

ചെന്നൈ: 'ജനനായകൻ' റിലീസ് പ്രതിസന്ധി അവസാനിക്കുന്നു. നിർമാതാക്കൾ സെൻസർ ബോർഡിനെതിരെ നൽകിയ ഹർജി പിൻവലിക്കുന്നതിന് അനുമതി നൽകി മദ്രാസ് ഹൈക്കോടതി. നിയമനടപടികൾ അവസാനിക്കുന്നതോടെ റിവൈസിങ് കമ്മിറ്റിയുടെ തീരുമാനത്തിനാവും സിനിമ റിലീസ് ചെയ്യുക. സെൻസർ ബോർഡിന് മുന്നിലെത്തിയ 'ജനനായകൻ' കൂടുതൽ നിരീക്ഷണങ്ങൾക്കായി റിവൈസിങ് കമ്മറ്റിയിലേക്ക് വിട്ടതോടെയാണ് നിർമാതാക്കൾ സെൻസർ ബോർഡിനെതിരെ ഹർജി നൽകിയത്.
ഒൻപത് അംഗ റിവൈസിംഗ് കമ്മിറ്റി ചിത്രത്തിന് 'യു' സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി 27 കട്ടുകൾ നിർദ്ദേശിച്ചിരുന്നു. 2025 ഡിസംബർ 24ന് എഡിറ്റ് ചെയ്ത പതിപ്പ് സെൻസർ ബോർഡിന് നിർമാതാക്കൾ സമർപ്പിച്ചു. അതേസമയം, മോണിറ്ററിംഗ് കമ്മിറ്റിയിലെ അംഗം സിബിഎഫ്‌സിക്ക് പരാതി നൽകിയതോടെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിന് കാരണമായി. റിലീസിന് ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടത്. നിയമനടപടികളിലേക്ക് നീങ്ങിയ നിർമാതാക്കൾക്ക് ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നൽകി സിംഗിൾ ബെഞ്ച് ഉത്തരവ് ലഭിച്ചിരുന്നു. എന്നാൽ, ഉത്തരവിനെതിരെ സെൻസർ ബോർഡ് അപ്പീൽ നൽകിയതോടെ ചിത്രം വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു.
500 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ സാമ്പത്തിക നഷ്ടം നേരിടുന്നതായി നിർമാതാക്കൾ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. റിലീസ് വൈകിയതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. 2026 ജനുവരി 9 നാണ് ജന നായകൻ ആദ്യം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ. നാരായണ നിർമിക്കുന്ന ജനനായകൻ സംവിധാനം ചെയ്യുന്നത് എച്ച്. വിനോദാണ്. ബോബി ഡിയോൾ, പൂജ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
English Summary: The release hurdles of the film Jananayakan are nearing resolution after the Madras High Court allowed producers to withdraw their petition against the Censor Board, pending revising committee approval.