‘ജന നായകൻ’ വീണ്ടും പ്രതിസന്ധിയിൽ; റിവൈസിങ് കമ്മിറ്റി സ്ക്രീനിങ് മാറ്റിവെച്ചു

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടിയുടെ പശ്ചാത്തലത്തിൽ വോട്ടർമാരെ സ്വാധീനിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിനിമയുടെ പ്രദർശനം തടസപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു
‘ജന നായകൻ’ വീണ്ടും പ്രതിസന്ധിയിൽ; റിവൈസിങ് കമ്മിറ്റി സ്ക്രീനിങ് മാറ്റിവെച്ചു
Published on

സെൻസർ സർട്ടിഫിക്കേഷൻ പ്രശ്നങ്ങൾ കാരണം റിലീസ് പ്രതിസന്ധി നേരിടുന്ന വിജയ് ചിത്രം ‘ജന നായകൻ’ വീണ്ടും പ്രതിസന്ധിയിൽ. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ റിവൈസിങ് കമ്മിറ്റി സ്ക്രീനിങ് വൈകുന്നതാണ് പുതിയ തിരിച്ചടിക്ക് കാരണം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് റിവൈസിങ് കമ്മിറ്റി ചിത്രം കാണാനിരുന്നത്. എന്നാൽ കമ്മിറ്റി അംഗങ്ങളിൽ ഒരാൾക്ക് പെട്ടെന്ന് അസുഖം ബാധിച്ചതിനെ തുടർന്ന് അവസാന നിമിഷം സ്ക്രീനിങ് റദ്ദാക്കുകയായിരുന്നു. ഇനി എപ്പോഴാണ് സ്ക്രീനിങ് നടക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല.

സജീവ രാഷ്ട്രീയത്തിലേക്ക് കടന്ന വിജയിയുടെ അവസാന ചിത്രമായതിനാൽ ‘ജന നായകൻ’ ഏറെ ശ്രദ്ധ നേടുന്നുണ്ട്. അതുകൊണ്ടുതന്നെ സിനിമയുടെ റിലീസിനായി ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് മുമ്പ് അറിയിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡിന്റെ എക്സാമിനിങ് കമ്മിറ്റി അംഗം തന്നെ സിനിമയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയതോടെ റിലീസ് തടസപ്പെട്ടു. തുടർന്ന് നിയമനടപടികൾ സ്വീകരിച്ചെങ്കിലും വിധി വൈകിയതോടെ ഹർജി പിൻവലിച്ച് റിവൈസിങ് കമ്മിറ്റി വഴി സെൻസർ സർട്ടിഫിക്കറ്റ് നേടാനുള്ള ശ്രമത്തിലാണ് നിർമാതാക്കൾ.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് നിർമാതാക്കളുടെ ശ്രമം. മാർച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെടാൻ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടിയുടെ പശ്ചാത്തലത്തിൽ വോട്ടർമാരെ സ്വാധീനിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിനിമയുടെ പ്രദർശനം തടസപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇതുമുന്നിൽ കണ്ടാണ് നിർമാതാക്കൾ റിലീസ് നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുന്നത്.

English Summary: Jananayakan faces another delay as the censor revising committee screening was postponed due to a member’s sudden illness.

Related Stories

No stories found.
Madism Digital
madismdigital.com