ജയസൂര്യയുടെ ‘മായൻ ചാപ്റ്റർ 1’ ഡിസംബർ 3ന്; നിഗൂഢതകളുടെ ലോകവുമായി ചിത്രം

ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലറിൽ പൊലീസ് ഉദ്യോഗസ്ഥനായി ജയസൂര്യ; നൈല ഉഷ നായികയാകുന്ന ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 3ന്
ജയസൂര്യയുടെ ‘മായൻ ചാപ്റ്റർ 1’ ഡിസംബർ 3ന്; നിഗൂഢതകളുടെ ലോകവുമായി ചിത്രം
Published on: 

ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് ഒരുക്കുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ – ചാപ്റ്റർ 1’ ഡിസംബർ 3ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. നിഗൂഢമായ ആചാരങ്ങളും അന്വേഷണങ്ങളും രഹസ്യങ്ങളുടെ ചുരുളഴിയലും പ്രമേയമാകുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ ജെയ്സൺ വർഗീസിനെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ‘ബിയോണ്ട് ദ ഷാഡോസ്’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന സിനിമയുടെ ടീസറും ആദ്യ ഗാനമായ ‘കൊല്ലിപ്രാക്കും’ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിൽ പ്രധാനമായി കടന്നുവരുന്നത് കേരളത്തിൽ നിലനിന്നിരുന്നതായി പറയപ്പെടുന്ന ‘കറുത്തച്ചനൂട്ട്’ എന്ന ദുരൂഹ ആചാരമാണ്. ഇതുമായി ബന്ധപ്പെട്ട രഹസ്യങ്ങളിലേക്കുള്ള ഒരു പൊലീസ് അന്വേഷണത്തിലൂടെയാണ് സിനിമ മുന്നേറുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. സാധാരണ അന്വേഷണങ്ങളുടെ പരിധിക്കപ്പുറത്തേക്ക് നീളുന്ന സംഭവങ്ങളും നിഗൂഢമായ ആചാരങ്ങളും കഥയുടെ ഭാഗമാകുന്നുണ്ട്. കേരളത്തിന് പുറത്തേക്കും വ്യാപിക്കുന്ന രഹസ്യങ്ങളുടെ ലോകമാണ് സിനിമയുടെ പശ്ചാത്തലമെന്ന സൂചനകൾ ചിത്രത്തിന്റെ പ്രമേയത്തെ കൂടുതൽ കൗതുകകരമാക്കുന്നു.

ജയസൂര്യയുടെ ‘മായൻ ചാപ്റ്റർ 1’ ഡിസംബർ 3ന്; നിഗൂഢതകളുടെ ലോകവുമായി ചിത്രം
സെറ്റിൽ മാത്രമല്ല, ജീവിതത്തിലും ഞാൻ ഐഷുവായി; 'പ്രേംപാറ്റ' വിശേഷങ്ങളുമായി നയന എൽസ

‘കളങ്കാവൽ’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജിതിൻ കെ. ജോസിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ‘മായൻ – ചാപ്റ്റർ 1’. റാഫിയും ജിതിനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൈല ഉഷയാണ് ചിത്രത്തിലെ നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ റഷ്യയിലായിരുന്നു. പിന്നീട് വിവിധ ഘട്ടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കി സിനിമ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടന്നു.

ഫൈസൽ അലിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുജീബ് മജീദ് സംഗീതവും പ്രവീൺ പ്രഭാകർ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. സുനിൽ ദാസാണ് പ്രൊഡക്ഷൻ ഡിസൈനർ. ചിത്രത്തിലെ ആദ്യ ഗാനമായ ‘കൊല്ലിപ്രാക്ക്’ പരീക്ഷണാത്മകമായ സംഗീതാവിഷ്കാരത്തിലൂടെ ശ്രദ്ധ നേടിയിരുന്നു. രാജീവ് ഗോവിന്ദൻ വരികളെഴുതിയ ഗാനം ജോൺസ് റോയിയും എക്കോസ് ക്വയർ എൻസെംബിളും ചേർന്നാണ് ആലപിച്ചത്. സിനിമയുടെ സംഗീതാവകാശം സ്വന്തമാക്കിയിരിക്കുന്നത് അന്താരാഷ്ട്ര സംഗീത കമ്പനിയായ യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പാണ്. പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമ്പനി ഒരു മലയാള ചിത്രത്തിന്റെ സംഗീതാവകാശം ഏറ്റെടുക്കുന്നത് എന്ന പ്രത്യേകതയും ‘മായനുണ്ട്’.

ജയസൂര്യയുടെ ‘മായൻ ചാപ്റ്റർ 1’ ഡിസംബർ 3ന്; നിഗൂഢതകളുടെ ലോകവുമായി ചിത്രം
'ദി ലെജൻഡ് ഓഫ് സെൽഡ' ഒരുങ്ങുന്നു; ചിത്രീകരണം പൂർത്തിയാക്കി വെസ് ബോൾ ചിത്രം, 2027ൽ

ഇതിനിടെ ചിത്രത്തിന്റെ സെൻസറിങ് നടപടികളും പൂർത്തിയായി. 2 മണിക്കൂർ 18 മിനിറ്റ് ദൈർഘ്യമുള്ള സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമ്മിക്കുന്നത്. സെഞ്ച്വറി ഫിലിംസാണ് വിതരണം. നിഗൂഢതയും അന്വേഷണവും ചേർന്നൊരു വ്യത്യസ്ത സിനിമാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയോടെയാണ് ‘മായൻ – ചാപ്റ്റർ 1’ ഡിസംബർ 3ന് തിയേറ്ററുകളിലെത്തുന്നത്.

Summary

Jayasurya’s mystery thriller ‘Maayan – Chapter 1’, directed by Jithin K. Jose, is set for a worldwide theatrical release on December 3. Featuring Naila Usha, the film revolves around mysterious rituals, police investigations and hidden secrets. The film has received a U/A certificate with a runtime of 138 minutes.