തമിഴ്നാടിന്റെ ഔദ്യോഗിക നയമായി 'ബിഗില്‍' ആന്തം, സ്ത്രീ സുരക്ഷയ്ക്കായി വിജയ്‌യുടെ 'സിംഗപ്പെണ്‍' ഫോഴ്‌സ്

സ്ത്രീശക്തിയെ വാഴ്ത്തിക്കൊണ്ട് എ.ആര്‍ റഹ്‌മാന്‍ ഈണം നല്‍കിയ ഈ ഗാനം ഒരു സാംസ്‌കാരിക തരംഗമായി മാറുകയും സ്ത്രീ ശാക്തീകരണമെന്ന ലേബലില്‍ പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തു
തമിഴ്നാടിന്റെ ഔദ്യോഗിക നയമായി 'ബിഗില്‍' ആന്തം, സ്ത്രീ സുരക്ഷയ്ക്കായി വിജയ്‌യുടെ 'സിംഗപ്പെണ്‍' ഫോഴ്‌സ്
Published on

ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സ്ത്രീകള്‍ക്ക് എല്ലാ തടസ്സങ്ങളും മറികടക്കാന്‍ പ്രചോദനം നല്‍കുന്ന ഒരു ഫുട്‌ബോള്‍ പരിശീലകനായി വിജയ് തിരശ്ശീലയില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ന്, തമിഴ്നാട് മുഖ്യമന്ത്രിയെന്ന നിലയില്‍ ആ സന്ദേശത്തെ ഒരു പൊതുജന നയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അദ്ദേഹം. വിജയ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദ്യ പ്രധാന പദ്ധതികളിലൊന്നാണു സിംഗപ്പെണ്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (Singappenn Special Task Force). സംസ്ഥാനത്തുടനീളമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോഴ്‌സ് രൂപീകരിച്ചത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടന്‍ വിജയ് ഒപ്പിട്ട ആദ്യ ഉത്തരവുകളില്‍ ഒന്നായിരുന്നു സേനയുടെ രൂപീകരണം.

എന്താണ് സിംഗപ്പെണ്‍ ടാസ്‌ക് ഫോഴ്‌സ്?

ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഐജിപി) കെ. ഭവാനീശ്വരിയായിരിക്കും ഈ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേതൃത്വം നല്‍കുക. കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തുക, പൊതുസ്ഥലങ്ങളില്‍ പൊലീസിന്റെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുക, പരാതികളില്‍ ഉടനടി നടപടിയെടുക്കുക, തമിഴ്നാട്ടിലുടനീളം ബോധവല്‍ക്കരണ പരിപാടികള്‍ ഏകോപിപ്പിക്കുക എന്നിവയാണ് 'സിംഗപ്പെണ്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ' ചുമതലകള്‍. ഗതാഗത കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ സ്ത്രീകള്‍ സജീവമായി എത്തുന്ന സ്ഥലങ്ങളില്‍ പ്രത്യേക നിരീക്ഷണം നടത്തി, കുറ്റകൃത്യങ്ങള്‍ തടയുന്നതിനാണ് ഈ സേന മുന്‍ഗണന നല്‍കുന്നത്.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി മെയ് അവസാന വാരത്തില്‍ സൈബര്‍ ക്രൈം വിംഗില്‍ നിന്നുള്ള രണ്ടുപേര്‍ ഉള്‍പ്പെടെ 18 സബ് ഇന്‍സ്‌പെക്ടര്‍മാരെ 'ഓണ്‍ ഡ്യൂട്ടി' അടിസ്ഥാനത്തില്‍ ഈ സേനയിലേക്ക് നിയോഗിച്ചുകൊണ്ട് പൊലീസ് ആസ്ഥാനത്ത് നിന്ന് ഉത്തരവിറങ്ങിയിട്ടുണ്ട്. ഡിജിപി ഓഫീസിലെ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, വടപളനി പൊലീസ് സ്റ്റേഷനിലെ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍, ഗ്രേറ്റര്‍ ചെന്നൈ പൊലീസിന്റെ ഇന്റലിജന്‍സ് വിംഗില്‍ നിന്നുള്ള ഒരു ഗ്രേഡ്-1 കോണ്‍സ്റ്റബിള്‍ എന്നിവരും സേനയില്‍ ഉള്‍പ്പെടുന്നു. ബാക്കിയുള്ള ഉദ്യോഗസ്ഥരെ ആവഡി, വീരപുരം, കോവൈപുതൂര്‍, ഉളുന്ദൂര്‍പ്പേട്ട, സേവൂര്‍ എന്നിവിടങ്ങളിലെ തമിഴ്നാട് സ്‌പെഷ്യല്‍ പൊലീസ് ബറ്റാലിയനുകളില്‍ നിന്നാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

തമിഴ്നാടിന്റെ ഔദ്യോഗിക നയമായി 'ബിഗില്‍' ആന്തം, സ്ത്രീ സുരക്ഷയ്ക്കായി വിജയ്‌യുടെ 'സിംഗപ്പെണ്‍' ഫോഴ്‌സ്
ഹെലികോപ്റ്റര്‍ തകര്‍ത്തതിന് യുഎസിന്റെ തിരിച്ചടി, ഇറാനില്‍ വ്യോമാക്രമണം, സമാധാന ചര്‍ച്ചകള്‍ തകിടം മറിഞ്ഞു

സിനിമയും രാഷ്ട്രീയവും കൈകോര്‍ക്കുമ്പോള്‍

ഈ പദ്ധതിയുടെ സവിശേഷതകള്‍ക്കപ്പുറം ഇതിന്റെ പേരാണ് ഇപ്പോള്‍ പൊതുജന ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്. വനിതാ ഫുട്‌ബോളിനെയും സ്ത്രീ ശാക്തീകരണത്തെയും പ്രമേയമാക്കി 2019-ല്‍ ആറ്റ്‌ലി സംവിധാനയം ചെയ്ത് വിജയ് നായകനായ 'ബിഗില്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ പ്രശസ്തമായ ഗാനമായിരുന്നു 'സിംഗപ്പെണ്ണേ'. സ്ത്രീശക്തിയെ വാഴ്ത്തിക്കൊണ്ട് എ.ആര്‍ റഹ്‌മാന്‍ ഈണം നല്‍കിയ ഈ ഗാനം ഒരു സാംസ്‌കാരിക തരംഗമായി മാറുകയും സ്ത്രീ ശാക്തീകരണമെന്ന ലേബലില്‍ പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തു. സിനിമയില്‍ വിജയ്യുടെ കഥാപാത്രം, എല്ലാത്തരം സ്റ്റീരിയോടൈപ്പുകളെയും വെല്ലുവിളിക്കാനും സ്വയം വിശ്വസിക്കാനും ഒരു കൂട്ടം പെണ്‍കുട്ടികളെ പ്രചോദിപ്പിക്കുന്നുണ്ട്.

ഇപ്പോള്‍, അതേ വാക്ക് ഭരണകൂടത്തിലും ഉയര്‍ന്നുവന്നിരിക്കുകയാണ്. വിജയ്യുടെ ആരാധകരെയും അണികളെയും സംബന്ധിച്ചിടത്തോളം ഇതിലെ പ്രതീകാത്മകത വളരെ വലുതാണ്. ഒരുകാലത്ത് സിനിമയിലൂടെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിച്ച നടന്‍-രാഷ്ട്രീയക്കാരന്‍, ഇന്ന് അതേ സന്ദേശം ഒരു സര്‍ക്കാര്‍ പദ്ധതിയിലേക്ക് കൂട്ടിച്ചേര്‍ത്തിരിക്കുന്നു. സിനിമയില്‍ നിന്നും ആശയം ഉള്‍ക്കൊണ്ട് ഒരു പദ്ധതി രാഷ്ട്രീയത്തില്‍ നടപ്പാക്കുന്നത് തമിഴ്‌നാട്ടില്‍ ഒരുപക്ഷെ അപൂര്‍വമായിരിക്കും.

വിമര്‍ശനങ്ങളും പ്രതീക്ഷകളും

അതേസമയം, പുതിയ സേനയ്ക്ക് ആവശ്യത്തിന് ആളബലമുണ്ടോ എന്നും സംസ്ഥാന പൊലീസില്‍ നിലവിലുള്ള വനിതാ സുരക്ഷാ വിഭാഗങ്ങളുടെ അതേ ചുമതലകള്‍ തന്നെയാണ് ഈ സേനയും ചെയ്യുന്നതെന്നും വിമര്‍ശകര്‍ ഉന്നയിക്കുന്നുണ്ട്. പദ്ധതിയുടെ വിജയം വെറും ബ്രാന്‍ഡിംഗിലല്ല, മറിച്ച് അത് എത്രത്തോളം ഫലപ്രദമായി നടപ്പിലാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നാണ് മറ്റ് ചില നിരീക്ഷകരുടെ വാദം.

തമിഴ്നാടിന്റെ ഔദ്യോഗിക നയമായി 'ബിഗില്‍' ആന്തം, സ്ത്രീ സുരക്ഷയ്ക്കായി വിജയ്‌യുടെ 'സിംഗപ്പെണ്‍' ഫോഴ്‌സ്
തമിഴ് ഗ്രാമീണതയാൽ വെള്ളിത്തിര നിറച്ച സംവിധായകൻ, ഹിറ്റുകളും താരങ്ങളും പിറന്ന സിനിമാക്കാലം; തേനിക്കാരൻ ചിന്നസ്വാമി ഭാരതിരാജയായ കഥ !

എന്നിരുന്നാലും, ഈ ചര്‍ച്ചകള്‍ക്കപ്പുറം ഇതിലെ രാഷ്ട്രീയ സന്ദേശം വളരെ വ്യക്തമാണ്. 'ബിഗില്‍' എന്ന സിനിമയില്‍ 'സിംഗപ്പെണ്ണേ' എന്നത് ഒരു ഗാനമായിരുന്നുവെങ്കില്‍ ഭരണത്തില്‍, 'സിംഗപ്പെണ്‍' ഇപ്പോള്‍ ഒരു ഔദ്യോഗിക സ്ഥാപനമാണ്. പദ്ധതി അതിന്റെ വാഗ്ദാനങ്ങള്‍ എത്രത്തോളം നിറവേറ്റുമെന്ന് കണ്ടറിയേണ്ടതാണെങ്കിലും സിനിമയും രാഷ്ട്രീയവും എപ്പോഴും കൈകോര്‍ത്തു നടക്കുന്ന തമിഴ്നാട്ടില്‍, വെള്ളിത്തിരയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ വിജയ് മായ്ച്ചു കളഞ്ഞിരിക്കുകയാണ്.

English Summary: Seven years after portraying a football coach who inspired women to break social barriers in the blockbuster film Bigil, Tamil Nadu Chief Minister Vijay is bringing a similar message into governance. One of the first major initiatives announced by his government is the Singappenn Special Task Force, a dedicated unit aimed at strengthening the safety of women and children across the state.

Madism Digital
madismdigital.com