകളിലേക്കെറിഞ്ഞ പന്ത് ഇനിയും താഴെ വീണിട്ടില്ല' എന്ന താക്കോല്‍ വാചകം പോലെ, മേതില്‍ എഴുതുമ്പോള്‍ മുകളിലേക്കെറിഞ്ഞ പ്രമേയങ്ങളും രൂപകങ്ങളും പലതും ഇനിയും ഭാഷയിലും സാഹിത്യത്തിലും പൂര്‍ണ്ണമായി‍ തിരിച്ചെത്തിയിട്ടില്ല എന്ന അവസ്ഥയുണ്ട് എന്ന് പറയുമ്പോള്‍, എഴുത്തുകാരന്റെ പ്രമേയ ലോകം ചിറകുവിടര്‍ത്തിയ ആകാശങ്ങളിലേക്ക് ഇനിയും നമ്മുടെ ചിന്തയുടേയും വായനയുടേയും പര്യവേഷണ പേടകങ്ങള്‍ പറക്കേണ്ടിയിരിക്കുന്നു എന്നു മാത്രമാണ് ലളിതമായ അര്‍ഥം..!

1944 ല്‍ ജനിച്ച മേതില്‍, തൊഴില്‍പരമായി കമ്പ്യൂട്ടര്‍ ഡാറ്റാ അനലിസ്റ്റായാണ് ഏറെക്കാലം ജോലി ചെയ്തത് എങ്കിലും, അതിനു മുമ്പുതന്നെ അഥവാ 1970ല്‍ തന്നെ, എഴുത്തുകാരന്റെ വിഭിന്നമായ അഭിരുചിയുടെയും അറിവിന്റെയും പ്രകാശനം വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ 'സൂര്യവംശം' എന്ന നോവല്‍ പുറത്ത് വന്നിരുന്നു. തുടര്‍ന്ന് ബ്രാ, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി പോലുളള രചനകള്‍ കൂടി കഴിഞ്ഞാണ് മേതില്‍, രണ്ടു പതിറ്റാണ്ടോളം നീണ്ട പൂര്‍ണ മൗനത്തില്‍ ആകുന്നത്. പ്രത്യക്ഷത്തില്‍ വൈരുധ്യങ്ങളുടെ ഒരു സമാഹാരമായി തോന്നാവുന്ന മേതില്‍ജീവിതം, സാഹിത്യ ബോധത്തേക്കാള്‍ ശാസ്ത്രബോധം കൊണ്ടാണ് സമന്വയിക്കപ്പെട്ടിരിക്കുന്നത് എന്നത് ഒന്നു ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും!

1968 ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടുന്ന ഒരാള്‍, തുടര്‍ന്ന എട്ടു വര്‍ഷത്തോളം ഒരു ഫ്രീലാന്റ് ജേണലിസ്റ്റ് ആയി ജോലിചെയ്ത്, പ്രാണികളുടെ വ്യവഹാരങ്ങളെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചും (Insect Ethology) ഗവേഷണം ചെയ്തുകൊണ്ടിരുന്നു എന്നതില്‍ തന്നെ ഈ സവിശേഷത പ്രകടമാണെന്നു പറയാം. മാനവബുദ്ധിയുടെ പരമാവധികളെയും അതിന്റെ ആവിഷ്കാരങ്ങളെയും (ഇപ്പോള്‍ നിര്‍മ്മിത ബുദ്ധിയും) നിരന്തരം തിരിച്ചറിയാന്‍ ശ്രമിച്ചുകൊണ്ട്, എപ്പോഴും മേതില്‍ ഭാവികാലത്തില്‍ മാത്രം സഞ്ചരിച്ചുകൊണ്ടിരുന്നു എന്നും പറയാം. നമ്മുടെ ഭാഷയുടെയും ഭാവുകത്വത്തിന്റെയും ചിന്തയുടെയും ഒരു വേറിട്ട സമയ-യന്ത്രമായും(ടൈം മെഷീന്‍) മാപിനിയായും പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ, അയാള്‍ എപ്പോഴും ഭൂമിയില്‍ മാത്രം സ്വന്തം കാലുകള്‍ ഉറപ്പിക്കുകയും, തനിക്കു പ്രത്യേക വരദാനമായി ലഭിച്ച സവിശേഷഗ്രാഹികള്‍ കൊണ്ട്, പ്രകൃതിയെ സൂക്ഷ്മമായും നിരന്തരമായും അടയാളപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്തു. അങ്ങനെ 'ഭൂമിയെയും മരണത്തേയും കുറിച്ച് ' എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്ന, അവയെ പുനര്‍നിര്‍വ്വചിച്ചുകൊണ്ടിരിക്കുന്ന ഒരു കലാകാരനായും 'ശാസ്ത്രജ്ഞ'നായും മേതില്‍ നമ്മുടെ ഭാഷായിടങ്ങളെ-കഥ, കവിത, നോവല്‍, ലേഖനം, കോളം എന്നിവയെയെല്ലാം- അനുസ്യൂതം പ്രകമ്പിതമാക്കിക്കൊണ്ടിരുന്നുവെന്ന് പറയാം.

എഴുത്തച്ഛന്‍ കയറിയ മേതിലിയന്‍ യാത്ര
ആത്രേയകം: രാഷ്ട്രീയ ജാഗ്രതയുടെ ജൈവഭൂമിക

മേതില്‍ ജനിച്ച അതേ വര്‍ഷം ജനിച്ച ഹംഗേറിയക്കാരനായ ഏര്‍ണോ റൂബിക്സ് ആണ് 1974 ല്‍ റൂബിക്സ് ക്യൂബ് (Rubik’s Cube) കണ്ടുപിടിക്കുന്നത്. അതേസമയം തന്നെ നമ്മുടെ ഭാഷയുടെയും ഭാവുകത്വത്തിന്റെയും ഒരു ‘അനന്യ റൂബിക്സ് ക്യൂബ്’ ആയി മേതിലെഴുത്ത് പരിണമിച്ചു കഴിഞ്ഞിരുന്നു എന്ന ഒരു കൗതുകകരമായ ചിന്ത ഇപ്പോള്‍ മനസ്സിലെത്തുന്നു..! അതിന് ഒരു പ്രമുഖ ഉദാഹരണം 'സൂര്യവംശം' എന്ന ആദ്യ നോവല്‍ തന്നെയാണ്. നമ്മള്‍ സൂര്യവംശം പോലെയൊരു നോവൽ വായിക്കുന്നത്, അതിലെ പരീക്ഷണാത്മകത മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ മാനസികമായി തയ്യാറെടുത്തു കൂടിയാകേണ്ടതുണ്ട്. ഒരര്‍ഥത്തില്‍ മേതിൽ നോവലുകളെല്ലാം വലിയ പരീക്ഷണരചനകള്‍ കൂടിയാണല്ലോ- ഇത്തരം നിര്‍ദ്ദാക്ഷിണ്യ പരീക്ഷണങ്ങളിലേക്ക് പാകപ്പെടാനുളള നമ്മുടെ ബോധപരവും ജ്ഞാനപരവുമായ തയ്യാറെടുപ്പുകള്‍ കൂടി പ്രധാനമാകുന്നുണ്ടെന്ന് സാരം. സൂര്യവംശം പല അടരുകളുളള കവിത പോലെ സ്വയം ഒരു ക്രൈെം ഡ്രാമയായി പരിണമിക്കുമ്പോള്‍, മറ്റു രചനകളിലും, പ്രതീകങ്ങളുടെയും അക്ഷരങ്ങളുടെയും അസാധാരണമായ വിന്യാസങ്ങള്‍ തുടര്‍ച്ചയായി കാണാനാകുന്നു. ഒപ്പം, മേതില്‍, റൂബിക്സ് ക്യൂബിന്റെ സാധ്യതകള്‍ തന്റെ രചനാജീവിതത്തിലും പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്ന ഒരു വിദൂര ഓര്‍മ കൂടി എന്നില്‍ ദൃഢമായിരുന്നു; ഏതു രചനയില്‍ എന്ന് പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും! പിന്നീട് മേതിലുമായുളള വിനിമയം തന്നെ അതിന് പരിഹാരമായത് സന്തോഷകരമായ ഓര്‍മയാണ്.

അദ്ദേഹത്തിന്റെ 'ജൂലൈ ആഗസ്റ്റ് സെപ്തംബര് '‍ എന്ന കഥയുടെ കേന്ദ്രപ്രമേയത്തില്‍ ഒരു റൂബിക്സ് ക്യൂബും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വസ്തുത, എന്റെ മേതിലിയന്‍ വായനക്ക് ഒരു നവോന്മേഷം തന്നെ പകര്‍ന്ന കാര്യം ഇവിടെ എടുത്തു പറയട്ടെ. മേതിലില്‍, സമാന്തരമായി ഒരു യന്ത്രചേതസ്സ് കൂടി-‍ ഒരു മൈക്രോപ്രൊസസ്സര്‍ അഥവാ സൂക്ഷാപഗ്രഥനിയും കമ്പ്യൂട്ടര്‍ ലിപിയായ ബൈനറി സമ്പ്രദായവും ചേര്‍ന്നുളള ഒരു എഴുത്തുപദ്ധതി കൂടി- പ്രവര്‍ത്തിക്കുന്നതായി ഈ രചനകള്‍ പറയാതെ പറയുന്നില്ലേ..?! പ്രതീകങ്ങളെയും ബിംബങ്ങളെയും ഡീകോഡ് ചെയ്യുന്ന ഒരു വായനാ പദ്ധതി കൂടി ആ രചനകള്‍ നിരന്തരം കാംക്ഷിക്കുന്നുണ്ട് എന്നര്‍ഥം. ഈ 'സംഗണനീ' ഭാഷ (കമ്പ്യൂട്ടര്‍ ലാംഗ്വേജ്) ചടുലമായി നിലകൊള്ളുമ്പോള്‍ തന്നെയാണ്, മറുപുറമായി അയാള്‍ ജൈവഭാഷയുടെ ഒരു നവലോകവും സൃഷ്ടിക്കുക- അത് 'എങ്ങനെ ഒരു പഴുതാരയെ കൊല്ലാം' എന്ന കഥയുടെ ഭാഷപോലെ, പഴുതാരാ പാദങ്ങളുടെ(പദങ്ങളുടെ) ബഹുത്വം കൈവരിക്കുന്നതും ഒപ്പം നാം കാണുന്നുണ്ട്.

പഴുതാരയുടെ ശരീരം പോലെ നിരവധി സൂക്ഷ്മാംശങ്ങളുളള ഒന്നായി മേതിലിന്റെ ഭാഷാശരീരം പരിണമിക്കുന്ന സവിശേഷമൂഹൂര്‍ത്തങ്ങള്‍ നിരവധിയാണെന്ന യാഥാര്‍ഥ്യവും വിസ്മരിക്കാനാകില്ല. 'സ്ഥലത്തിന്റെ വ്യാകരണത്തോടിടയുന്ന നൂറു കോമകൾ' ആയി മേതില്‍ പഴുതാരയുടെ കാഴ്ച-അവയുടെ പാദങ്ങളിലൂന്നി അവതരിപ്പിക്കുമ്പോള്‍ മാത്രമല്ല, സ്പര്‍ശമില്ലാത്ത ഇടങ്ങള്‍ വെറും ഉപരിതലങ്ങള്‍ മാത്രമാകുന്നുവെന്ന്, കോവിഡ് നല്‍കിയ അസ്പൃശ്യതയെ മേതില്‍ നിര്‍വ്വചിക്കുമ്പോഴും, ഇപ്രകാരം മേതിലിന്റെ ഭാഷ, പ്രാണിലോകത്തെില്‍ മാത്രം-ജൈവലോകത്തില്‍ മാത്രം- മുഴുകുകയാണ് വാസ്തവത്തില്‍. സൂക്ഷ്മാര്‍ഥത്തില്‍ ഈ വിധം ‍ജൈവ-യന്ത്ര ചിന്തകളുടെ/ഭാഷകളുടെ വിപരീത സമന്വയമായിക്കൂടിയായാണ്, 'മേതില്‍ മിന്നല്‍'‍ നമ്മുടെ ഭാഷയില്‍ പുതിയ ഭാഷാപിതാവോ ഒരു രണ്ടാം എഴുത്തച്ഛനോ ആകുന്നത്..!

അതേസമയം, സാഹിത്യത്തിനപ്പുറം മേതില്‍ രചിച്ച 'ദൈവം മനുഷ്യൻ യന്ത്രം' എന്ന പുസ്തകം (1999) ജൈവമനുഷ്യന്റെയും നിര്‍മ്മിത(ബുദ്ധി)മനുഷ്യന്റെയും സംഘര്‍ഷാത്മക സത്യങ്ങള്‍ വിശകലനം ചെയ്യുകയാണ്. ഒരു പക്ഷേ, ഫിക്ഷനില്‍-മധുരംഗായതിയില്‍ (1990)- ഒ വി വിജയന്‍ ഉന്നയിച്ച സര്‍ഗാത്മക ഉത്കണ്ഠകളുടെയും 'യന്ത്രിമ' എന്ന സങ്കല്പനത്തിലെ വിരാമമില്ലാത്ത ആധിയുടെയും, പേശീബലമുളള ഒരു തുടര്‍ച്ചയും അര്‍ഥപൂര്‍ണ്ണമായ ശാസ്ത്രീയാപഗ്രഥനവും, 'ദൈവം മനുഷ്യൻ യന്ത്രം' എന്ന രചനയില്‍ ആഴത്തില്‍ കാണാമെന്നത് ശ്രദ്ധേയമാണ്. നിര്‍മ്മിത ബുദ്ധിയുടെ സ്വാഭാവികവും നൂതനവുമായ വികാസമായി, അവയില്‍ ജൈവസ്പന്ദങ്ങള് കൂടി‍ സാധ്യമായാല്‍,‍ മാനവകുലം എത്തിപ്പെടുന്ന സങ്കീര്‍ണ്ണസ്ഥലികളെക്കുറിച്ചുളള ഗൗരവമുളള വിശകലനം ഒരര്‍ഥത്തില്‍, മേതില്‍ അതില്‍ നേരത്തേ തന്നെ അടയാളപ്പെടുത്തുകയായിരുന്നു.ഈ ശാസ്ത്രപുസ്തകത്തിന്റെ ജൈവിക തുടര്‍ച്ച പോലെയാണ് പിന്നീട്, കോവിഡ് സംത്രാസങ്ങളും ആകാംക്ഷകളും മേതിലിനെ ഗ്രസിക്കുന്നതും. തന്റെ അറിവില്‍ ലോകത്തെ ആകെ ബാധിച്ച ഏക/ആദ്യ വലിയ പ്രശ്നം കോവിഡ് മാത്രമാണെന്ന് അക്കാലത്തെ ഫോണ്‍ ഭാഷണങ്ങളില്‍ മേതില്‍ തുടര്‍ച്ചായായി ഓര്‍മിപ്പിച്ചിരുന്നു. 'കോവിഡ് 19’ എന്ന പേരില്‍ തന്നെ ഒരു വെബ്സൈറ്റ് അദ്ദേഹം രൂപപ്പെടുത്തുകയും ഏവർക്കും വിവരങ്ങൾ പങ്കുവയ്ക്കാവുന്ന സോഷ്യൽ നെറ്റ് വർക്കിങ്ങ്‌ പ്ലാറ്റ്‌ഫോമായി അതിനെ വികസിപ്പിക്കുകയും ചെയ്തിരുന്നു. വൈറസിന്റെ മുന്നേറ്റവുമായി ബന്ധപ്പെട്ട്, പ്ലാൻ ബിയും സിയും പോയിട്ട് വൈറസിന്റെ പ്ലാൻ എ പോലും ശരിക്കും നമുക്കറിയില്ല എന്ന് മേതില്‍ ആശങ്കാപൂര്‍വ്വം അക്കാലത്ത് പറഞ്ഞതോര്‍ക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍, ശാസ്ത്രം എപ്പോഴും സാഹിത്യത്തിന് മുകളില്‍ നില്‍ക്കുന്നു എന്ന മേതിലിയന്‍ വാദം നമ്മള്‍ അനുവദിച്ചു കൊടുക്കേണ്ടിവരും എന്നതില്‍ സന്ദേഹമില്ല.

എഴുത്തച്ഛന്‍ കയറിയ മേതിലിയന്‍ യാത്ര
കഥകൊണ്ടും ജീവിതംകൊണ്ടും പുനത്തിൽ

'വിവരിക്കാൻ പുതിയപുതിയ വാക്കുകൾ വേണം. പുതിയ പുതിയ അർത്ഥങ്ങളും സൗന്ദര്യങ്ങളുമുള്ള പുതിയ പുതിയ വാക്കുകൾ. കർക്കടക മഴയത്ത് മേശപ്പുറത്ത് തുറന്നുകിടന്ന് നിറവും വീര്യവും നഷ്ടപ്പെട്ട സിഗരറ്റുകൾ പോലെയുള്ള വാക്കുകൾകൊണ്ട് എന്തു പ്രയോജനം?” (സൂര്യവംശം) എന്ന മേതില്‍ ചിന്തയുടെ തുടര്‍ച്ചയും ബാക്കിപത്രവും കൂടിയാണ്, ഉറപൊഴിക്കുന്ന ഒരു ഭാഷ മാത്രം സൃഷ്ടിക്കുന്നതില്‍ എഴുത്തുകാരന്‍ പുലര്‍ത്തുന്ന ജാഗ്രത എന്നു തോന്നുന്നു. മേതിലിന്റെ എഴുത്തില്‍ സിനിമയും സംഗീതവും പുലര്‍ത്തുന്ന സ്വാധീനം പ്രത്യേകം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 'മലയാളസാഹിത്യത്തിന്റെ ഭാണ്ഡക്കെട്ടുകളൊന്നും പേറാതെ എന്നാൽ എന്നും തന്റെ എഴുത്തിലെ വലിവും വടിവും കരുത്തുംതീവ്രതയും സൂക്ഷിച്ച മറ്റൊരു എഴുത്തുകാരനില്ല എന്ന് സി എസ് വെങ്കിടേശ്വരന്‍ എഴുതിയത് പ്രത്യേകം ഓര്‍ക്കുന്നു. ഉള്ളതും നിലനിൽക്കുന്നതുമായ ഒരു വായനാസമൂഹത്തെയല്ല മേതിലെഴുത്ത് തേടിയത്. സ്വച്ഛന്ദമായ ആ എഴുത്തിന് അതിന്റെതന്നെ സ്വന്തംവായനക്കാരെ സൃഷ്ടിക്കണമായിരുന്നു. മലയാളത്തിൽ അത്തരം ഒരു വായനാസമൂഹത്തെ മേതിലെഴുത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. നവനവോന്മേഷശാലിയായ ഈ ആവാസവ്യവസ്ഥയിൽ സംഗീതവും സിനിമയും ശാസ്ത്രവിജ്ഞാനീയവും സ്വപ്നദർശനങ്ങളും പരിസ്ഥിതിബോധവും (സാഹിത്യവും) എല്ലാം കടന്നുവന്നു കൊണ്ടിരുന്നു.

തുടർച്ചയേക്കാളധികം ഇടർച്ചകളാണ് മേതിലെഴുത്തിനെ സവിശേഷമാക്കുന്നത്. ഇടര്‍ച്ചകളിലെ തുടര്‍ച്ചകള്‍ എന്നതില്‍ മേതില്‍ എപ്പോഴും അര്‍ഥസാഗരം തന്നെ സൃഷ്ടിച്ചു. ഒടുവില്‍, ആളുകള്‍, ഹെലിക്കോപ്റ്ററിലോ വിമാനത്തിലോ സഞ്ചരിക്കുമ്പോള്‍, പണ്ട് മുത്തച്ഛന്‍ ഉപയോഗിച്ചിരുന്ന സൈക്കിളിനോട് പുലര്‍ത്തുന്ന ഒരു ഓര്‍മയും സ്നേഹവും കൂടിയാണ് അതെന്ന് പറഞ്ഞുകൊണ്ട്, അദ്ദേഹം അല്പം ദീര്‍ഘമായി ചിരിച്ചുകൊണ്ട്, ഒരു ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത് ഓര്‍ക്കുന്നു. വാസ്തവത്തില്‍ ആ 'സൈക്കിള്‍‍ച്ചിറകുകള്‍' വെച്ച് മേതില്‍ പറന്ന ലോകങ്ങള്‍ കണ്ടെത്താനും‍ തിരിച്ചറിയാനനും‍ നമുക്ക് എത്ര 'പ്രകാശവര്‍ഷങ്ങള്‍/ദൂരങ്ങള്‍' സഞ്ചരിക്കേണ്ടി വരും എന്നു മാത്രം ഉളളില്‍ ചിന്തിക്കുന്നു. എഴുത്തച്ഛന്‍ കയറിയ മേതില്‍ യാത്രകള്‍ കൂടിയാണവ എന്നത്, അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുന്നു. ഒരര്‍ഥത്തില്‍ മലയാളത്തിലെ രണ്ടു ഭാഷാ പിതാക്കന്‍മാര്‍..!!